പാരസെറ്റാമോൾ എന്നാൽ നമ്മളെ സംബന്ധിച്ച് എല്ലാ രോഗങ്ങൾക്കുമുള്ള ഒറ്റമൂലിയാണ്. പനി ആയാലും തലവേദനയോ വയറു വേദനയോ ആയാലോ ഇനി സന്ധി വേദന ആയാലും പാരസെറ്റാമോൾ ആയിരിക്കും മിക്കവരേയും ആദ്യം കഴിക്കുന്ന മരുന്ന്. എന്നിട്ടും കുറഞ്ഞില്ലെങ്കിൽ മാത്രമാണ് ആശുപത്രിയിൽ തന്നെ പോകുന്നത്! പാരസെറ്റാമോളിന്റെ ദൂഷ്യ വശങ്ങളെ പറ്റി നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടും ഉണ്ട്. എന്നിട്ടും നമ്മുടെ ഉപയോഗം മാത്രം മാറ്റമില്ലാതെ തുടരുന്നു.
ഇനി ഇതാ മറ്റുപലർക്കും സന്തോഷം തരുന്ന വാർത്ത. പാരസെറ്റാമോളിനു പകരം ഇനി മുതൽ ബിയർ കുടിച്ചാൽ എല്ലാ രോഗങ്ങളെയും പമ്പ കടത്താം. ഒരു ബോട്ടിൽ ബിയർ കുടിക്കുമ്പോൾ ഒരു പാരസെറ്റാമോൾ കഴിക്കുന്നതിനേക്കാൾ 25 ശതമാനത്തിലധികം ആശ്വാസം ലഭിക്കുമെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.
ഇൻഗ്ലണ്ടിലെ ഗ്രീൻവിച്ച് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിനു പിന്നിൽ. ഈ വിഷയത്തിൽ പതിനെട്ടോളം പഠനങ്ങൾ നടത്തിയിട്ടാണ് ഇത്തരമൊരു നിഗമനത്തിൽ അവർ എത്തിച്ചേർന്നത്. മിതമായ അളവിൽ ബിയർ കുടിക്കുമ്പോൾ ശരീരത്തിലെ ആൽക്കഹോളിന്റെ അളവ് 0.08 % ഉയരുകയും ഇത് വേദന സംഹാരിയായി പ്രവർത്തിക്കും എന്നും റിപ്പോർട്ടിൽ പറയുന്നു. കൗതുകകരമായ ഈ കണ്ടെത്തലിനു നേതൃത്വം നൽകിയത് ഡോ. ട്രെവർ തോംസണാണ്.
എന്നാൽ നമ്മുടെ ഡോക്ടർമാർ ബിയർ മരുന്നായി നിർദ്ദേശിക്കുമോ എന്നു കാത്തിരുന്നു കാണാം.