Sun. Dec 22nd, 2024
കൊൽക്കത്ത:

 
ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ നയത്തെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷനേതാക്കളെ രാജ്യദ്രോഹികളെന്നും, അവരെ പിന്താങ്ങുന്നവരെ തീവ്രവാദികളെന്നും മുദ്രകുത്തുന്ന മോദിയേയും അമിത്ഷായെയും വിമർശിച്ച് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

“പ്രതിപക്ഷ  നേതാക്കളെക്കുറിച്ച് മോദിയും ഷായും നടത്തിയ പരാമർശങ്ങൾ നിന്ദ്യവും അവഹേളനപരവുമാണ്. രാഷ്ട്രീയ എതിരാളികൾക്കെതിരെ ഇത്തരത്തിലുള്ള ആക്രമണങ്ങൾ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല,” യെച്ചൂരി പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ചാൽ പ്രതിപക്ഷ നേതാക്കളെ രാജ്യദ്രോഹികളെന്നും പിന്തുണയ്ക്കുന്നവരെ തീവ്രവാദികളെന്നും മുദ്രകുത്തുന്നതാണ് ഭരണപക്ഷത്തിന്റെ ഇപ്പോഴത്തെ പ്രവണതയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തെ പ്രതിസന്ധിയിലാക്കിയ മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെയും യെച്ചൂരി ആഞ്ഞടിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ‌ഡി‌എ സർക്കാരിന്റെ തെറ്റായ നയങ്ങൾ രാജ്യത്തിന്റെ ഭരണഘടനയെയും മതേതര വസ്തുതകളെയും  നശിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ പരിശോധനകൾക്ക് യാതൊരു സാധ്യതയും നൽകാതെ പാർലമെന്റിൽ ബിൽ പാസാക്കുകയും, ഭേദഗതി ചെയ്യുകയും ചെയ്യുന്ന മോദി സർക്കാരിന്റെ രീതിയെക്കുറിച്ചും യെച്ചൂരി പരാമർശിച്ചു.