Sat. Nov 23rd, 2024

ഇടപ്പള്ളി:

കാന്‍സര്‍ രോഗികള്‍ക്ക് വളരെ തുച്ഛമായ നിരക്കില്‍ മരുന്നുകള്‍ നല്‍കികൊണ്ട് മാതൃകയാവുകയാണ് പ്രാര്‍ത്ഥന കാന്‍സര്‍ കെയര്‍ മെഡിസിന്‍സ്. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപം ലോക അര്‍ബുദ ദിനമായ ഫെബ്രുവരി 4ന് ആരംഭിച്ച ഫാര്‍മസി നിരവധി സാധാരണക്കാരായ രോഗികള്‍ക്കാണ് സാന്ത്വനമാകുന്നത്. കോണ്‍ഫിഡന്‍റ് ഗ്രൂപ്പും ബട്ടര്‍ഫ്ലെെ കാന്‍സര്‍ കെയര്‍ ഫൗണ്ടേഷനും ചേര്‍ന്നാണ് ഫാര്‍മസി തുടങ്ങിയത്.

സാധാരണക്കാരായ രോഗികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ് കാന്‍സര്‍ മരുന്നുകളുടെ വില. കീമോ മരുന്നുകള്‍ രണ്ട് മൂന്ന് വര്‍ഷം തുടര്‍ച്ചയായി നല്‍കേണ്ട രോഗികളുണ്ട്. നിര്‍ധനനായ ഒരാള്‍ക്ക് കാന്‍സര്‍ വന്നാല്‍ ആ കുടംബം മുഴുവന്‍ സാമ്പത്തികമായി തകരും. ഇതിന് ഒരു പരിഹാരം എന്ന നിലയിലാണ് ഇത്തരമൊരു സംരംഭം തുടങ്ങിയതെന്ന് ബട്ടര്‍ഫ്ലെെ കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ പ്രസിഡന്‍റ്  ഡോ: മനിത പറഞ്ഞു.

കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫിന്‍റെ ഒരു സ്വപ്ന പദ്ധതിയായിരുന്നു ഇതെന്ന് മനിത വോക്ക് മലയാളത്തോട് വ്യക്തമാക്കി.

ഗുണനിലവാരമുള്ള അര്‍ബുദ മരുന്നുകള്‍ എല്ലാ ജനങ്ങളിലും ഒരുപോലെ കുറഞ്ഞ നിരക്കില്‍ എത്തിക്കുക എന്ന ഉദ്ദേശമാണ് ഇതിന് പിന്നിലെന്നും ഇവര്‍ പറയുന്നു.

വിദേശ വിപണിയില്‍ ലഭ്യമാകുന്നതുള്‍പ്പെടെ എല്ലാ തരം കാന്‍സര്‍ മരുന്നുകളും ഫാര്‍മസിയില്‍ നിന്ന് ലഭിക്കും. മരുന്നുകള്‍ നിര്‍മിക്കുന്ന കമ്പനികളില്‍ നിന്നും മൊത്ത വ്യാപാരികളില്‍ നിന്നും വിലക്കുറവില്‍ മരുന്നുകള്‍വാങ്ങി 60 മുതല്‍ 90 ശതമാനം വരെ വിലക്കിഴിവിലാണ് ഫാര്‍മസിയില്‍ നിന്ന് നല്‍കുന്നത്.

ദൂരസ്ഥലങ്ങളിലുള്ള രോഗികള്‍ക്ക് മരുന്ന് ബുക്ക് ചെയ്യാനായി വാട്സ് ആപ്പ് നമ്പര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. നമ്പര്‍ പരസ്യമാക്കിയതോടെ ഫോണ്‍ താഴെവെയ്ക്കാന്‍ സമയമില്ലെന്ന് മനിത പറയുന്നു. കേരളത്തിന് പുറത്ത് നിന്ന് പോലും മരുന്നിനായി വിളിക്കാറുണ്ടെന്ന് ഫാര്‍മസി ജീവനക്കാരും വ്യക്തമാക്കി.

മരുന്നുകളില്‍ പലതും സ്റ്റോക് ചെയ്ത് വെയ്കക്കാതെ ആവശ്യാനുസരണമാണ് എത്തിക്കുന്നത്. ഇങ്ങനെ രോഗികള്‍ ആവശ്യപ്പെടുന്ന മരുന്നുകള്‍ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ എത്തിക്കുമെന്ന് ഫാര്‍മസിസ്റ്റുകളായ ഷെെനയും ദീപകും പറയുന്നു.

ഫാര്‍മസിക്കാവശ്യമായ സാമ്പത്തികസഹായം നല്‍കുന്നത് കോണ്‍ഫിഡന്‍റ് ഗ്രൂപ്പാണ്. കാന്‍സര്‍ ബാധിതരായ കുട്ടികളെ സഹായിക്കാനായി 2014ല്‍ സ്ഥാപിതമായ ബട്ടര്‍ഫ്ലെെ കാന്‍സര്‍ കെയര്‍  ഫൗണ്ടേഷനാണ് നടത്തിപ്പ് ചുമതല.

ഒട്ടേറെ നിര്‍ധനരായ രോഗികള്‍ക്ക് സഹായമാകുന്ന ഫാര്‍മസിയുടെ മുന്നോട്ടുള്ള നടത്തിപ്പിന് സുമനസ്സുകളുടെ സഹായം അത്യന്താപേക്ഷിതമാണെന്ന് ഡോ മനിത പറയുന്നു.

പ്രാര്‍ത്ഥന കാന്‍സര്‍ കെയര്‍ ഫാര്‍മസിയില്‍ നിന്നും തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ പത്ത് മണി മുതല്‍ വെെകുന്നേരം ഏഴ് മണിവരെയാണ് മരുന്നുകള്‍ നല്‍കുന്നത്.

 

By Binsha Das

Digital Journalist at Woke Malayalam