Fri. Nov 22nd, 2024
കോട്ടയം :

കേരള കോണ്‍ഗ്രസ് എമ്മിലെ ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ കൂടുതൽ രൂക്ഷമാകുന്നു. ജോസ് കെ. മാണി ചെയർമാൻ സ്ഥാനത്ത് തുടർന്നുകൊണ്ടുള്ള ഒരു അനുരഞ്ജനത്തിനും തയാറല്ലെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കി.

ജോസ് കെ. മാണിയുമായി ചര്‍ച്ച നടത്തുന്നതിൽ പ്രസക്തിയില്ലെന്നും ജോസഫ് നിലപാടെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആണ് ജോസഫ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കോൺഗ്രസ്സ് മുൻകൈ എടുത്തു നടത്തിയ ഒത്തുതീർപ്പു ചർച്ചകൾ വഴിമുട്ടി.

യു.ഡി.എഫ് ചർച്ചയ്ക്ക് വിളിച്ചാൽ സമവായത്തിന് ശ്രമിക്കുമെന്ന് ജോസ് കെ. മാണി നേരത്തെ വ്യക്തമാക്കിയിരുന്നു. ജോസ് കെ. മാണി മാനസാന്തരപ്പെട്ട് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്ന് പി.ജെ. ജോസഫും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ചർച്ചയ്ക്ക് ചെന്നിത്തല നീക്കം നടത്തിയത്. ചെയർമാൻ സ്ഥാനം ജോസഫിന് വിട്ടുകൊടുത്തുള്ള അനുരഞ്ജനത്തിന് ജോസ് കെ. മാണിയും തയാറാകാത്ത സ്ഥിതിക്ക് പ്രശ്നം കൂടുതൽ സങ്കീർണമാക്കുകയാണ്.

കേരള കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള സമവായ സാധ്യതകൾ അടയ്ക്കരുതെന്നും പാലായിലെ ഉപതെരഞ്ഞെടുപ്പ് മുൻനിർത്തി പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ജോസ് കെ. മാണിയോട് യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രകോപനപരമായ പ്രസ്താവനകൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

അതേ സമയം ചെയർമാൻ സ്ഥാനം വിട്ടു നൽകുന്നതൊഴികെയുള്ള ഏത് സമവായത്തിനും താൻ തയ്യാറാണെന്ന് ജോസ് കെ. മാണി ചർച്ചയിൽ വ്യക്തമാക്കി.

തനിക്ക് പറയാനുള്ളതെല്ലാം യുഡിഎഫ് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ടെന്നും ഉപാധികളൊന്നും ചർച്ചയിൽ മുന്നോട്ട് വെച്ചില്ലെന്നും ജോസ് കെ. മാണി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ കേരള കോൺഗ്രസിലെ പിളർപ്പ് വലിയ തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. അതിനാൽ തന്നെ എത്രയും വേഗം പ്രശ്‌നം പരിഹരിക്കാനാണ് യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *