മുംബൈ:
നരേന്ദ്ര ധബോല്‍ക്കര്‍, ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശരദ് കലാസ്‌കര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത് നിര്‍ണായക വിവരങ്ങള്‍. സാമൂഹിക പ്രവര്‍ത്തകനും യുക്തി വാദി നേതാവുമായിരുന്ന നരേന്ദ്ര ധബോല്‍ക്കറെ വെടിവെച്ചിട്ട രീതി ഇയാള്‍ കര്‍ണ്ണാടക പോലീസിനോട് വിവരിച്ചു. മൂന്നു പേരുടെയും കൊലപാതകം ആസൂത്രണം ചെയ്ത തീവ്ര വലതുപക്ഷ സംഘത്തോട് ശരദ് കലാസ്‌കര്‍ക്ക് ബന്ധമുള്ളതായി വ്യക്തമായിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷ് വധത്തില്‍ ഗൂഢാലോചനയില്‍ ഇയാള്‍ പങ്കെടുത്തിരുന്നതായി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഗൗരി ലങ്കേഷിനെ വെടിവെക്കാനായി മുഖ്യപ്രതി പരശുറാം വാഖ്മാരെ ഉപയോഗിച്ച ആയുങ്ങള്‍ മറവു ചെയ്തത് ശരദ് കലാസ്‌കറായിരുന്നു. 2017 സെപ്റ്റംബര്‍ 5 നാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുത്തത്. ജോലി കഴിഞ്ഞ മടങ്ങിയെത്തിയ ഗൗരി ലങ്കേഷ് വീട്ടിലേക്ക് പ്രവേശിക്കുന്നതിനിടെ 26 കാരനായ പ്രതി നാലു തവണ വെടിയുതിര്‍ക്കുകയായിരുന്നു.
ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് ഇപ്പോള്‍ ശരത് കലാസ്‌കര്‍ ഉള്ളത്. കേസിലെ ഒന്നാം പ്രതിയായി അമോല്‍ കാലെയുടെ നേതൃത്വത്തിലാണ് ആസൂത്രണം നടന്നത്. ആദ്യ ദിവസം തന്നെ എല്ലാവര്‍ക്കും ചുമതലകള്‍ വീതിച്ച് നല്‍കി. ”ഈവന്റ്” എന്നാണ് ഗൗരി ലങ്കേഷ് വധത്തിന് അക്രമികള്‍ നല്‍കിയ രഹസ്യ കോഡ്. ആയുധ പരിശീലനം ലഭിച്ചതായും ശരദ് കലാസ്കര്‍ വെളിപ്പെടുത്തി.
പരീശിലനത്തിനു ശേഷം സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകാനും കൊലപാതകം നടത്താനുള്ള ദിവസം മാത്രം മടങ്ങി വരാനും അമോല്‍ കലെ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഗൗരി ലങ്കേഷിന്റെ മരണം ഉറപ്പിച്ചതിനു പിന്നാലെ കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് നിരവധി കഷ്ണങ്ങളാക്കി മുംബൈ- നാസിക് ഹൈവേയില്‍ മൂന്നിടത്തായി ഉപേക്ഷിക്കുകയായിരുന്നു. 2018 ഒക്ടോബറില്‍ ആയുധം കൈവശം വച്ച കേസിലാണ് ശരദ് കലാസ്‌കര്‍ മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനയുടെ പിടിയിലാകുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലിനിടയിലാണ് മൂന്നു കൊലപാതകങ്ങളുമായുള്ള ഇയാളുടെ ബന്ധം വ്യക്തമാകുന്നത്.