Thu. Dec 19th, 2024
ദില്ലി:

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷത്തെ പോലെ തന്നെ  ‘ബഹി ഖാത’ എന്ന ചുവന്ന പട്ടിൽ പൊതിഞ്ഞാണ് ഇന്ത്യയുടെ ആദ്യ മുഴുവൻ സമയ വനിതാ ധനമന്ത്രി കേന്ദ്ര ബജറ്റുമായി പാർലമെന്റിൽ എത്തിയത്. കൃത്യം 10 .15 ന് ആരംഭിച്ച പാർലമെന്ററി യോഗം ബജറ്റ് അംഗീകരിച്ചതോടെ 11 മണിക്ക് തന്നെ നിർമല സീതാരാമൻ ബജറ്റ് അവതരണം ആരംഭിച്ചു. നരേന്ദ്ര മോദി സർക്കാരിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഇല്ലെന്ന് തന്നെ ആവർത്തിച്ച നിർമല സീതാരാമൻ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ ശക്തമാണെന്നും വിദേശ നിക്ഷേപം കഴിഞ്ഞ അഞ്ച് വർഷത്തിൽ ഗണ്യമായി വർധിച്ചുവെന്നും മോദി സർക്കാരിന്  സാമ്പത്തിക മേഖലയിൽ ജനവിശ്വാസം നേടാൻ സാധിച്ചുവെന്നും അഭിപ്രായപ്പെട്ടു.  

ജനങളുടെ ജീവിതനിലവാരം ഉയർത്തുകയാണ് ഈ ബജറ്റ് പ്രധാനമായും ലക്‌ഷ്യം വെയ്ക്കുന്നതെന്ന് ആദ്യം തന്നെ ധനമന്ത്രി ആമുഖമായി പറഞ്ഞിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായി 100 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചു. ആദായ നികുതി  നിരക്കുകളിൽ വൻ ഇളവ് പ്രഖ്യാപിച്ചത് തന്നെയായിരുന്നു ഈ ബജറ്റിലെ പ്രധാന സവിശേഷത. അഞ്ച് ലക്ഷം വരെ പ്രതിവർഷം വരുമാനമുള്ളവർക്ക് നികുതി അടയ്‌ക്കേണ്ടതില്ല, അഞ്ച് മുതൽ ഏഴര ലക്ഷം വരെ വരുമാനമുള്ളവർക്ക് പത്ത് ശതമാനം നികുതിയും ഏഴര ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനമുള്ളവർക്ക് 15 ശതമാനവും 10 മുതൽ 12. 5 ലക്ഷം വരെ വരുമാനമുള്ളവർക്ക് 20 ശതമാനവും, 12.5 -15 ലക്ഷം വരെ വരുമാനമുള്ളവർക്ക്  25ശതമാനവും 15 ലക്ഷത്തിന് മുകളിൽവരുമാനം ഉള്ളവർക്ക് 30 ശതമാനവുമാണ് നികുതി. കഴിഞ്ഞ ബജറ്റിൽ അഞ്ച് ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതി ഇല്ലായിരുന്നെങ്കിലും, 10 ലക്ഷത്തിന് മുകളിലുള്ള എല്ലാവർക്കും 15 ശതമാനമായിരുന്ന നികുതി. ആ പശ്ചാത്തലത്തിൽ ഇപ്പോൾ നൽകിയിരിക്കുന്ന ഇളവിലൂടെ 15 ലക്ഷം വരുമാനമുള്ളവർക്ക് 78000 രൂപയുടെ കുറവാണ് ലഭിക്കുക. എന്നാൽ ഈ നികുതി ഇളവ് നടപ്പാക്കുന്നതിലൂടെ കേന്ദ്ര സർക്കാരിന് 40000 കോടിയുടെ നഷ്ടമാണ് ഉണ്ടാവുക. 

കാർഷിക മേഖലയുടെ പുനർജ്ജീവനത്തിനായി 16 കർമ്മപദ്ധതികളാണ് ഈ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുപത് ലക്ഷം കർഷകർക്ക് സൗരോർജ്ജ പമ്പുകൾ, തരിശുഭൂമിയുള്ളവർക്ക്സോളാർ  പാനലുകൾ, കാർഷിക ചരക്ക് കൈമാറ്റത്തിന് ട്രെയിനുകൾ, ജലക്ഷാമം നേരിടുന്ന നൂറ് ജില്ലകൾക്ക് സഹായം, 

കൃഷി ഉത്പന്നങ്ങൾ‌ക്കായി കൃഷി ഉഡാൻ, കർഷകർക്കായി കിസാൻ ക്രെഡിറ്റ് കാർഡ്, എന്നിവയാണ് കൃഷി മേഖലയ്ക്കായി ഇത്തവണ രൂപപ്പെടുത്തിയ നിരവധി പദ്ധതികളിലെ പ്രധാന ആകർഷണങ്ങൾ.

വനിതാ ക്ഷേമ പദ്ധതികൾക്കായി 28,600 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കൂടാതെ പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് ആലോചിക്കാനായി പ്രത്യേക സമിതിയെയും രൂപീകരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിന് അമ്പത്തി മൂവായിരത്തി എഴുനൂറ് കോടി രൂപ നീക്കിവെച്ചു.

ആരോഗ്യ മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകികൊണ്ടുള്ള ബജറ്റായിരുന്നു നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ചത്. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് 69,000 കോടി രൂപ പ്രഖ്യാപിച്ചു. ആരോഗ്യമേഖലയിൽ കൂടുതൽ പൊതുപങ്കാളിത്തം ഉറപ്പാക്കുമെന്നും മെഡിക്കൽ കോളേജുകളെയും ജില്ലാ ആശുപത്രികളെയും ബന്ധിപ്പിക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. മിഷൻ ഇന്ദ്രധനുഷിൽ ജീവിതശൈലി രോഗങ്ങൾ ഉൾപ്പെടെ പുതിയ പന്ത്രണ്ട് രോഗങ്ങളെ ഉൾപ്പെടുത്തി. കൂടാതെ 112 ജില്ലകളിൽ ആയുഷ് ആശുപത്രികളും എല്ലാ ജില്ലകളിലും ജൻ ഔഷധി സ്റ്റോറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 

വ്യവസായ മേഖല വളർത്താൻ 27, 300 കോടി  രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചെറുകിട സംരംഭകരെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സർക്കാർ കൈക്കൊള്ളുമെന്ന് നിർമല  സീതാരാമൻ പറഞ്ഞു. എല്ലാ ജില്ലകളിലും എക്സ്പോർട്ട് ഹബ്ബുകൾ സ്ഥാപിക്കുമെന്നും ഒപ്പം പൊതുസ്വകാര്യ പങ്കാളിത്വത്തോടെ പുതിയ അഞ്ച് സ്മാർട്ട് സിറ്റികൾ നിർമ്മിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ടായി. മൊബൈൽ ഫോൺ നിർമ്മാണത്തിന് രാജ്യം കൂടുതൽ ഊന്നൽ നൽകുമെന്നും ധനമന്ത്രി പറഞ്ഞു. കൂടാതെ കമ്പനികളുടെ ഡിവിഡന്റ് ഡിസ്ട്രിബ്യുഷൻ ടാക്സ് പിൻവലിച്ചു. അതേസമയം, എൽഐസിയെ സ്വകാര്യവത്ക്കരിക്കുമെന്നും എൽഐസിയിലെ ഒരു വിഭാഗം സർക്കാർ ഓഹരികളും ഐഡിബിഐ ബാങ്കിന്റെ ഓഹരികളും വിറ്റഴിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ടായി. 

പുതിയ വിദ്യാഭ്യാസ നയം ഉടൻ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ.  വിദ്യാഭ്യാസ മേഖലയ്ക്കായി 99,300 കോടി നീക്കി. കൂടുതൽ തൊഴിൽ അധിഷ്ഠിത കോഴ്‌സുകൾ തുടങ്ങുമെന്നും എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് പഞ്ചായത്തുകളിൽ ഇന്റേൺഷിപ്പിനുള്ള അവസരമൊരുക്കുമെന്നും ‘സ്റ്റഡി ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ വിദേശ നിക്ഷേപം കൊണ്ടുവരുമെന്നും ധനമന്ത്രി പറഞ്ഞു. 

2024 ഓടെ രാജ്യത്ത് പുതിയ 100 വിമാനത്താവളങ്ങൾ നിർമ്മിക്കും എന്നതാണ് ഗതാഗതമേഖലയിലെ ഒരു സുപ്രധാന പ്രഖ്യാപനം.ഗതാഗത മേഖലയ്ക്ക് 1 . 74 ലക്ഷം കോടി നീക്കിവെച്ചുകൊണ്ട് 2024 നു മുൻപ് 6000 കിലോമീറ്റർ ദേശീയ പാത നിർമ്മാണം പൂർത്തിയാക്കുമെന്നും 150 പുതിയ ട്രെയിനുകൾ ഇറക്കുമെന്നും പ്രഖ്യാപിച്ചു.

2020 ബജറ്റിലെ ഒരു സുപ്രധാന പ്രഖ്യാപനമായിരുന്നു  ‘ഭാരത് നെറ്റ്’ എന്ന പദ്ധതിയിലൂടെ  രാജ്യത്തെ ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് കൊണ്ട് ഒപ്ടിക്കൽ ഫൈബർ ശൃംഖല കൊണ്ട് ബന്ധിപ്പിക്കുമെന്നത്. 6000 കോടി രൂപയാണ്  ഭാരത് നെറ്റിനായി ബജറ്റിൽ നീക്കി വച്ചിരിക്കുന്നത്. പഞ്ചായത്ത് തലത്തിലുള്ള എല്ലാ പൊതുസ്ഥാപനങ്ങളെയും ഭാരത് നെറ്റിലൂടെ ബാധിപ്പിക്കുമെന്നതാണ് പ്രഖ്യാപനം. ഇതിന്റെ ഭാഗമായി രാജ്യത്ത് ഡേറ്റ സെന്റർ പാർക്കുകൾക്ക് അനുമതി നൽകും. നാഷണൽ മിഷൻ ഫോർ ക്വാന്റാണ് ടെക്നോളോജിയ്ക്ക് 8000 കോടിയുടെ ഫണ്ട് വകയിരുത്തി. 

By Arya MR