കോഴിക്കോട് :
മുപ്പത് വർഷം മുമ്പുള്ള കസ്റ്റഡി മരണ കേസിൽ ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട സഞ്ജീവ് ഭട്ടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലീഗ് ജൂൺ 28ന് വൈകീട്ട് 3 മണിക്ക് കോഴിക്കോട് അംബ്രല്ല മാർച്ച് സംഘടിപ്പിക്കും. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട് മാർച്ചിൽ പങ്കെടുക്കും.
യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് വാർത്താസമ്മേളനത്തിലാണ് അംബ്രല്ല മാർച്ച് പ്രഖ്യാപിച്ചത്.
ചെയ്യാത്ത കുറ്റത്തിനാണു തന്റെ ഭർത്താവ് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടതെന്ന് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട് ആരോപിച്ചു. ഐ.പി.എസ് അസോസിയേഷൻ പിന്തുണച്ചില്ലെന്നും സത്യത്തിനുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു.
കസ്റ്റഡിയിൽ നിന്നു വിട്ടയച്ചു നാളുകൾക്കു ശേഷം മരിച്ച പ്രഭുദാസ് വൈഷ്ണാണി അടക്കമുള്ള 133 പേരും സഞ്ജീവ് ഭട്ടിന്റെ കസ്റ്റഡിയിലായിരുന്നില്ല. കലാപ മേഖലയിൽ അധികച്ചുമതല നൽകപ്പെട്ട സഞ്ജീവ് ഭട്ടും സംഘവും ജംഝോധ്പുർ സ്റ്റേഷനിൽ എത്തുന്നതിനു മുൻപേ തന്നെ അവർ അറസ്റ്റിലായിരുന്നു. ഇവരെ സഞ്ജീവ്ഭട്ട് ചോദ്യം ചെയ്തിരുന്നുമില്ല.
എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കടുത്ത വിമർശകനായിരുന്നു സഞ്ജീവ് ഭട്ടിനെ പ്രതികാര നടപടിയുടെ ഭാഗമായി കള്ളക്കേസിൽ കുടുക്കുകയായിരുന്നു എന്ന് ഒട്ടേറെ വാദങ്ങൾ നിരത്തി ശ്വേതാ ഭട്ട് സമൂഹമാധ്യമങ്ങളിലൂടെ സമർത്ഥിക്കുന്നു.