Wed. Nov 6th, 2024

ഡോ.ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ക്ക് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം. ഇരുപത്തിരണ്ടാമത് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരത്തിളക്കവുമായി മലയാള സിനിമ. ഇന്ദ്രന്‍സിനെ നായകനാക്കി ഡോ.ബിജു സംവിധാനം ചെയ്ത ചിത്രമാണ് ഔട്ട്സ്റ്റാന്റിങ് ആര്‍ട്ടിസ്റ്റിക്ക് അച്ചീവ്‌മെന്റ് പുരസ്‌കാരം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഹാങ്ഹായ് മേളയില്‍ ഒരു മലയാള സിനിമയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത്.

എപ്പോഴും വെയിലത്ത് നില്‍ക്കാന്‍ വിധിക്കപ്പെട്ട ചില മനുഷ്യരുടെ അതിജീവനത്തിന്റെയും പലായനത്തിന്റെയും കഥയാണ് വെയില്‍മരങ്ങള്‍ പറയുന്നത്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും ഡോ. ബിജുവാണ്. ഗോള്‍ഡന്‍ ഗോബ്ലെറ്റ് വിഭാഗത്തിലാണ് ചിത്രം മത്സരത്തിനുണ്ടായത്. 112 രാജ്യങ്ങളില്‍ നിന്നായി 3964 ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ മത്സരിക്കാന്‍ എത്തിയത്. ഇതില്‍ 14 ചിത്രങ്ങളാണ് അവസാന പട്ടികയില്‍ ഇടം നേടിയത്.

ടര്‍ക്കിഷ് സംവിധായകനായ നൂറി ബില്‍ഗേ സെയ്ലാന്‍ ആണ് ഇത്തവണ ഷാങ്ഹായി ചലച്ചിത്ര മേളയുടെ ഗോള്‍ഡന്‍ ഗോബ്ലറ്റ് മത്സര വിഭാഗം ജൂറി ചെയര്‍മാന്‍. ഡോ. ബിജു രണ്ടാം തവണയാണ് ഷാങ്ഹായ് ഇന്റര്‍നാഷനല്‍ ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തില്‍ സിനിമയുമായി എത്തുന്നത്. 2012 ല്‍ ആകാശത്തിന്റെ നിറത്തിനു ശേഷം 2019 ല്‍ ആണ് മറ്റൊരു ഇന്ത്യന്‍ ചിത്രം ഷാങ്ഹായിയില്‍ പ്രധാന മത്സരത്തിനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *