Mon. Dec 23rd, 2024

എറണാകുളം:

കലയെ ഹൃദയത്തോട് ചേര്‍ത്ത് വെയ്ക്കുന്നവര്‍ക്ക് ചിത്രങ്ങള്‍ കൊണ്ട് വിസ്മ യമൊരുക്കി സന്ധ്യാംബിക. ഗ്രീന്‍ തോട്ട്സ് എന്ന പേരില്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ സന്ധ്യാംബിക പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ കാണാന്‍ നിരവധി ആസ്വാദകരാണ് എത്തുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തിലെ ചിത്രകലാ രംഗത്ത് സജീവമാണ് സന്ധ്യാംബിക. കഴിഞ്ഞ മൂന്ന്  കൊല്ലമായി സന്ധ്യാംബിക വരച്ച ചിത്രങ്ങളാണ് ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.

ദെെനംദിന ജീവിത പരിസരകാഴ്ചകളുടെ അനുഭവങ്ങളാണ് മിക്കവാറും ചിത്രങ്ങളില്‍ പ്രമേയമാക്കിയിരിക്കുന്നത്. ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ച 24 ചിത്രങ്ങളും പ്രകൃതിയുമായി ഇഴകിചേര്‍ന്നതാണ്.

താന്‍ കണ്ട ചിന്തകളും കാഴ്ചകളും സമന്വയിപ്പിച്ചപ്പോള്‍ അത് സുന്ദരമായ ചിത്രങ്ങളായി മാറുകയായിരുന്നുവെന്ന് സന്ധ്യംാബിക പറഞ്ഞു. ഒറ്റപ്പെടലിന്‍റെയും വീര്‍പ്പുമുട്ടലിന്‍റയും അസ്വസ്ഥകളില്‍ ഉഴലുന്ന മനുഷ്യരുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളും സന്ധ്യാംബികയുടെ ചിത്രങ്ങളില്‍ കാണാം.

രണ്ട് ഏകാംഘ ചിത്രപ്രദര്‍ശനവും, പതിനഞ്ചോളം ഗ്രൂപ്പ് ഷോകളും സന്ധ്യാംബിക ഒരുക്കിയിട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam