കൊച്ചി:
അന്തര്‍സംസ്ഥാന സ്വകാര്യ ബസ്സുകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. സുരേഷ് കല്ലട സംഭവത്തിന്റെ പേരില്‍ സര്‍ക്കാര്‍ തങ്ങളെ മനഃപൂര്‍വം ദ്രോഹിക്കുന്നു എന്ന് ആരോപിച്ചാണ് നാനൂറോളം ബസ്സുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നിര്‍ത്തുന്നത്. ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്. ഇന്ന് മുതല്‍ അയല്‍സംസ്ഥാനങ്ങളിലേക്കും അവിടെ നിന്നും ഒരൊറ്റ ബസ് പോലും ഓടില്ലെന്നാണ് അന്തര്‍സംസ്ഥാന സ്വകാര്യ ബസ്സുടമകള്‍ പറയുന്നത്.
കല്ലട ബസ്സില്‍ യാത്ര ചെയ്യവെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച് പെരുവഴിയിലിറക്കിവിടുക, അതും കഴിഞ്ഞ് രണ്ടുമാസം തികയും മുമ്പ് യാത്രക്കാരിക്ക് നേരെ ബസ്സിനുളളില്‍ ബസ് ജീവനക്കാരന്റെ പീഡന ശ്രമം അങ്ങനെ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് കല്ലട ബസ്സിനെതിരായ പരാതികള്‍. ഇതരസംസ്ഥാന ബസ്സുകളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടുമെന്ന് സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച ഘട്ടത്തിലാണ് അനിശ്ചിതകാല സമരവുമായി ബസ്സുടമകളുടെ വരവ്.
ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പരിശോധന അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനിടെ അന്തര്‍ സംസ്ഥാന സ്വകാര്യ ബസ്സുകളുടെ കൊള്ള തടയാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എം. രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കി. ജസ്റ്റിസ് എം. രാമചന്ദ്രന്‍ അധ്യക്ഷനായ കമ്മീഷന്‍ നാലു പേജുളള ഇടക്കാല റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. ഉത്സവ സീസണുകളിലടക്കം തിരക്കുളള സമയത്ത് സാധാരണ നിരക്കിനേക്കാള്‍ 12 ശതമനത്തിലധികം നിരക്ക് വാങ്ങാന്‍ ബസ്സുടമകളെ അനുവദിക്കരുതെന്നാണ് കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇത്തരം ബസ്സുകളുടെ മരണപ്പാച്ചിലും ചൂഷണവും അവസാനിപ്പിക്കാന്‍ സമഗ്രമായ റിപ്പോര്‍ട്ടും വൈകാതെ തയാറാക്കുമെന്ന് ജസ്റ്റിസ് എം. രാമചന്ദ്രന്‍ അറിയിച്ചു.