എറണാകുളം:
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍റെ പരിസരത്ത് ഇരുചക്ര വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് മൂലം പൊറുതിമുട്ടി നാട്ടുകാരും മറ്റ് വണ്ടി യാത്രക്കാരും. റെയില്‍വേ സ്റ്റേഷന്‍റെ ആറാം പ്ലാറ്റ് ഫോമിലേക്കുള്ള പ്രവേശനകവാടത്തിന് സമീപമാണ് റോഡിന് ഇരുവശത്തുമായി ബെെക്കുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്.
റെയില്‍വേ സ്റ്റേഷന്‍റെ കോംബൗണ്ടിന് അകത്ത് തന്നെ ജിസിഡിഎയുടെ പാര്‍ക്കിങ് സ്ഥലം ഉള്ളപ്പോഴാണ് ഇരുചക്ര വാഹനങ്ങളുടെ ഇത്തരത്തിലുള്ള അനധികൃത പാര്‍ക്കിങ്.
പെെസയടച്ച് പാര്‍ക്കിങ് ഏരിയ ഉപയോഗിക്കാതെ ചെറിയ റോഡിന് ഇരുവശത്തുമായി വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നത് പത്ത് വര്‍ഷത്തിലധികമായി തുടരുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
എന്നാല്‍, ബന്ധപ്പെട്ടവര്‍ ഇതിനെതിരെ ഒരു നടപടിയും ഇന്നുവരെ സ്വീകരിച്ചിട്ടില്ലെന്നും എല്ലാം വാര്‍ത്തകളില്‍ മാത്രം ഒതുങ്ങി പോകുകയാണെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
വഴിയരികിലെ ഈ പാര്‍ക്കിങ് കാരണം ഒരേസമയം രണ്ട് വണ്ടികള്‍ക്ക് കടന്നുപോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. പ്രീപെയ്ഡ് ഓട്ടോകള്‍ മാത്രം പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം ഒഴിച്ചിട്ടാണ് ഇവിടെ ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതെന്ന് ഓട്ടോഡ്രെെവര്‍മാരും പറയുന്നു.
അനധികൃതമായി പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്ന് പൊലീസ് പിഴയീടാക്കാറുണ്ടെങ്കിലും അത് പേരിന് മാത്രം ഒതുങ്ങി പോകുകയാണെന്നും ആക്ഷേപം ഉണ്ട്.