ലീഡ്‌സ് :
ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ശക്തരായ ഇംഗ്ലണ്ടിനെതിരെ മിന്നും വിജയത്തോടെ ശ്രീലങ്ക സെമി പ്രതീക്ഷകൾ നിലനിർത്തി. നിർണായക മൽസരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ 20 റൺസിനാണ് ശ്രീലങ്ക തോൽപ്പിച്ചത്. ശ്രീലങ്ക ഉയർത്തിയ താരതമ്യേന ചെറുതായ 233 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 47 ഓവറിൽ 212 റൺസെടുക്കാനേ സാധിച്ചുള്ളു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കക്കു കൂറ്റൻ സ്കോർ നേടാനായില്ല. ശ്രീലങ്കൻ ബാറ്റിംഗിൽ 115 പന്തിൽ 85 റണ്‍സുമായി എയ്ഞ്ചലോ മാത്യൂസ് പുറത്താകാതെനിന്ന് ലങ്കയെ പൊരുതാനുള്ള സ്കോറിൽ എത്തിച്ചു. കുശാൽ മെൻഡിസിനൊപ്പം നാലാം വിക്കറ്റിൽ 71 റണ്‍സിന്റെയും ധനഞ്ജയ ഡിസിൽവയ്ക്കൊപ്പം ആറാം വിക്കറ്റിൽ 57 റണ്‍സിന്റെയും കൂട്ടുകെട്ടുകൾ മാത്യൂസ് ഉണ്ടാക്കി. ധനഞ്ജയ 47 പന്തിൽ 29 റണ്‍സ് നേടി. കുശാൽ മെൻഡിസ് 68 പന്തിൽ രണ്ട് ഫോറിന്റെ സഹായത്താൽ 46 റണ്‍സ് എടുത്തു.
ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർച്ചർ, മാർക് വുഡ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആദിൽ റാഷിദ് രണ്ടും ക്രിസ് വോക്സ് ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ലസിത് മലിംഗയുടെ മാസ്മരിക പേസ് ആക്രമണത്തിൽ ഇംഗ്ലണ്ട് കടപുഴകുകയായിരുന്നു.ആദ്യ ഓവറിൽ ഒരു റൺ ആയപ്പോൾ തന്നെ ലസിത് മലിംഗയുടെ പന്തിൽ ഓപ്പണർ ജോണി ബെയർസ്റ്റോ ഗോൾഡൻ ഡക്ക് ആയി. സ്കോർബോർഡിൽ 26 റണ്‍സ് ഉള്ളപ്പോൾ ഓപ്പണർ ജയിംസ് വിൻസിയും (14 റണ്‍സ്) മലിംഗയ്ക്കു മുന്നിൽ കീഴടങ്ങി. 89 പന്തിൽ മൂന്ന് ഫോറിന്റെ സഹായത്തോടെ 57 റണ്‍സ് നേടിയ റൂട്ടിനെയും മലിംഗ മടക്കി. ബെൻ സ്റ്റോക്സ് (89 പന്തിൽ 82 ), ജോറൂട്ട് (89 പന്തിൽ 57) എന്നിവർക്കല്ലാതെ മറ്റാർക്കും ഇംഗ്ലിഷ് നിരയില്‍ തിളങ്ങാനായില്ല. മൊയീൻ അലി (16 റണ്‍സ്), ക്രിസ് വോക്സ് (രണ്ട് റണ്‍സ്), ആദിൽ റഷീദ് (ഒരു റണ്‍) എന്നിവരെ പുറത്താക്കി ധനഞ്ജയ ഡിസിൽവ ലങ്കയെ ജയത്തിലേക്ക് അടുപ്പിച്ചു. 82 റണ്സെടുത്ത് അവസാനം വരെ പൊരുതിയ ബെൻ സ്റ്റോക്സിന് ഇംഗ്ലണ്ടിനെ വിജത്തിലെത്തിക്കാനായില്ല.
43 റണ്‍സിന് നാല് നിർണായക വിക്കറ്റുകൾ സ്വന്തമാക്കി ലസിത് മലിംഗ കളിയിലെ താരമായി. രണ്ടാം ജയത്തോടെ ആറ് മൽസരങ്ങളിൽനിന്ന് 6 പോയിന്റുമായി ശ്രീലങ്ക അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ഇംഗ്ലണ്ട് പോയിന്റു പട്ടികയിൽ മൂന്നാമതാണ്. ഇന്ത്യയും അഫ്‌ഗാനിസ്ഥാനും തമ്മിലാണ് ഇന്നത്തെ മത്സരം.