Wed. Jan 22nd, 2025
#ദിനസരികള്‍ 1032

 
വൈലോപ്പിള്ളിക്കവിതയിലേക്കുള്ള നല്ലൊരു വാതായനമാണ് ഡോ എസ് രാജശേഖരന്‍ എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ച വൈലോപ്പിള്ളിക്കവിതാ സമീക്ഷ എന്ന പുസ്തകം. മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ നിരൂപകര്‍ വൈലോപ്പിള്ളിയെ കണ്ടെത്തുന്ന വഴികളിലൂടെ സഞ്ചരിക്കാനും ബഹുമുഖമുള്ള അക്കവിതകളുടെ ബാഹ്യവും ആന്തരികവുമായ ബലാബലങ്ങളെ തിരിച്ചറിയാനും നമ്മെ ഈ പുസ്തകം പ്രാപ്തരാക്കുന്നു.

“വൈലോപ്പിള്ളിക്കവിതാ പഠനത്തില്‍ ഒരു പുതിയ ചക്രവാളം കുറിക്കാന്‍ കഴിയുന്ന കൃതിയാണ് വൈലോപ്പിള്ളിക്കവിതാ സമീക്ഷ. എന്നാല്‍ വൈലോപ്പിള്ളിക്കവിതകളുടെ ചരിത്രവും സ്വാധീനവും അദ്ദേഹത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ലെന്നതുകൊണ്ട് ഇത് ആധുനിക മലയാള കവിതയുടെ തന്നെ ആധികാരികമായ ഒരന്വേഷണമായി മാറുന്നു. മലയാള കവിത എങ്ങനെ വൈലോപ്പിള്ളിയിലെത്തി എന്നും അതിന് പഴയതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു മുഖം എങ്ങനെ വൈലോപ്പിള്ളിക്കവിത എന്നും കണ്ടെത്താന്‍ ഈ പഠന സമാഹാരം ഉതകുന്നതാണ്.” എന്ന് എഡിറ്റര്‍ സാക്ഷ്യപ്പെടുത്തുന്നു.

പോക ഭൌതിക തൃപ്തിതന്‍ മധ്യ
മേഖലയില്‍ മയങ്ങി മേവാതെ
പോരുമിത്തിരി മെയ്യിന് സര്‍വ്വം
പോര മാനുഷ സത്ത പുലര്‍ത്താന്‍ – എന്ന ദര്‍ശനത്തെ നെഞ്ചേറ്റി നില്ക്കുന്ന എന്നെഴുതിയ വൈലോപ്പിള്ളിയെ കണ്ടെത്താന്‍ പ്രൊഫസര്‍ എം എന്‍ വിജയനും അയ്യപ്പപ്പണിക്കരും എം ലീലാവതിയും കെ പി ശങ്കരനും എന്‍ വി കൃഷ്ണവാരിയരും എം തോമസ് മാത്യവും കുട്ടികൃഷ്ണമാരാരുമൊക്കെ അണി നിരക്കുന്നു.

സ്വാഭാവികമായും എന്റെ പക്ഷപാതിത്വം കുട്ടികൃഷ്ണമാരാരിലേക്ക് പോകുന്നു. കന്നിക്കൊയ്ത്തിന്റെ വിഖ്യാതമായ അവതാരികയാണ് എഡിറ്റര്‍ ഇവിടെ ചേര്‍ത്തിരിക്കുന്നത്. കല ജീവിതം തന്നെ എന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ച തലയെടുപ്പുള്ള നിരൂപകന്റെ അവതാരികയോടെ പുറത്തിറങ്ങിയതുകൊണ്ടുകൂടിയാണ് ഒരു പക്ഷേ കന്നിക്കൊയ്ത്തിന് അത്രമാത്രം പ്രസിദ്ധി പിടിച്ചു പറ്റാനായത് എന്നാരെങ്കിലും അടിവരയിട്ടാല്‍‌പ്പോലും അത് അതിശയോക്തിപരമാകില്ല. എന്തായാലും കന്നിക്കൊയ്ത്ത് കടന്നു ചെല്ലുന്ന ഭാവമേഖലകളെ കണ്ടെത്താനും കാണിച്ചു തരാനും മാരാര്‍ ശ്രദ്ധാലുവായിരുന്നുവെന്ന് നമുക്ക് ഉറപ്പിക്കാം.

കാമ്പിനെ കടഞ്ഞെടുക്കാന്‍ വിദഗ്ദ്ധനായ എന്‍ വിയാകട്ടെ കുടിയൊഴിക്കലിന്റെ അവതാരികയില്‍ കലാരഹസ്യം രേഖപ്പെടുത്തി വെയ്ക്കുന്നുണ്ട് :- “വിപ്ലവത്തിനു വേണ്ടിയുള്ള പ്രചാര വേല ലളിതമല്ല; വാസ്തവത്തില്‍ കല പ്രചാരവേലയല്ല; ശാസ്ത്രം പ്രചാരവേലയല്ലാത്തതുപോലെ. ഇതിന്നര്‍ത്ഥം അവയ്ക്ക് സാമൂഹ്യ കര്‍ത്തവ്യം ഇല്ലെന്നല്ല. നേരെ മറിച്ച് പ്രചാര വേലയെക്കാളേറെ മൌലികവും പ്രാഥമികവുമാണ് അവരുടെ കര്‍ത്തവ്യമെന്നത്രേ! അവ മനുഷ്യരുടെ മനോഘടന തന്നെ മാറ്റുന്നു.” മനോഘടന തന്നെ മാറ്റുന്നു! അതുതന്നെയല്ലേ കലയുടെ ആത്യന്തികമായ ലക്ഷ്യം?

വിപ്ലവം എന്നു കേള്‍ക്കുമ്പോള്‍ ചോരയൊഴുകുന്ന പുഴകളും ആയുധങ്ങള്‍ സംസാരിക്കുന്ന ഇടങ്ങളും മനസ്സിലേക്ക് കുതിച്ചെത്തുക ശീലമായിപ്പോയ നമുക്ക് മനസ്സിനെ മാറ്റുക എന്ന തലമാണ് സാഹിതിയുടെ ലക്ഷ്യം എന്ന് എന്‍ വി പറഞ്ഞു തരുന്നു. ആയുധം കൊണ്ടുള്ള മാറ്റം ഭയപ്പാടിന്റെ ഫലമാണെന്നും ആ ഭയമുണ്ടാക്കുന്ന സാഹചര്യം മാറിക്കഴിഞ്ഞാല്‍ അവ പഴയ തലത്തിലേക്കു തന്നെ തിരിച്ചു പോകുമെന്നും നമുക്കറിയാം. വിപ്ലവം നടന്നുവെന്ന് നാം കരുതിയ പല നാടുകളിലും അത്തരമൊരു താല്കാലികമായ മാറ്റമാണുണ്ടായത് എന്ന് ചരിത്രം രേഖപ്പെടുത്തുന്നു.

എന്നാല്‍ ആശയംകൊണ്ടുള്ള മാറ്റമാണ് വിപ്ലവം എന്ന പദത്തിന്റെ മുഴുവന്‍ മനോഹാരിതകളും പേറുന്നത് എന്ന കാര്യം വസ്തുതയാണ്. മാറ്റത്തിന്റെ സമസ്തഭാവങ്ങളേയും സ്വാംശീകരിച്ചു കൊണ്ട് ജനത സ്വയമേവ പുതിയ ചുവടുകള്‍ വെയ്ക്കുന്നു. അത്തരത്തിലുള്ള മാറ്റമാകട്ടെ ദീര്‍ഘകാലം നിലനില്ക്കുന്നതുമാകുന്നു. ആ മാറ്റത്തിലേക്ക് വൈലോപ്പിള്ളി നമ്മെ നയിക്കുന്നതെങ്ങനെ എന്നാണ് എന്‍ വി കണ്ടെത്താന്‍ ശ്രമിക്കുന്നത്.

വിശ്വസംസ്കാരപാലകരാകും
വിജ്ഞരേ യുഗം വെല്ലുവിളിപ്പൂ
ആകുമോ ഭവാന്മാര്‍ക്കു നികത്താന്‍
ലോകസാമൂഹ്യ ദുര്‍ന്നിയമങ്ങള്‍
സ്നേഹസുന്ദര പാതയിലൂടെ
വേഗമാകട്ടെ, വേഗമാകട്ടെ എന്നെഴുതിയ വൈലോപ്പിള്ളിയെ അടുത്തറിയാന്‍ ഈ സമീക്ഷ പര്യാപ്തമാകുമെന്നുതന്നെയാണ് എന്റെ അഭിപ്രായം.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രസാധകർ.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.