Mon. Dec 23rd, 2024
ധർമ്മസ്ഥല:

 

ഈയടുത്തു നടത്തിയ സ്ത്രീവിരുദ്ധവും മത വിരുദ്ധവുമായ പരാമർശങ്ങളിൽ കുടുങ്ങി ആത്മീയാചാര്യനും നോബൽ സമ്മാന ജേതാവുമായ ദലൈ ലാമ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന് ധാർമിക മൂല്യങ്ങൾ ഇല്ലായെന്നും യൂറോപ്പിലെ മുസ്‌ലിം കുടിയേറ്റം പ്രതിരോധിക്കണമെന്നും തന്റെ പുനർജന്മത്തിൽ സ്ത്രീയായിരിക്കാ‍നാണ് ആഗ്രഹമെന്നും, സുന്ദരിയായിരിക്കണമെന്നും ആകര്ഷണതയുണ്ടാവണമെന്നും അദ്ദേഹം ഈയിടെ പറയുകയുണ്ടായി. ബി.ബി.സിക്കനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ പറഞ്ഞത്.

ട്രംപ് ഉപയോഗിക്കുന്ന അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യം തെറ്റാണെന്നും, അന്താരാഷ്ട്ര പ്രശ്നങ്ങളുടെയെല്ലാം ഉത്തരവാദിത്വം അമേരിക്ക ഏറ്റെടുക്കണമെന്നും ലാമ അഭിപ്രായപ്പെട്ടു. ട്രംപിന്റെ വികാരങ്ങൾ അല്പം സങ്കീർണ്ണമാണെന്നും ഇന്നു പറയുന്നതല്ല പിറ്റേദിവസം അദ്ദേഹം പറയുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യൂറോപ്പിലേക്കുള്ള ആഫ്രിക്കൻ വംശജരുടെ കുടിയേറ്റം സംബന്ധമായ ചോദ്യത്തിന്, യൂറോപ്പ്യൻ രാജ്യങ്ങൾ അവരെ ഏറ്റെടുക്കണമെന്നും അവർക്കാവശ്യമായ വിദ്യാഭ്യാസവും തൊഴിലും മറ്റു സൗകര്യങ്ങളും പ്രദാനം ചെയ്യണമെന്നും എന്നാൽ കുടിയേറ്റക്കാർ അവരവരുടെ സ്വന്തം രാജ്യത്തേക്കു തന്നെ തിരികെ പോകണമെന്നും സ്ഥിര താമസക്കാർക്കുള്ള സൗകര്യം വളരെ ചുരുങ്ങിയ ആളുകൾക്കു മാത്രമായി പരിമിതപ്പെടുത്തണമെന്നും ലാമ പറഞ്ഞു. യൂറോപ്പ് ഒരു മുസ്ലിം അല്ലെങ്കിൽ ആഫ്രിക്കൻ വംശജരുടെ ഭൂഖണ്ഡമായി മാറുന്നത് അസാധ്യമാണെന്നും യൂറോപ്പ്, യൂറോപ്യൻ ആളുകൾക്കു മാത്രമായി പരിമിതപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദലൈ ലാമയുടെ പിന്തുടർച്ചാവകാശിയെ സംബന്ധിച്ച ചോദ്യത്തിന് പറഞ്ഞ മറുപടി അങ്ങേയറ്റം സ്ത്രീ വിരുദ്ധമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും വിമർശകരുടെയും പക്ഷം. ഇനി വരുന്ന നേതാവ് അതീവ സുന്ദരിയാവണം എന്നും ആകർഷണീയതയുണ്ടാവണമെന്നുമാണ് ദലൈ ലാമയുടെ പക്ഷം.

സമാധാനത്തിനുള്ള നോബൽ സമ്മാനം വരെ നേടിയ ലോകം മുഴുവൻ അനുയായികളുള്ള ആത്മീയാചാര്യനായ ദലൈലാമയുടെ ഇത്തരം വാക്കുകൾ ലോകമെങ്ങും വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *