(വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ അധ്യാപകനായ ടി. ജേക്കബ് ജോൺ ദി ഹിന്ദു ദിനപത്രത്തിന് വേണ്ടി എഴുതിയ ലേഖനത്തിന്റെ പരിഭാഷ)
2012, 2013, 2014 വർഷങ്ങളിൽ ബീഹാറിലെ മുസാഫിർപൂരിൽ സഹപ്രവർത്തകരോടൊപ്പം നിഗൂഢമായ ഈ രോഗത്തിന്റെ കാരണങ്ങൾ അന്വേഷിച്ചുകൊണ്ട് പോയിരുന്നു. അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം എന്നായിരുന്നു. എന്നാൽ ഇത് എൻസഫലൈറ്റിസ് അല്ല, എൻസെഫലോപതിയാണെന്ന് ഞങ്ങൾ കണ്ടെത്തി. രണ്ടും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്. എൻസഫലൈറ്റിസ് എന്നത് വൈറൽ ഇൻഫെക്ഷനാണ്. എന്നാൽ എൻസെഫലോപതി ഒരു ബയോ കെമിക്കൽ രോഗമാണ്.
ലിച്ചി പഴം വിളവെടുക്കുന്ന കാലത്താണ് ഈ അസുഖം ഉണ്ടാവുന്നതെന്ന് ഞങ്ങൾ കണ്ടെത്തി. ഇത് വിളവെടുക്കുന്നത് ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലാണ്. മുസാഫിർപൂർ ആവട്ടെ ലിച്ചി തോട്ടങ്ങൾ ധാരാളമുള്ളൊരു പ്രദേശമാണ്. കുട്ടികളിൽ അസാധാരണമായ വിധം ചർദ്ദി ഉണ്ടാവുകയും തളർന്നു വീഴുകയും ചെയ്യുന്നതാണ് ലക്ഷണങ്ങൾ. അസുഖം വന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ പൂർണമായും കോമ അവസ്ഥയിലാവുകയും മരണപ്പെടുകയും ചെയ്യുന്നു. അസുഖം വന്ന കുട്ടികളിൽ ഗ്ലുക്കോസിന്റെ അളവ് താഴ്ന്നനിലയിലാണ് ഉണ്ടായത്.
ഈ അസുഖത്തിന് ജമൈക്കൻ വോമിറ്റിംഗ് ഡിസീസുമായി സാമ്യമുണ്ട്. പച്ച അക്കി കഴിക്കുമ്പോളാണ് ഈ കാണപ്പെടുന്നത്. ഈ പഴത്തിൽ കാണപ്പെടുന്ന മീതൈൽ സൈക്ലോപ്രൊപൈൻ അലാനിൻ ഫാറ്റി ആസിഡ് ഓക്സിസിഡേഷൻ, ഗ്ലുകോനെയോജെനിസിസ് എന്നി ബയോ കെമിക്കൽ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതാണ് രോഗത്തിന്റെ കാരണം. ലിച്ചിയും അക്കിയും ഒരേ ഇനത്തിൽ പെട്ട പഴവർഗ്ഗങ്ങളാണ്. കൂടാതെ എന്റെ സഹപ്രവർത്തകനായ ഡോക്ടർ മുകുൾദാസ്, ലിച്ചിപ്പഴങ്ങളിൽ മീതൈൽ സൈക്ലോപ്രൊപൈൻ അലാനിന്റെറെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു.
പോഷകാഹാരം ലഭിക്കാത്ത 2 വയസ്സിനും 10 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരണത്തിനിരയാവുന്നത്. വിളവെടുപ്പ് സമയത്ത് പാടങ്ങൾക്കരികിൽ താമസിക്കുന്ന കുട്ടികളിലാണ് രോഗം കണ്ടു വരുന്നത്. നഗര പ്രദേശങ്ങളിലോ, പണക്കാരുടെ വീട്ടിലെയോ കുട്ടികൾക്ക് കുഴപ്പങ്ങൾ സംഭവിക്കുന്നില്ല.
ലിച്ചി വിരിയുന്നത് അതിരാവിലെ നാല് മണിക്കാണ്. അപ്പോൾ അതിനും മുമ്പു തന്നെ കർഷകർ അവിടെ എത്തണം. ഇതിനായി നേരത്തെ ഉറങ്ങുന്ന ആളുകൾ പലപ്പോഴും രാത്രി ഭക്ഷണം കുട്ടികൾക്ക് നൽകുന്നില്ല. ലിച്ചിക്കുലകളാണ് കർഷകർ ശേഖരിക്കുന്നത്. അല്ലാതെ വിരിയുന്ന പഴങ്ങൾ പാടങ്ങളിൽ ഉപേക്ഷിക്കും. ഇത് രാവിലെ കുട്ടികൾ കൂട്ടമായെത്തി കഴിക്കുന്നു. രാത്രിയിൽ ആഹാരം കഴിക്കാത്തതിനാൽ ശരീരത്തിലെ ഗ്ലുക്കോസിന്റെ അളവ് കുറഞ്ഞിരിക്കും. അപ്പോൾ തലച്ചോറിൽ ഗ്ലുക്കോനിയോജെനിസിസ് (gluconeogenesis) ആരംഭിക്കുന്നു. ലിച്ചി കഴിക്കുമ്പോൾ ശരീരത്തിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെയാണ് ഈ രോഗം ഉണ്ടാവുന്നത്.
കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുക എന്നത് മാത്രമാണ് ഇതിന്റെ പ്രതിവിധി. എന്നാൽ ഇത് പെട്ടെന്ന് നടപ്പിലാക്കാനും ആവില്ല. കുട്ടികളെ പഴം കഴിക്കുന്നതിൽ നിന്ന് വിലക്കുന്നതും അപ്രായോഗികമാണ്. എന്നാൽ കഴിക്കുന്ന അളവിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞേക്കും. എല്ലാ കുടുംബങ്ങൾക്കും രാത്രിയിൽ കുട്ടികൾക്ക് നിർബന്ധമായും ഭക്ഷണം കൊടുക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞു കൊടുക്കുകയാണ് ആദ്യം ചെയ്യാവുന്നത്.
2015 ൽ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഗ്ലുക്കോ മീറ്റർ നൽകിയെങ്കിലും അതൊന്നും തന്നെ പരിഹാരം കണ്ടില്ല. കൃത്യ സമയത്ത് മികച്ച ചികിത്സ സൗകര്യം ലഭ്യമാവാത്തതും, പരിശീലനം ലഭിച്ച ഡോക്ടർമാരുടെ അഭാവവും പ്രശ്നം ഇപ്പോഴും ഗുരുതരമാക്കുന്നു.