Thu. Jan 23rd, 2025

ബെഗളൂരു:

ആരാധകരുടെ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കുംവിരാമമിട്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. തങ്ങളുടെ പുതിയ ലോഗോ ഇന്ന് ആര്‍സിബി പുറത്തുവിട്ടു.

മാര്‍ച്ച് 29ന് ആരംഭിക്കുന്ന  ഐപിഎല്‍ 13-ാം സീസണ് മുന്നോടിയായാണ് കോഹ്ലി നയിക്കുന്ന ആര്‍സിബി തങ്ങളുടെ പുതിയ ലോഗോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ‘പുതിയ പതിറ്റാണ്ട്, പുതിയ ആര്‍സിബി, പുതിയ ലോഗോ’ എന്നും ലോഗോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് രണ്ട് ദിവസം മുമ്പ് ആര്‍സിബി തങ്ങളുടെ ലോഗോയും, പോസ്റ്റുകളും, ചിത്രങ്ങളും നീക്കം ചെയ്തിരുന്നു. ആരാധകര്‍ ഇത് കണ്ട്  അമ്പരക്കുകയും ചെയ്തിരുന്നു.

ടീമിന്‍റെ പേരും, സ്പോണ്‍സര്‍മാരും മാറുകായണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. പോസ്റ്റുകളെല്ലാം നീക്കം ചെയ്തതായും താന്‍ ഒന്നും അറിഞ്ഞില്ലെന്നും കോഹ്ലി ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും സഹായം വേണമെങ്കില്‍ തന്നെ അറിയിക്കണമെന്നും കോഹ്ലി ട്വീറ്റ് ചെയ്തിരുന്നു. ഇതും ആരാധകര്‍ക്കിടയില്‍ സംശയങ്ങള്‍ ഉടലെടുക്കാന്‍ കാരണമായിരുന്നു.

ഇതിനെല്ലാം ആണ് ഇപ്പോള്‍ പുതിയ ലോഗോയിലൂടെ ഉത്തരം നല്‍കിയിരിക്കുന്നത്. കിരീടം വെച്ച സിംഹമാണ് പുതിയ ലോഗോയിലുള്ളത്. കരുത്തും, അതോടപ്പം ഒന്നിനെയും പേടിയില്ലയെന്നും തെളിയിക്കാനാണ് ടീം ഈ ചിഹ്നം തന്നെ ലോഗോയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്.

 

 

By Binsha Das

Digital Journalist at Woke Malayalam