കളമശ്ശേരി:
കളമശ്ശേരി പുതിയ റോഡിലെ മുണ്ടപ്പാലം കടമ്പ്രയാര്‍ തോടിന്‍റെ പുറമ്പോക്ക് സ്ഥലം വ്യാപകമായി കെെയ്യേറുന്നത് തുടരുന്നു. 8 മീറ്റര്‍ വീതിയുള്ള തോട് സ്വകാര്യ വ്യക്തികള്‍ കെെയ്യേറിയത് മൂലം നാല് മീറ്ററായി കുറഞ്ഞിട്ടുണ്ട്.
തോടിന്‍റെ ഇരുവശങ്ങളിലുമുള്ള സ്ഥലം കെെയ്യേറി ഗോഡൗണുപോലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ പ്രളയകാലത്ത് വന്‍ തോതില്‍ വെള്ളക്കെട്ടുണ്ടായ പ്രദേശമാണ് പുതിയ റോഡ് കെെപ്പടമുകള്‍ പ്രദേശം. ഇവിടെയാണ് വെള്ളം ഒഴുകിപോകാനുള്ള തോടിന്‍റെ വീതി കെെയ്യേറ്റം കാരണം കുറയുന്നത്.
കെെയ്യേറ്റത്തിന് പുറമെ തോട് ശുചീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഇതുവരെ തുടങ്ങിയിട്ടില്ല. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ ഒക്കെ വന്നെങ്കിലും മുണ്ടപ്പാലം കടമ്പ്രയാര്‍ തോടില്‍ അതൊന്നും എത്തിയിട്ടില്ല.
തോടില്‍ ചെളി കെട്ടി നില്‍ക്കുന്നത് നാളുകളായി തുടരുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പല കമ്പനികളിലെയും ഓയില്‍ വേസ്റ്റ് തള്ളുന്നത് ഈ തോട്ടിലാണെന്ന് നാട്ടുകാരനായ അനൂപ് പറഞ്ഞു. അധികാരികള്‍ സ്ഥലത്തിന്‍റെ റീസര്‍വേ നടത്തി പുറമ്പോക്ക് സ്ഥലങ്ങള്‍ തരിച്ചുപിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.