Sun. Nov 17th, 2024
ന്യൂ ഡല്‍ഹി:

2020 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിമര്‍ശനാത്മകമായ കാര്‍ട്ടൂണ്‍ പങ്കുവച്ചാണ് യെച്ചൂരി പ്രതികരിച്ചത്. പൊള്ളയായ കുറേ മുദ്രാവാക്യങ്ങള്‍ മാത്രമാണ് ബജറ്റ് എന്നും, ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാന്‍ തക്ക പദ്ധതികളൊന്നും ബജറ്റിലില്ലെന്നും യെച്ചൂരി പറയുന്നു.

നോട്ടു നിരോധനവും, ജിഎസ്ടിയും, ഇക്കോണമിക്കു നേരെ ആയുധമേന്തി നില്‍ക്കുന്നതായാണ് കാര്‍ട്ടൂണില്‍ കാണിച്ചിരിക്കുന്നത്. ഇതിനു സമീപത്ത് പോലീസ് വേഷത്തില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന പ്രധാനമന്ത്രി ആസ്വദിച്ചു നില്‍ക്കുന്നതായും, ആഭ്യന്തര മന്ത്രി അമിത് ഷാ രംഗം ഫോണില്‍ പകര്‍ത്തുന്നതായും ചിത്രീകരിച്ചിട്ടുണ്ട്.

ജനങ്ങള്‍ തൊഴിലില്ലായ്മ, കര്‍ഷക ആത്മഹത്യ, സാമ്പത്തിക മാന്ദ്യം, ഗ്രാമങ്ങളിലെ കൂലിയില്ലായ്മ എന്നിവയ്ക്ക് നടുക്കാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ധനമന്ത്രി മണിക്കൂറുകള്‍ നിന്ന് പ്രസംഗിച്ചെങ്കിലും കാര്യമൊന്നുമില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.

By Arya MR