Wed. Nov 6th, 2024
#ദിനസരികള്‍ 801

പൊതുവേ ഞാന്‍ സിനിമ കാണാറില്ല. എന്നാലും നല്ലത് എന്ന് പലരും പറയുന്ന സിനിമകള്‍ കാണാതിരിക്കാറുമില്ല. ലോക സിനിമയിലാകട്ടെ എന്റെ സുഹൃത്തുക്കള്‍ കാണേണ്ടത് എന്ന് വിലയിരുത്തുന്ന സിനിമകള്‍ കാണാന്‍ ശ്രദ്ധിക്കാറുണ്ട്. അതുകൂടാതെ ഐ.എം.ഡി.ബിയുടേയും റോട്ടെന്‍ ടൊമാറ്റോസിന്റേയുമൊക്കെ സഹായത്തോടെ അങ്ങനെ എനിക്ക് ഇഷ്ടപ്പെട്ടവയുടെ ഒരു ലിസ്റ്റ് ഞാനുണ്ടാക്കിയിട്ടുമുണ്ട്. അതെല്ലാംകൂടി ഏകദേശം ഇരുന്നൂറോളം കാണുമായിരിക്കും. പക്ഷേ ഒരു കാര്യമുറപ്പാണ്. സിനിമകളെക്കുറിച്ചുള്ള എന്റെ ധാരണ എത്രത്തോളം പരിമിതമാണെങ്കിലും എന്റെ ലിസ്റ്റില്‍ കാലം കരുതിവെയ്ക്കുന്ന വിഖ്യാതരായ പല സംവിധായകരുടേയും സിനിമകള്‍ പെടുന്നു എന്ന് അഭിമാനത്തോടെ ഞാന്‍ പറഞ്ഞുകൊള്ളട്ടെ.

കൂട്ടത്തില്‍ ഒരാഗ്രഹം കൂടി പറയട്ടെ. എനിക്കിഷ്ടപ്പെട്ട നൂറു സിനിമകളെക്കുറിച്ച് ചെറിയ കുറിപ്പുകള്‍ എഴുതണമെന്ന് ആലോചിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. പക്ഷേ അത്രത്തോളം പരിചിതമല്ലാത്ത ഒരു മേഖലയായതുകൊണ്ട് ഞാന്‍ എന്നെത്തന്നെ തടഞ്ഞുവെച്ചിരിക്കുകയാണ്.

ലിസ്റ്റിലേക്ക് മടങ്ങാം. ഗ്ലാഡിയേറ്റര്‍ എന്ന സിനിമയുടെ പേരില്‍ റിഡ്ലീ സ്കോട്ട് എന്റെ ലിസ്റ്റിലുണ്ട്. പിയാനിസ്റ്റിന്റെ പേരില്‍ പൊളന്‍സ്കിയുണ്ട്. സെവന്ത് സീലിന്റെ പേരില്‍ ബെര്‍ഗ്മാനുണ്ട്. കുറസോവയുണ്ട്. സ്പീല്‍ബര്‍ഗ്, ഹിച്ച്കോക്ക്, സ്കോഴ്സേസ്, കാമറൂണ്‍ അങ്ങനെ എത്രയോ പേര്‍. നായകരില്‍ റസല്‍ ക്രോയേയും ജോണി ഡെപ്പിനേയുമൊക്കെ ഇഷ്ടമാണെങ്കിലും ഡെന്‍സെല്‍ വാഷിംഗ്ടണ്‍ എന്റെ ആത്മാവിനോട് കൂടുതലായി ഒട്ടി നില്ക്കുന്നവനാണ്. ആക്കൂട്ടത്തില്‍ തന്നെ ഞാനിനിയും കാണേണ്ടതായ ധാരാളം സിനിമകളുണ്ട് എന്നും എനിക്കറിയാം. ലിസ്റ്റുകള്‍ കൂടെക്കൂടെ നവീകരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നുവെന്നതാണ് വസ്തുത.

ആ ലിസ്റ്റില്‍ പക്ഷേ ഇറങ്ങിയ സിനിമകളില്‍ എല്ലാ തന്നെ ഉള്‍‌പ്പെട്ടിട്ടുള്ളത് കിം കി ഡുക്കിന്റേത് മാത്രമാണ്. ഇത്രയും മാസ്മരികമായും അപകടകരമായും ചിന്തിക്കുന്ന വേറെ ഒരു സംവിധായകനെ – എന്റെ പരിമിതികൊണ്ടാകാം – എനിക്ക് അറിയില്ല. അയാളുടെ ഓരോ സിനിമകളും അവാച്യമായ അനുഭവമാണ്. ചിലപ്പോഴെല്ലാം തുടര്‍ച്ചയായി ആഴ്ചകളോളം ഇദ്ദേഹത്തിന്റെ സിനിമകള്‍ ഞാന്‍ ആവര്‍ത്തിച്ചു കാണാറുണ്ട്. എനിക്ക് തോന്നുന്നത് അയാളുടെ സിനിമകളില്‍ നിന്നും ഏതെങ്കിലും കുറച്ചു ഭാഗം കണ്ടാല്‍‌പ്പോലും അത് തിരിച്ചറിയാന്‍ എനിക്കു ഇപ്പോള്‍ കഴിഞ്ഞേക്കുമെന്നാണ്.

അതിസങ്കീര്‍ണമായി ചിന്തിക്കുകയും എന്നാല്‍ ആ ചിന്തകളെ സ്വാഭാവികമായും അതീവ ലളിതമായും സൌന്ദര്യാത്മകമായും അനുഭവിക്കുക – ഇതാണ് പലപ്പോഴും ഡുക്കിന്റെ രീതിയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സംഘട്ടനങ്ങള്‍ നടക്കേണ്ടത് മനസ്സുകളിലാണ്. അതുകൊണ്ടാണ് ശാന്തവും സൌമ്യവുമായി സിനിമ മുന്നേറുമ്പോളും നാം പൊട്ടിത്തെറിക്കാന്‍ വെമ്പുന്ന അഗ്നികുണ്ഡങ്ങളായി മാറിപ്പോകുന്നത്.ഒരു സംവിധായകന്‍ എന്ന നിലയില്‍‌ അയാള്‍ തോക്ക് എടുക്കുന്നതേയുള്ളു. വെടിപൊട്ടുന്നതും മുറിപ്പെടുന്നതും നമ്മുടെ മനസ്സിലാണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഉദാഹരണത്തിന് മോബിയസ് എടുക്കുക. അത്തരത്തിലുള്ള ഒരു സിനിമ സങ്കല്പിക്കാനും കാമറകൊണ്ട് എഴുതിയെടുക്കാനും ഡുക്കു കാണിച്ച സാമര്‍ത്ഥ്യത്തെ എത്ര പുകഴ്ത്തിയാലാണ് അധികമാകുക? എത്ര സങ്കീര്‍ണമായ മാനസിക വ്യാപാരങ്ങളെ, കുടുംബബന്ധങ്ങളെയാണ് അയാള്‍ ആവിഷ്കരിച്ചെടുത്തിരിക്കുന്നത്? ആ സിനിമ കാണുമ്പോള്‍ ഒരു നിമിഷം പോലും നിങ്ങള്‍ക്ക് അടങ്ങിയിരിക്കുവാന്‍ കഴിയുമോ? എനിക്കറിയാം. നിങ്ങള്‍ ആ സിനിമ ചെയ്ത സംവിധായകനെ തെറി വിളിക്കും. ചിലപ്പോള്‍ സിനിമ തന്നെ നിറുത്തിവെയ്ക്കും. ചിലപ്പോഴാകട്ടെ അസ്വാഭാവികമായി മറ്റുള്ളവരോട് പെരുമാറും. പക്ഷേ നിങ്ങള്‍ ആ സിനിമ കണ്ടുതുടങ്ങിയാല്‍ അതു പൂര്‍ത്തിയാക്കാതെ പിന്തിരിയാന്‍ കഴിയില്ലെന്നതാണ് വാസ്തവം. അതല്ലെങ്കില്‍ മനുഷ്യഭാവങ്ങളോട് അത്രമാത്രം പുറംതിരിഞ്ഞു നില്ക്കുന്ന ഒരാളായിരിക്കും നിങ്ങള്‍.

എന്തുകൊണ്ടാണ് ഡുക്കിനെ ഞാനിഷ്ടപ്പെടുന്നത്? സ്വയം ചോദിച്ച ചോദ്യമാണ്. അയാളുടെ അരാജകത്വം നിറഞ്ഞ, നിങ്ങളുടെ എല്ലാ വിധമായ രാഷ്ട്രീയ ധാരണകളേയും അട്ടിമറിക്കുന്ന, നാം പരിചയിച്ചുപോന്ന ധാര്‍മികമായ എല്ലാ മൂല്യങ്ങളേയും നിരസിക്കുന്ന ഒരാള്‍ എങ്ങനെയാണ് എന്നില്‍ ഇത്രമാത്രം വേരോടിക്കുക?

കാരണം ഒന്നേയുള്ളു. ജീവിതത്തേയും വൈരുധ്യങ്ങള്‍ നിറഞ്ഞ അതിന്റെ എല്ലാത്തരം കൈവഴികളേയും അയാള്‍ മറ്റെന്തിനെക്കാളും സ്നേഹിക്കുന്നു. നാം കെട്ടിയേല്പിച്ചുകൊടുക്കുന്ന എല്ലാത്തരത്തിലുള്ള സൈദ്ധാന്തികമായ ധാരണകളെ അയാള്‍ നിരാകരിക്കുന്നു. അവയുടെ യാന്ത്രികവും ആലങ്കാരികവുമായ ദീപ്തികളില്‍ നിന്നെല്ലാം ഒഴിഞ്ഞു നിന്ന് എന്താണ് മനുഷ്യനെന്നും എന്താണ് ജീവിതമെന്നും കണ്ടെത്താന്‍ ഡുക്ക് ശ്രമിക്കുന്നു.

നിങ്ങളുടെ വിശേഷണങ്ങളിലൂടെ അല്ല അയാള്‍ ജീവിതത്തെ കാണുന്നത്. ജീവിതത്തിന് അയാളുടേതായ പുതിയ വിശേഷണങ്ങള്‍ ഉണ്ടാകുകയാണ്. നാം സ്വാഭാവികമായി കാണുന്ന ജീവിതമുഹൂര്‍ത്തങ്ങളെ അതുകൊണ്ടു തന്നെ ഡുക്ക് മാറ്റിമറിക്കുന്നു. ആ മാറ്റിമറിക്കല്‍ ജീവിതത്തോളംതന്നെ ആഴവും പരപ്പുമുള്ളതാകയാല്‍ അയാള്‍ നമ്മിലേക്ക് ഒരു പാലം പണിയുന്നു. ആ പാലത്തിലൂടെയുള്ള ഒരു സഞ്ചാരി മാത്രമായി നാം മാറുകയും ചെയ്യുന്നു..

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *