Wed. Jan 22nd, 2025
#ദിനസരികള്‍ 1025

 
തങ്ങളുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ അഭിപ്രായം പറയുന്നവരെ ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് ഇത്യാദികളെ മുന്‍നിറുത്തി നേരിടുമെന്ന് കേരളത്തിലെ ഒരു ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയിട്ട് അധികം നാളുകളായിട്ടില്ല. അത്തരത്തിലൊരു പ്രസ്താവന വ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയാക്കിയെങ്കിലും തിരുത്തുവാന്‍ അദ്ദേഹം തയ്യാറായിട്ടുമില്ല. ഭീഷണി സിനിമാരംഗത്തുള്ളവരെ മുന്‍നിറുത്തിയാണെങ്കിലും ഫലത്തില്‍ തങ്ങള്‍‌ക്കെതിരെ സംസാരിക്കുന്ന ആരേയും ഏതുവിധേനയും നിശബ്ദരാക്കുക എന്നുതന്നെയാണ് സംഘപരിവാരത്തിന്റെ ഉദ്ദേശമെന്ന് വ്യക്തം.

അത്തരത്തിലുള്ള ഒരു നീക്കത്തിന്റെ അവസാന ഇരയാണ് നടന്‍ വിജയ്. അദ്ദേഹത്തിന്റെ മാസ്റ്റര്‍ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തത്. വിജയിന്റെ വീടുകളിലും ഓഫീസുകളിലും സമാന്തരമായി റെയ്ഡുകള്‍ നടക്കുന്നു. കഴിഞ്ഞ പത്തിരുപത് മണിക്കൂര്‍ നേരമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു.

തന്റെ നിലപാട് സിനിമയിലൂടെ പറയുന്നതില്‍ വിജയ് തീര്‍ച്ചയും മൂര്‍ച്ചയും കാണിക്കുന്നുവെന്നത് ബിജെപിയെ ഇതിനുമുമ്പും അസ്വസ്ഥമാക്കിയിരുന്നു. അതുകൊണ്ടാണ് മെര്‍സല്‍ ഇറങ്ങിയ സമയത്ത് ജിഎസ്‌ടി സംബന്ധിച്ചുള്ള വിമര്‍ശനങ്ങളെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളില്‍ വിജയ് അത് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളുവെന്നും കാരണം അയാള്‍ ‘ജോസഫ്’ വിജയ് ആണെന്നും ബിജെപി നേതാവ് എച്ച് രാജ ആരോപിച്ചത്. വിജയ് കൃസ്ത്യാനിയായതുകൊണ്ടാണ് വിമര്‍ശനമുന്നയിക്കുന്നതെന്ന ആക്ഷേപം തമിഴകം കൈക്കൊണ്ടില്ലെങ്കിലും അന്നും ഐ ടി വകുപ്പിനെ ഉപയോഗിച്ച് വിജയിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമം ബിജെപിയുടെ ഭാഗത്തുനിന്നും നടന്നിരുന്നു. വിജയിന്റെ ഓഫീസുകളില്‍ മാത്രമല്ല, രാജക്കെതിരെ രംഗത്തു വന്ന വിശാലിനേയും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നു.

സിനിമാ ലോകത്തിന് വ്യക്തമായ സന്ദേശങ്ങള്‍ നല്കുന്ന നീക്കമായിരുന്നു അത്. ഏറെ ജനകീയമായ ഒരു മാധ്യമത്തിന് ഉണ്ടാക്കാന്‍ കഴിയുന്ന സ്വാധീനത്തെക്കുറിച്ച് സംഘപരിവാരത്തിന് ധാരണയില്ലാതെ വരില്ലല്ലോ. പ്രത്യേകിച്ച് തമിഴകത്തില്‍ നടിനടന്മാര്‍ക്കു ലഭിക്കുന്ന പദവി ആരേയും അത്ഭുതപ്പെടുത്തുന്നതുമാണ്. അതുകൊണ്ടുതന്നെ അത്തരമൊരു കലാരൂപത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞാലുണ്ടാകുന്ന സാധ്യതകള്‍ ബിജെപിയുടെ വായില്‍ വെള്ളം നിറയ്ക്കാതെ തരമില്ല.

അധികാരമുപയോഗിച്ച് ഏതു തരത്തിലുള്ള മൃഗീയതയും ആവിഷ്കരിക്കാന്‍ ബിജെപിയ്ക്ക് മടിയേതുമില്ലെന്നതിന്റെ അവസാന തെളിവൊന്നുമല്ല ഇത്. ഇന്ത്യയിലാകമാനം അത്തരത്തിലുള്ള ഇടപാടുകള്‍ക്ക് ധാരാളം ഉദാഹരണങ്ങളുമുണ്ട്. തമിഴ്‌നാട്ടില്‍ തന്നെ രജനികാന്തിനെതിരെ നിലനിന്നിരുന്ന കേസുകള്‍ പിന്‍വലിച്ച് കുറ്റവിമുക്തനാക്കിയതും നാം കണ്ടുവല്ലോ. കേന്ദ്രസര്‍ക്കാറിനെ തുടര്‍ച്ചയായി ന്യായികരിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന് ബിജെപി വകയായി ലഭിച്ച പ്രത്യേക സമ്മാനമാണ് ഇത്തരത്തിലുള്ള ഇളവുകളെന്ന് എടുത്തുപറയേണ്ടതില്ലല്ലോ.

കാര്യങ്ങള്‍ സുവ്യക്തമാണ്. അധികാരം അസാന്മാര്‍ഗികവും അധാര്‍മ്മികവുമായ എന്തു കാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാനും യാതൊരു മടിയുമില്ലാത്ത കേവലം തെമ്മാടിക്കൂട്ടങ്ങളായി അധപ്പതിച്ചിരിക്കുന്നു ഇന്ത്യയെ ഭരിക്കുന്നവരുടെ പാര്‍ട്ടിയെന്നതാണ് ആകെത്തുക. ജനങ്ങള്‍ കാണുമെന്നോ വിലയിരുത്തുമെന്നോ ഉള്ള യാതൊരു വിധത്തിലുള്ള അങ്കലാപ്പും ഇവര്‍ക്കില്ല. സഞ്ജീവ് ഭട്ടും വിജയിയുമൊക്കെ അത്തരത്തില്‍ കോര്‍ത്ത മാലയിലെ കണ്ണികള്‍ മാത്രമാണ്.

എന്താണ് പ്രതിവിധി എന്ന ചോദ്യത്തിന് ആ പഴയ ഒരുത്തരംമാത്രമേ എന്റെ കൈവശമുള്ളു: ജനത ഉണരണം, ഒന്നിക്കണം. ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. ബിജെപി യെ പൊതുശത്രുവായി കണക്കാക്കി പരാജയപ്പെടുത്തേണ്ട ഒരു സുപ്രധാനമായ ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ആ സാഹചര്യം മനസ്സിലാക്കാതെ ഡല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിച്ച് ദുര്‍ബലപ്പെടുത്തുന്ന പ്രതിപക്ഷ കക്ഷികളെ നാം കാണുന്നു.

അതാണ് നാമിനിയും അനുവര്‍‌ത്തിക്കാന്‍ പോകുന്ന മാതൃകയെങ്കില്‍ പണ്ട് കുഞ്ഞുണ്ണി മാഷിനെപ്പോലെ ഇങ്കു ലാബിലും, ഇന്ത്യ തോട്ടിലും എന്നു പാടി കാലുകള്‍ക്കിടയില്‍ കൈകളും തിരുകി ചുരുണ്ടു കൂടുക, നമുക്ക് ഇത്രയൊക്കെയേ കഴിയുകയുള്ളു എന്നും കരുതുക.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.