സെയിന്റ് പിയറി ദ് ഓർലൺ:
പുലർച്ചെയുള്ള കോഴി കൂവലിന്റെ ശബ്ദം കേട്ട് ഉറക്കം നഷ്ടപ്പെട്ടതിനാൽ കോടതിയെ സമീപിച്ചിരിക്കുകയാണ് ഫ്രാൻസിൽ ദമ്പതികൾ. ഈ കേസിലൂടെ ഫ്രാൻസ് മൊത്തം പ്രസിദ്ധനായിരിക്കുകയാണ് മൗറിസ് എന്ന പൂവൻ കോഴി. നാഗരികതയും ഗ്രാമീണതയും തമ്മിൽ ഒരു വലിയ സംവാദത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് ഫ്രാൻസിൽ.
ഫ്രാൻസിലെ ഗ്രാമപ്രദേശമായ സെയിന്റ് പിയറിയിൽ വേനൽക്കാലം ആസ്വദിക്കാൻ വന്നതാണ് ജീൻ ലൂയിസ് ബൈറോണും, ജോയൽ ആൻഡ്രിയൂക്സും. തങ്ങളുടെ വേനൽക്കാല വസതിക്കു സമീപം താമസിക്കുന്ന ഫെസ്യൂവിന്റെ കോഴിയാണ് മൗറിസ്.
ഫ്രാൻസിന്റെ ദേശീയ ചിഹ്നവും പൂവൻ കോഴിയാണെന്നിരിക്കെ കൂവലിന്റെ പേരിലുണ്ടായ പ്രശ്നങ്ങൾ ഫ്രാൻസിൽ കൊഴുക്കുകയാണ്. കോഴികൾക്ക് കൂവാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഗ്രാമങ്ങളുടെ തനതായ ശബ്ദങ്ങൾക്ക് പ്രാധാന്യം ലഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആയിരങ്ങളാണ് രംഗത്ത് വന്നിട്ടുള്ളത്. ഫ്രാൻസിൽ മുമ്പുണ്ടായിരുന്ന കാർഷിക സംസ്കാരത്തിൽ നിന്ന് അവർ എത്രമാത്രം നാഗരിക സംസ്കാരത്തിനടിമകളായി എന്നാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നത്. അതിനിടെ ഒരു പാർലമെന്റ് പ്രതിനിധി ഗ്രാമങ്ങളുടെ തനിമയാർന്ന ശബ്ദങ്ങളെ ദേശീയ പൈതൃക പട്ടികയിലുൾപ്പെടുത്തി സംരക്ഷിക്കണമെന്ന് അഭിപ്രായപ്പെട്ടു.
നഗരത്തിലെ തിരക്കുകളിൽ നിന്നകന്നുകൊണ്ട് ഗ്രാമങ്ങളിലേക്ക് വരികയാണെങ്കിൽ തീർച്ചയായും ഗ്രാമങ്ങളിലെ രീതികൾ പഠിക്കണമെന്നും അല്ലാതെ അവയെ മാറ്റി നിർത്തുകയല്ല വേണ്ടതെന്നും വിവിധ കോണുകളിൽ നിന്നും അഭിപ്രായം ഉയരുന്നുണ്ട്. കൂടാതെ കേൾക്കുമ്പോൾ നേരിടാത്തവർക്ക് ഇത് മാത്രം എങ്ങനെയാണ് ബുദ്ധിമുട്ടാവുകയെന്നും പലരും ചോദിക്കുന്നു.
എന്നാൽ പരാതിക്കാർ പറയുന്നത് മറ്റൊന്നാണ് മുൻ വർഷങ്ങളിൽ ഈ ശബ്ദങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും നഗരത്തിന്റെ എല്ലാ സ്വഭാവങ്ങളുമുള്ള ഈ പ്രദേശത്തെ ഗ്രാമം എന്ന് പറയാൻ സാധിക്കില്ല എന്നും ഇവർ അഭിപ്രായപ്പെടുന്നു. കോഴിയെ കൊല്ലണമെന്നോ ഉപേക്ഷിക്കണമെന്നോ ഞങ്ങൾ പറയുന്നില്ല എന്നും ഇവർ കൂട്ടി ചേർത്തു. നൂറുകണക്കിന് ഡോളറാണ് ഇവർ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇവിടെ വന്ന് താമസിക്കുന്നവർ ഇവിടുത്തെ രീതികളും ചിട്ടവട്ടങ്ങളും പാലിക്കണം അല്ലാതെ നിങ്ങളുടെ ആജ്ഞകൾ ഞങ്ങളിലേക്ക് അടിച്ചേൽപ്പിക്കുകയാണ് വേണ്ടതെന്നും ഉടമസ്ഥയായ ഫെസ്യൂ കൂട്ടിച്ചേർത്തു.