മുംബൈ:
ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസിൽ ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി മധ്യസ്ഥ ചർച്ച നടത്തിയത് മുംബൈയിലെ തന്‍റെ ഓഫീസിൽ വച്ചാണെന്ന് അഭിഭാഷകൻ കെ. പി ശ്രീജിത്തിന്റെ വെളിപ്പെടുത്തൽ. ചർച്ചയ്ക്ക് ശേഷം കോടിയേരിയുമായി താൻ ഫോണിൽ സംസാരിച്ചെന്നും അഭിഭാഷകൻ വെളിപ്പെടുത്തി. വിഷയത്തിന്റെ ഗൗരവം കോടിയേരിയോട് പറഞ്ഞുവെന്നും എന്നാൽ, ബിനോയ് പറയുന്നത് മാത്രമാണ് അദ്ദേഹം വിശ്വസിച്ചതെന്നും ശ്രീജിത്ത് കൂട്ടിച്ചേർത്തു. ഇതോടെ വിഷയം നേരത്തെ അറിയില്ലായിരുന്നു എന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം പൊളിയുകയാണ്.
ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനുള്ള ശ്രമമാണ് യുവതിയുടെതെന്നാണ് കോടിയേരിയും പറഞ്ഞത്. അഞ്ച് കോടി രൂപ വേണമെന്ന യുവതിയുടെ ആവശ്യം വിനോദിനി അംഗീകരിച്ചില്ല. ഇപ്പോൾ പണം നൽകിയാൽ പിന്നേയും പണം ചോദിച്ചുകൊണ്ടേയിരിക്കില്ലേ എന്നാണ് ബിനോയ് പറഞ്ഞതെന്നും കെ. പി ശ്രീജിത്ത് വെളിപ്പെടുത്തി. അച്ഛൻ ഇടപെടേണ്ട കാര്യമില്ലെന്നും കേസായാൽ ഒറ്റയ്ക്ക് നേരിടാൻ തയ്യാറാണ് എന്നും ബിനോയ് പറഞ്ഞതായി കെ. പി ശ്രീജിത്ത് പറയുന്നു.
കുഞ്ഞ് ബിനോയിയുടെതാണെന്നും ഡിഎൻഎ പരിശോധന നടത്തണമെന്ന് യുവതി ആവശ്യപ്പെട്ടു എന്നും ഡിഎൻഎ പരിശോധനയുടെ കാര്യം പറഞ്ഞതോടെ ബിനോയ് വൈകാരികമായി പ്രതികരിച്ചുവെന്നും അഭിഭാഷകൻ അറിയിച്ചു. ഇതോടെ മധ്യസ്ഥ ചർച്ച പാതിയിൽ ഉപേക്ഷിക്കേണ്ടിവന്നു എന്നും അദ്ദേഹം കൂട്ടിച്ചര്‍ക്കുന്നു.
അതിനിടെ ബിനോയിയെ കൂടുതൽ കുരുക്കിലാക്കികൊണ്ടു കുട്ടിയുടെ ജനന സർട്ടിഫിക്കറ്റു പുറത്തുവന്നിട്ടുണ്ട്. പരാതിക്കാരിയുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ബിനോയ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010ൽ മുംബൈ മുനിസിപ്പൽ കോർപറേഷനിലാണ് ജനനം റജിസ്റ്റർ ചെയ്തത്. 2015ൽ പുതുക്കിയ പാസ്സ്‌പോർട്ടിൽ ഭർത്താവിന്റെ പേരിന്റെ സ്ഥാനത്തു ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പാസ്സ്‌പോർട്ട് എടുക്കുന്നതിനു മുന്നോടിയായി പരാതിക്കാരി ബിനോയിയുടെ പേരുചേർത്തു തന്റെ പേരു പരിഷ്കരിച്ചിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി ഉണ്ടായെന്നു പരാമർശിച്ച് യുവതി അയച്ച കത്തും പുറത്തുവന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടു നൽകിയ കത്തിലാണ് ഇക്കാര്യമുള്ളത്. ഭീഷണിയിൽ ഭയമുണ്ട്. എങ്കിലും ബിനോയ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. ഒരു പിതാവ് മകനോട് അങ്ങനെ ചെയ്യുമെന്ന് വിചാരിക്കുന്നില്ലെന്നും യുവതി പറയുന്നു. ഡിസംബറിലാണ് യുവതി കത്തയച്ചത്.