ന്യൂഡൽഹി:
വ്യക്തികളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വ്യാജവാര്‍ത്തകളും സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള അശ്ലീലദൃശ്യ പ്രചാരണവും തടയാന്‍ നടപടിയെടുത്തെന്ന് കേന്ദ്ര ഐ ടി മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് വ്യാപകമായിട്ടുണ്ട്. ഇതുതടയാന്‍ നടപടിയെടുത്തു. സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ പദ്ധതി നിര്‍ദേശമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹികമാധ്യമങ്ങളെക്കുറിച്ച് പ്രത്യേക ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.