തിരുവനന്തപുരം:
തിരുവനന്തപുരത്തുവെച്ചു നടക്കുന്ന ഇന്റർനാഷണൽ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക ശ്രദ്ധ നേടിയ ഡോക്യൂമെന്ററിയാണ് സ്റ്റിൽ ഐ റൈസ്. ഹൈദരാബാദിലെ ഷെയ്ഖ് വിവാഹത്തിന്റെ ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യങ്ങൾ പുറത്തുകൊണ്ടുവരുന്ന ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തത് ധീഷ്മ പുഴക്കലാണ്.
അധികമാരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടില്ലാത്തൊരു വിഷയമാണ് ഹൈദരാബാദിലെ പാവപ്പെട്ട മുസ്‌ലിം കുടുംബംങ്ങളിൽ നടന്നു വരുന്ന ഷെയ്ഖ് വിവാഹങ്ങൾ. പത്തും പതിനൊന്നും വയസ്സുള്ള കുട്ടികളെ ഹൈദരാബാദിലെത്തുന്ന ഷെയ്‌ഖുകൾക്ക് വിവാഹം ചെയ്തു കൊടുക്കുന്നു. മുസ്‌ലിം ആചാര പ്രകാരമുള്ള വിവാഹത്തിനു ശേഷം ഇവരെ നഗരത്തിലെ ഹോട്ടലുകളിൽ താമസിപ്പിച്ച് ലൈംഗീകമായി ചൂഷണം നടത്തിയ ശേഷം വീടുകളിലേക്ക് തിരിച്ചയക്കുന്നു. ഷെയ്‌ഖുകൾ തിരിച്ചും പോകുന്നു. ബ്രോക്കർ മുഖേനയാണ് വിവാഹങ്ങൾ നടക്കുന്നത്. ഷെയ്‌ഖുകൾ നൽകുന്ന പത്തു പതിനഞ്ചു ലക്ഷം രൂപയും ഇവരുടെ പോക്കറ്റിലേക്കാണ് പോകുന്നത്. പെൺകുട്ടിയുടെ വീട്ടുകാർക്ക് ലഭിക്കുന്നതാവട്ടെ അഞ്ഞൂറ് മുതൽ അയ്യായിരം രൂപ മാത്രം.
ഈ വിവാഹത്തെ അതിജീവിച്ച രണ്ടു യുവതികളാണ് ഡോക്യൂമെന്ററിയിൽ, മുനീറായും ബസീമും.
“പതിനൊന്നാം വയസിലാണ് ഇരുവരും വിവാഹിതരായത് പന്ത്രണ്ടാം വയസ്സിൽ അമ്മമാരായി തങ്ങളനുഭവിച്ച കഥകൾ ലോകത്തോട് വിളിച്ചു പറയാൻ ഒരുപാട് ആഗ്രഹമുള്ള വ്യക്തികളാണ്. ഇവരുടെ അതിജീവനത്തിന്റെ കഥയാണ് ‘സ്റ്റിൽ ഐ റൈസിൽ'” സംവിധായികയായ ധീഷ്മ വോക് മലയാളത്തോട് പറഞ്ഞു.
“കഴിഞ്ഞ വർഷമാണ് ലോക്സഭ ഇതിനെക്കുറിച്ചുള്ള ബില്ല് പാസാക്കുന്നത്. അതിനുശേഷം കല്യാണാവശ്യങ്ങൾക്കു വേണ്ടി ഹൈദരാബാദിലെത്തിയ നാല്പതു ഷെയ്‌ഖുകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അതിനുശേഷം സംഭവിച്ചത് മറ്റൊന്നാണ്. ഷെയ്‌ഖുകൾ ഹൈദരാബാദിലേക്ക് വരുന്നില്ല. പകരം വീഡിയോ കോളിലൂടെ നിക്കാഹ് നടത്തുകയും പെൺകുട്ടിയുടെ ആധാറിൽ വയസ്സിൽ കൃത്രിമത്വം കാണിച്ചുകൊണ്ട് അവരെ ഗൾഫിലേക്ക് ഗദ്ദാമകളാക്കി കടത്തുന്നു. ഒന്നുകിൽ രണ്ടാഴ്ചയ്ക്കു ശേഷം അവരെ നാട്ടിലേക്ക് അയക്കും, അല്ലെങ്കിൽ വീട്ടു ജോലിക്കാരിയായോ മറ്റോ അവിടെ നിർത്തും, പുറം ലോകവുമായി ബന്ധം ഇല്ലാതെ.” ധീഷ്മ പറയുന്നു.
“പ്രേക്ഷകർ ഞെട്ടലോടെയാണ് ഈ ഡോക്യുമെന്ററി കണ്ടത്. രണ്ടു സ്ത്രീകളുടെയും കുട്ടിക്കാലം മുതൽക്കേയുള്ള അനുഭവങ്ങൾ അതിശയത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അതുപോലെ പതിനെട്ടു വയസ്സുള്ള രണ്ടുപേരും സംസാരിക്കുന്നത് നാല്പതും അൻപതും വയസുള്ള സ്ത്രീകളുടെ പക്വതയിലാണ്. മൂന്നാഴ്ചക്കാലത്തെ പീഡനങ്ങൾക്കു ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയ ഒരാൾ ആദ്യം പോയത് കൂട്ടുകാരുടെ ഒപ്പം മാങ്ങ പറിക്കാനാണ്. അവരുടെ ആ കുട്ടിത്തവും നിഷ്‌കളങ്കതയും കാഴ്ചക്കാർക്ക് ഒരു ഇമോഷണൽ ഷോക്ക് ആയിരുന്നു. പലരും ഇത്തരത്തിലൊരു സെക്സ് റാക്കറ്റിനെ പറ്റി പ്രതീക്ഷിക്കുന്നില്ല. പ്രത്യേകിച്ചും വിദേശികൾ.” ധീഷ്മ കൂട്ടിച്ചേർത്തു.
ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ ധീഷ്മയുടെ ആദ്യ ഡോക്യുമെന്ററിയാണിത്. ചെറിയ കാര്യങ്ങൾ, യു ആർ ബീയിങ് എന്നി ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയാണ് ഈ ഡോക്യുമെന്ററിക്കാവശ്യമായ സഹായങ്ങൾ ചെയ്തത്. ഡോക്യുമെന്ററികൾ ഉണ്ടാക്കാൻ ഫണ്ട് ഇല്ലാത്തതാണ് ഈ മേഖലയിൽ അനുഭവിക്കുന്ന പ്രധാന പ്രശ്നം എന്നാണ് ധീഷ്മ പറയുന്നത്. നിർമ്മാതാവിനെയൊന്നും ലഭിക്കാത്തതിനാൽ സ്വന്തം പൈസ മുതൽ മുടക്കിവേണം ഇവ നിർമ്മിക്കാൻ.
തന്റെ ആശയത്തെ ലോകത്തോട് വിളിച്ചു പറയാനുള്ള ഒരു വേദിയാണ് ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഫിലിം ഫെസ്റ്റിവലിലൂടെ തനിക്കു ലഭിച്ചതെന്ന് ധീഷ്മ പറയുന്നു. കൂടാതെ ആ സ്ത്രീകളുടെ ശബ്ദം ലോകത്തെ അറിയിക്കാൻ ഇത്തരം ഫെസ്റ്റിവലിലൂടെ മാത്രമേ സാധിക്കുകയുള്ളു. കാരണം ഇത്തരം സിനിമകളെ ഇഷ്ടപ്പെടുന്ന കാഴ്ചക്കാരാണ് അവർ. അവിടങ്ങളിൽ ചർച്ചകൾ നടക്കുന്നു. അങ്ങനെ മാത്രമേ ഈ പ്രശ്നനങ്ങളെ ലോകത്തിനു മുന്നിൽ അറിയിക്കാൻ പറ്റുകയുള്ളു എന്നും ധീഷ്മ കൂട്ടിച്ചേർത്തു.
ഷഹീർ വിമൻസ് റിസോഴ്സ് ആൻഡ് വെൽഫയർ അസോസിയേഷന്റെ സഹായത്തോടെയാണ് ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്. ഡോക്യുമെന്ററിയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ചോൻബെനി ഷിട്രിയാണ്. എഡിറ്റിംഗ് ഷഹീൻ ഇബ്രാഹിം. മൊഴിമാറ്റം നടത്തിയിരിക്കുന്നത് ഹരിണി രാജശേഖർ ആണ്.