തിരുവനന്തപുരം:
‘കേരള നീം ജി ‘ കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ. കേരള നീം ജി വാണിജ്യ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതി കേരള ഓട്ടോ മൊബൈല്‍സിന് ലഭിച്ചു. പരീക്ഷണ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ഇലക്ട്രിക് ഓട്ടോ വിശദമായ പരിശോധന നടത്തിയ ശേഷമാണ് വാണിജ്യ അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനുള്ള യോഗ്യത കേന്ദ്രം നല്‍കിയത്. ഇ ഓട്ടോ നിര്‍മ്മാണത്തിന് യോഗ്യത നേടുന്ന ആദ്യ പൊതുമേഖലാസ്ഥാപനമായി കെ.എ.എല്‍.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ കെ.എ.എല്ലിന്റെ പ്ലാന്റില്‍ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ഒരു വര്‍ഷത്തിനകം 15,000 ഓട്ടോ നിരത്തിലിറക്കാനാണ് പദ്ധതി.
അന്തരീക്ഷമലിനീകരണം, ശബ്ദമലിനീകരണം, ഇന്ധനചെലവ് എന്നിവ കുറയും എന്നതാണ് ഇലക്ട്രിക് ഓട്ടോയുടെ പ്രത്യേകത. ഇലക്ട്രിക് ഓട്ടോക്ക് ഒരു കിലോമീറ്റര്‍ ഓടാന്‍ അമ്പത് പൈസയാണ് ചെലവ്. ഒരുതവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ യാത്ര ചെയ്യാമെന്നും കണക്കാക്കുന്നു.
പ്രതിസന്ധിയിലായിരുന്ന കെ.എ.എല്ലിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇ ഓട്ടോ നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നത്. ഇ ഓട്ടോ പദ്ധതിക്കായി കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപയും ഇത്തവണ ആറു കോടി രൂപയും അനുവദിച്ചിരുന്നു. ഇ- വെഹിക്കിള്‍ നയം അംഗീകരിച്ച സര്‍ക്കാര്‍ ഇത്തരം വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.