Sun. Jan 19th, 2025

കലൂര്‍:

കരകൗശല തൊഴിലാളികളുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമിട്ട് കൊണ്ട് നടത്തുന്ന കരകൗശല പ്രദര്‍ശന മേള വിസ്മയമാകുന്നു. കേരള സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്‍റെ എറണാകുളം ശാഖയായ  കെെരളി, എറണാകുളം ദിവാന്‍സ് റോഡിലുള്ള വിമെന്‍സ് അസോസിയേഷന്‍ ഹാളിലാണ് കരകൗശല കെെത്തറി വിപണന മേള സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി ഒന്നിന് തുടങ്ങിയ മേള 12വരെ നീണ്ടുനില്‍ക്കും. എറണാകുളം എംഎല്‍എ ടിജെ വിനോദ്  ആണ് കെെരളി ക്രാഫ്റ്റ് ഫെയര്‍ ഉദ്ഘാടനം ചെയ്തത്.

പഴമയുടെ സൗന്ദര്യം വിളിച്ചോതി കൊണ്ടുള്ള മണ്‍പാത്രങ്ങളും ചിരട്ട കൊണ്ടുള്ള വിവിധ തരം ഉത്പന്നങ്ങളും മേളയില്‍ കാഴ്ചക്കാര്‍ക്ക് കൗതുകമാകുന്നുണ്ട്. കരകൗശല ഉത്പന്നങ്ങളായ ഈട്ടിത്തടിയിലെ ആനകള്‍, ഈട്ടിയിലും കുമ്പിള്‍തടിയിലും തീര്‍ത്ത വിവിധ തരം ശില്‍പങ്ങള്‍, പിച്ചളയിലും ഓടിലും ഉള്ള ഗൃഹാലങ്കാര വസ്തുക്കള്‍, അതിപുരാതന കാലം മുതലുള്ള നെട്ടൂര്‍പെട്ടി ലോക പെെതൃകപട്ടികയില്‍ സ്ഥാനം നേടിയ ആറന്മുള കണ്ണാടി തുടങ്ങി തനതായ കേരളീയ ഉത്പന്നങ്ങളും പ്രദര്‍ശനത്തിനുണ്ട്.

ഇന്ത്യയുടെ കരകൗശല മേഖലയിലെ വെെവിധ്യമാര്‍ന്ന ഉത്പന്നങ്ങളായ ശാന്തിനികേതന്‍ ബാഗുകള്‍, മധ്യപ്രദേശില്‍ നിന്നും ചന്ദേരി മഹേശ്വരി സാരികള്‍, മധുര സാരികള്‍, ഹെെദരാബാദ് സാരികള്‍,  ജൂട്ട്, കേരളത്തിലെ മണ്‍പാത്ര ഉത്പന്നങ്ങള്‍, മുത്ത്, പവിഴം, മരതകം മുതലായവയില്‍ തീര്‍ത്ത ആഭരണങ്ങള്‍, രാജസ്ഥാന്‍ ബെഡ്ഷീറ്റുകള്‍, കണ്ണൂര്‍ കെെത്തറി, മുള, ഈറ്റ ഉത്പന്നങ്ങള്‍, നവധാന്യ ഗണപതികള്‍, തുളസി മാലകള്‍,  ഖാദി ഷര്‍ട്ടുകള്‍ തുടങ്ങി ചാരുതയാര്‍ന്ന കരകൗശല കെെത്തറി വസ്തുക്കള്‍ ഒരുമിച്ച് കാണുവാനും സ്വന്തമാക്കാനുമുള്ള ഒരു അവസരം കൂടിയാണ് ഈ മേള സൃഷിടിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam