കൊച്ചി:
താരസംഘടനയായ അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യുന്നു. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന തരത്തിലാണ് ഭരണഘടന ഭേദഗതി ചെയ്യുന്നത്. സിനിമയില്‍ തൊഴിലെടുക്കുന്ന വനിതാ താരങ്ങള്‍ക്കായി അമ്മയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കും. എക്സിക്യൂട്ടീവ് സമിതിയില്‍ കുറഞ്ഞത് നാലു സ്ത്രീകള്‍ ഉണ്ടാകും. അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനവും സ്ത്രീകള്‍ക്കാകും. ഭേദഗതികള്‍ അടുത്ത വാര്‍ഷിക ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കാനാണ് നീക്കം.
താരസംഘടനയായ അമ്മയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം വേണമെന്ന് ആവശ്യപ്പെട്ട് നടിമാരായ പാര്‍വതി, രേവതി, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ രംഗത്തു വന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അമ്മ നേതൃത്വത്തിന് ഇവര്‍ കത്തു നല്‍കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്കായി അമ്മയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ കളക്ടീവും താരസംഘടനയിലെ ആണ്‍മേല്‍ക്കോയ്മക്കെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. നടിക്കെതിരായ ആക്രമണത്തോടെയാണ്, സ്ത്രീകളുടെ പരാതി പരിഹരിക്കാന്‍ സമിതി വേണമെന്ന ആവശ്യത്തിന് ശക്തിയേറിയത്.