തൃക്കാക്കര:
അംഗനവാടിയില്‍ രക്ഷിതാക്കള്‍ കുട്ടികളെ കൊണ്ടുവിടാന്‍ വരുന്നത് പതിവാണ് അതില്‍ ആര്‍ക്കും അതിശയോക്തിയില്ല. പക്ഷേ കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും അംഗനവാടിയില്‍ പഠിക്കാന്‍ വരുന്നുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ഒരു അമ്പരപ്പൊക്കെ തോന്നാം. പെട്ടന്ന് വിശ്വസിക്കാനും കഴിയില്ല.
എന്നാല്‍, തൃക്കാക്കര കരിമക്കാട് അംഗനവാടി കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും നല്ല പാഠങ്ങള്‍ പകര്‍ന്നു നല്‍കി വ്യത്യസ്ഥമാകുകയാണ്. വിവാഹിതരും, ഗര്‍ഭിണികളും, കൗമാരക്കാരായ ആണ്‍കുട്ടികളും, പെണ്‍കുട്ടികളുമെല്ലാം ഇപ്പോള്‍ അംഗനവാടിയില്‍ പഠിക്കാനായി എത്തുന്നുണ്ട്. ശോഭിനി ടീച്ചറും ഹെല്‍പര്‍ സിനിയും എല്ലാ പരിപാടികളും നടത്താനായി മുന്‍നിരയില്‍ തന്നെയുണ്ട്.
ആറു മാസം മുതല്‍ മൂന്ന് വയസ്സുവരെയുള്ള കുട്ടികള്‍ക്കായി കുഞ്ഞൂണ്. ഗര്‍ഭിണികള്‍ക്കായി സീമന്ത സംഗമം, കൗമാരക്കാര്‍ക്കായി വര്‍ണ സംഗമം, കല്ല്യാണം കഴിഞ്ഞവര്‍ക്കായി ദമ്പതീ സംഗമം തുടങ്ങിയ പരിപാടികളാണ് അംഗനവാടിയില്‍ നടക്കുന്നത്.
ഈ വിവിധ പരിപാടികള്‍ നടത്തുന്നതിലൂടെ നവവധൂവരന്‍മാര്‍ക്കും ഗര്‍ഭിണികള്‍ക്കും കൗമാരക്കാര്‍ക്കുമെല്ലാം ഒന്നുകൂടി വിദ്യാര്‍ത്ഥികളായി അംഗനവാടി മുറ്റത്തേക്ക് എത്താന്‍ കഴിയും.
പരിസരപ്രദേശത്തുള്ള അമ്മമാരുടെ പിന്തുണയെ കുറിച്ച് പറയുമ്പോള്‍ ടീച്ചര്‍ക്കും ഹെല്‍പര്‍ക്കും നൂറ് നാവാണ്. എന്ത് പരിപാടിക്ക് വിളിച്ചാലും അമ്മമാര്‍ ഓടിവരുമെന്നും, കുഞ്ഞൂണ് എന്ന പരിപാടി അതിഗംഭീരമായി തന്നെ നടത്തിയെന്നും ഇരുവരും പറയുന്നു.