Mon. Dec 23rd, 2024
ന്യൂഡൽഹി:

വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന പത്രങ്ങൾക്ക് പരസ്യങ്ങള്‍ നിഷേധിക്കുന്ന മോദി സർക്കാരിന്റെ പ്രതികാര നടപടികൾ വിവാദമാകുന്നു. ഇഷ്ടമില്ലാത്ത വാർത്തകൾ പ്രസിദ്ധീകരിച്ചതിന് അഞ്ചുപത്രങ്ങൾക്ക് പരസ്യം നൽകുന്നത് കേന്ദ്ര സർക്കാർ നിർത്തി വച്ചു. ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ്, ദി ഹിന്ദു, ദി ടെലിഗ്രാഫ്, ആനന്ദ ബസാർ പത്രിക എന്നീ പത്രങ്ങൾക്കാണ് സർക്കാരിനെയും മോദിയെയും വിമർശിക്കുന്നതിന്റെ പേരിൽ സർക്കാർ പരസ്യങ്ങൾ നൽകുന്നത് നിർത്തിവെച്ചിരിക്കുന്നത്.

ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് ഈ വിഷയം ഉന്നയിച്ചത്. പത്രസ്വാതന്ത്ര്യം അടിച്ചമർത്തുന്ന തികച്ചും ജനാധിപത്യ വിരുദ്ധമായ ശൈലിയാണ് മോദി സർക്കാർ പിന്തുടരുന്നതെന്നായിരുന്നു അധിറിന്റെ ആരോപണം. സർക്കാർ വിരുദ്ധ വാർത്തകൾ നൽകിയതിന് ഹിന്ദുവിനും ടൈംസ് ഓഫ് ഇന്ത്യക്കും മറ്റും, പരസ്യം നൽകരുതെന്ന് നോഡൽ ഏജൻസിയായ അഡ്വർട്ടൈസിങ് ആൻഡ് വിഷ്വൽ പബ്ലിസിറ്റി ഡയറക്ടേറ്റിന് കേന്ദ്രം നിർദ്ദേശം നൽകിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

എ.ബി.പി ഗ്രൂപ്പിന് കീഴില്‍ വരുന്ന ടെലിഗ്രാഫിന് ഒരു വര്‍ഷത്തിലേറെയായി കേന്ദ്രം പരസ്യം നല്‍കുന്നില്ല. മോദിയെ സ്ഥിരമായി ട്രോളുന്നതിൽ മുൻപന്തിയിലാണ് ടെലിഗ്രാഫ്.

റഫേല്‍ വിമാന ഇടപാടിലെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ‘ദി ഹിന്ദു’ വിന് വിലക്കുവന്നത്. റഫാൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട എൻ.റാമിന്റെ വെളിപ്പെടുത്തലുകൾ മോദി സർക്കാരിനെ സുപ്രീം കോടതിയിൽ പ്രതിരോധത്തിലാക്കിയിരുന്നു. മാർച്ച് മുതലേ ഹിന്ദുവിന് പരസ്യം കിട്ടുന്നില്ല.

ദ ഹിന്ദു പബ്ലിഷിങ് ഗ്രൂപ്പിന്റെ ചെയർമാനും മാധ്യമപ്രവർത്തകനുമായ എൻ റാമിന്റെ റിപ്പോർട്ടുകളാണ് റഫാൽ വിമാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന കരാർ 1,963 കോടി രൂപയോളം അധിക ചെലവ് വരുന്നതാണെന്ന് വ്യക്തമാക്കിയത്. പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള രഹസ്യരേഖകൾ മോഷ്ടിച്ചുവെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരം ദി ഹിന്ദുവും മറ്റു മാധ്യമങ്ങളും ചെയ്തത് കുറ്റകൃത്യമാണോയെന്നതിലേക്ക് ഒരു അന്വേഷണം നടക്കുന്നതായും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ, ഇത്തരം ഭീഷണികൾ മാധ്യമങ്ങളെ ഭയപ്പെടുത്താനും റിപ്പോർട്ട് ചെയ്യാനുള്ള അവരുടെ സ്വാതന്ത്ര്യത്തിന് തടയിടാനുമാണെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് വ്യക്തമാക്കിയിരുന്നു. ഈ റിപ്പോർട്ടുകൾ ഏതായാലും കേന്ദ്രസർക്കാരിനെ വല്ലാതെ പ്രകോപിപ്പിച്ചു.

സമീർ-വിനീത് ജയിൻ സഹോദരന്മാരുടെ ടൈംസ് ഗ്രൂപ്പിന് ജൂൺ മുതലാണ് സർക്കാർ പരസ്യം നിർത്തിയത്. മോദിയുടെ തിരഞ്ഞെടുപ്പ് കാലത്തെ പെരുമാറ്റ ചട്ട ലംഘനങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതാണ് അവർ ചെയ്ത കുറ്റം. പത്രവ്യവസായ രംഗത്തെ കണക്കുപ്രകാരം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ഒരുമാസം 15 കോടിയിലേറെ രൂപയുടെ കേന്ദ്രസർക്കാർ പരസ്യം കിട്ടുന്നുണ്ട്. അതിനാൽ തന്നെ ടൈംസ് ഓഫ് ഇന്ത്യ കേന്ദ്ര സർക്കാരുമായി ഒരു ഒത്തുതീർപ്പിനു ശ്രമിക്കുമെന്നാണ് മാധ്യമരംഗത്തുള്ളവർ പറയുന്നത്.

സാമ്പത്തിക ക്രമക്കേട് ആരോപിച്ച് എന്‍ഡിടിവി പ്രൊമോട്ടര്‍മാരായ പ്രണോയ് റോയ്, രാധിക റോയ്, ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലായ ‘ദി ക്വിന്റിന്റെ ‘ സ്ഥാപകന്‍ രാഘവ് ബാല്‍ തുടങ്ങിയവര്‍ക്കുനേരെ സര്‍ക്കാര്‍ നടപടിക്ക് തുടക്കമിട്ടിരുന്നു.

2014 മുതല്‍ 2018 വരെ സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി മോദി സര്‍ക്കാര്‍ ചെലവഴിച്ചത് 5200 കോടി രൂപയാണ്. ഇതില്‍ 2282 കോടി രൂപയുടെ പരസ്യം പത്രമാധ്യമങ്ങള്‍ക്കാണ് ലഭിച്ചത്. 2312.59 കോടി രൂപയുടെ പരസ്യം ദൃശ്യ–ശ്രാവ്യ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് 2019 ജനുവരിയില്‍ 15 ശതമാനം നിരക്ക് വര്‍ധിപ്പിച്ചിരുന്നു.

നവീന മാധ്യമങ്ങളുടെ കാലഘട്ടത്തിൽ സർക്കാർ പരസ്യങ്ങളില്ലാതെ പത്രങ്ങൾക്കു പിടിച്ചു നിൽക്കാനാകില്ലെന്നു കേന്ദ്ര സർക്കാരിന് നന്നായറിയാം. അതിനാൽ പരസ്യം നിഷേധിച്ച് മാധ്യമങ്ങളെ വരുതിയിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വ്യക്തം. സർക്കാരിന്റെ ഈ സമ്മർദ്ധങ്ങൾ എത്ര മാധ്യമ സ്ഥാപനങ്ങൾക്ക് അതിജീവിക്കാൻ കഴിയുമെന്ന് കാത്തിരുന്ന് കാണാം.

Leave a Reply

Your email address will not be published. Required fields are marked *