മുംബൈ:
ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് പരാതിക്കാരിയുടെ കുടുംബം. പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് കോടിയേരിയുടെ പേര് രേഖപ്പെടുത്തിയ പാസ്പോര്‍ട്ടിന്റെ പകര്‍പ്പിനു പിന്നാലെ ബാങ്കിടപാട് രേഖകളും ഹാജരാക്കി ബിഹാറി യുവതി. ബാങ്ക് പാസ്ബുക്കിലും ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്തും ബിനോയിയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്.ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ അന്ധേരി വെസ്റ്റ് ശാഖയിലെ യുവതിയുടെ അക്കൗണ്ടിലേക്ക് ബിനോയ് പല തവണ പണമയച്ചതായുള്ള തെളിവുകള്‍ യുവതി പോലീസിനു കൈമാറി.
50,000 രൂപ മുതല്‍ നാല് ലക്ഷം രൂപ വരെ പലപ്പോഴായി യുവതിക്ക് കൈമാറിയതായി മുംബൈ പോലീസ് അറിയിച്ചു. നേരത്തെ പോലീസിന് കൈമാറിയ രേഖയാണ് ഇപ്പോള്‍ യുവതിയുടെ കുടുംബം പുറത്തുവിട്ടത്. 2009 മുതല്‍ 2015വരെ ബിനോയ് തനിക്ക് പണം തന്നിരുന്നു എന്നായിരുന്നു യുവതിയുടെ മൊഴി. യുവതിയുടെ പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പാസ്പോര്‍ട്ടിന്റെ പകര്‍പ്പും കുടുംബം പുറത്തുവിട്ടിരുന്നു. ഒളിവിലുള്ള ബിനോയ്ക്കായി പോലീസ് തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് വരുംവരെ ലുക്കൗട്ട് നോട്ടീസിറക്കേണ്ടെന്ന തീരുമാനത്തിലാണ് പോലീസുള്ളത്.
ഇന്ന് മുംബൈ സെഷന്‍സ് കോടതി ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് പുറപ്പെടുവിക്കും. കേസില്‍ ബലാല്‍സംഗ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. 2009 മുതല്‍ 2015 വരെ യുവതിയും ബിനോയിയും ഭാര്യാ ഭര്‍ത്താക്കന്‍മാരെപോലെ ജീവിച്ചെന്ന് യുവതി പറയുമ്പോൾ എങ്ങനെയാണ് ബലാത്സംഗക്കുറ്റം നിലനില്‍ക്കുക എന്നായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. എന്നാല്‍ വിവാഹവാഗ്ദാനം നടത്തി ലൈംഗിക ചൂഷണം നടത്തുന്നത് പീഡനത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണെന്നാണ് പ്രോസിക്യൂഷന്‍ വാദം.