കണ്ണൂർ :
കണ്ണൂർ സി.പി.എമ്മിലെ ഏറ്റവും ജനകീയനും, സി.പി.എം സംസ്ഥാന സമിതി അംഗവുമായ പി.ജയരാജനെ പ്രകീർത്തിച്ച് വീണ്ടും ഫ്ലക്സ് ബോർഡ്. പാർട്ടി ശക്തികേന്ദ്രമായ കണ്ണൂർ മാന്ധംകുന്നിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. റെഡ് ആർമി എന്ന പേരിലാണ് ബോർഡ് വച്ചിട്ടുള്ളത്. ജില്ലാ കമ്മിറ്റി ഇന്ന് ചേരാനിരിക്കെയാണ് കണ്ണൂർ തളിപ്പറമ്പിലെ മാന്ധംകുണ്ട് എന്ന സ്ഥലത്ത് ബോർഡ് വച്ചത്.
“ഈ ഇടങ്കയ്യനാല്‍ ചുവന്ന കാവിക്കോട്ടകളും പച്ചക്കോട്ടകളും ഒരുപാടുണ്ട് ഇങ്ങ് കണ്ണൂരില്‍. വാക്കുകൊണ്ടോ കവിത കൊണ്ടോ പ്രകീര്‍ത്തിച്ച് തീര്‍ക്കാവുന്ന ഒന്നല്ല ഞങ്ങള്‍ക്ക് ജയരാജേട്ടന് സഖാവ് പി.ജെ.’ എന്നാണ് ബോർഡില്‍ കുറിച്ചിരിക്കുന്നത്. “യുവത്വമാണ് നാടിന്റെ സ്വപ്നവും പ്രതീക്ഷയും, നിങ്ങള്‍ തളര്‍ന്നു പോയാല്‍ ഇവിടെ സാമൂഹ്യ വിരുദ്ധര്‍ തഴച്ചു വളരും. എല്ലാ കെടുതികള്‍ക്കും മീതെ നാടിന്റെ വിളക്കായ് എന്നും സൂര്യശോഭ പോലെ ജ്വലിച്ചു നില്‍ക്കാനാവണം’ എന്നും ഫ്ലക്സിൽ പറയുന്നുണ്ട്.
സാജൻ പറയിലിന്റെ ആത്മഹത്യയിൽ നഗരസഭാധ്യക്ഷ എന്ന നിലയിൽ ശ്യാമളയ്ക്കു വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അത് അവർ ഉൾക്കൊള്ളുകയാണു വേണ്ടതെന്നുമാണു ജയരാജൻ ഒരു വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടതു സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ശ്യാമളക്കു വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സംസ്ഥാന സമിതിയിൽ കോടിയേരി ബാലകൃഷ്ണൻ പാർട്ടിയുടെ അഭിപ്രായമായി പറഞ്ഞതിന് കടകവിരുദ്ധമായാണ് ജയരാജന്റെ ഈ പ്രസ്താവന. ഇതോടെ ജയരാജൻ ഒരു തുറന്ന പോരിന് തയ്യാറെടുക്കുന്നു എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്.