Mon. Dec 23rd, 2024
എറണാകുളം:

 

സിറോ മലബാര്‍ സഭയുടെ അദ്ധ്യക്ഷനായി വീണ്ടും മാര്‍ ജോര്‍ജ് ആലഞ്ചേരി ചുമതലയേറ്റു. എറണാകുളം- അങ്കമാലി അതിരൂപതയുടെ അധ്യക്ഷനായി വത്തിക്കാന്‍ പുതിയ ഉത്തരവ് ഇറക്കി. അപ്പൊസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പദവി ഒഴിയാന്‍ ഫാദര്‍ മനത്തോടത്തിന് നിര്‍ദ്ദേശം ലഭിച്ചു. ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് ആലഞ്ചേരിയെ വത്തിക്കാന്‍ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയിരുന്നത്.

ഒരു വര്‍ഷത്തേക്കാണ് മനത്തോടത്തിന് അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല നല്‍കിയിരുന്നത്. ഇതിന്റെ കാലാവധി ബുധനാഴ്ച അവസാനിച്ചു. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തോട് ചുമതല ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. മാത്രവുമല്ല മനത്തോടത്തിനെ വത്തിക്കാനിലേയ്ക്ക് വിളിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാളിന്റെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചതായി ആരോപണങ്ങള്‍ വന്നതിനെ തുടര്‍ന്നായിരുന്നു ആലഞ്ചേരിയെ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് വത്തിക്കാനിലെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോഴുണ്ടായിരിക്കുന്ന തീരുമാനം.

കാനോന്‍ നിയമം അനുസരിച്ച് തനിക്കെതിരേ നടപടി സ്വീകരിക്കാന്‍ മാര്‍പാപ്പക്ക് മാത്രമേ അധികാരമുള്ളൂവെന്ന് നേരത്തെ തന്നെ ആലഞ്ചേരി പറഞ്ഞിരുന്നു. രൂപതയുടെ സ്വത്ത് വകകള്‍ വിറ്റതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടം രൂപതയ്ക്കുണ്ടായെന്നും സംഭവത്തില്‍ നിയമവിരുദ്ധമായ ഇടപാടുകള്‍ നടന്നെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സഭാ വിശ്വാസികളായ രണ്ട് പേരാണ് ഹൈക്കോടതിയെ അന്ന് സമീപിച്ചിരുന്നത്.

ഇതുവരെ മാര്‍പാപ്പ തനിക്കെതിരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലന്നും അന്ന് ആലഞ്ചേരി പറഞ്ഞിരുന്നു. രാജ്യത്തെ നിയമങ്ങള്‍ സിറോ മലബാര്‍ സഭക്കോ അദ്ധ്യക്ഷനോ ബാധകമല്ലേയെന്നും അന്ന് കോടതി ആരാഞ്ഞിരുന്നു. ഇന്ത്യയിലെ ക്രിമിനല്‍ നിയമത്തില്‍ പോപ്പിന്റെ നിയമം ബാധകമല്ലെന്നായിരുന്നു കോടതി നിരീക്ഷണം. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ കാനോന്‍ നിയമ പ്രകാരം ആലഞ്ചേരിക്ക് അനുകൂലമായ തീരുമാനം വത്തിക്കാന്‍ സ്വീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *