കൊൽക്കത്ത:
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബി.എസ്.പി. ആരുമായും സഖ്യത്തിന് ഇല്ലെന്നും ഒറ്റയ്ക്കു മത്സരിക്കുമെന്നും ബി.എസ്.പി. അധ്യക്ഷ മായാവതി. ട്വിറ്ററിലൂടെയായിരുന്നു മായാവതി ഇക്കാര്യം വ്യക്തമാക്കിയത്.
പാര്‍ട്ടി പ്രവര്‍ത്തകരുടെ താത്പര്യ പ്രകാരം വരും തിരഞ്ഞെടുപ്പുകളില്‍ ബി.എസ്.പി. ഒറ്റയ്ക്കു മത്സരിക്കുമെന്നു മായാവതി ട്വീറ്റ് ചെയ്തു. ലോക്സഭ തിരഞ്ഞെടുപ്പില്‍ എസ്.പി.-ബി.എസ്.പി. സഖ്യം തിരിച്ചടി നേരിട്ടതിനു പിന്നാലെ സഖ്യം പിരിഞ്ഞിരുന്നു.
സഖ്യം പിരിഞ്ഞതിനു പിന്നാലെ എസ്.പി. അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമര്‍ശനമാണ് മായാവതി ഉന്നയിച്ചത്. അഖിലേഷ് മുസ്ലീം വിരുദ്ധനാണെന്ന് ആരോപിച്ച മായാവതി, സാമുദായിക ധ്രുവീകരണത്തിനു വഴിവെക്കുമെന്നതിനാല്‍ മുസ്ലീങ്ങള്‍ക്ക് സീറ്റു നല്‍കരുതെന്ന് അഖിലേഷ് തന്നോട് പറഞ്ഞെന്നും മായാവതി ആരോപിച്ചു.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബി.എസ്.പി.- എസ്.പി രാഷ്ട്രീയ ലോക് ദള്‍ സഖ്യമായിട്ടാണ് ബി.ജെ.പിക്ക് എതിരെ മത്സരിച്ചത്. എന്നാല്‍ കനത്ത പരാജയമാണ് സഖ്യം നേരിട്ടത്. സഖ്യം 15 സീറ്റ് മാത്രം നേടിയപ്പോള്‍ ബി.ജെ.പി. 62 സീറ്റ് നേടിയിരുന്നു.