എറണാകുളം:
പാലാരിവട്ടം മേൽപ്പാലത്തിനു പിന്നാലെ അടുത്തിടെ പണി പൂർത്തിയായ നെട്ടൂർ-കുണ്ടന്നൂർ സമാന്തര പാലത്തിലും വിള്ളൽ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് പാലത്തിൽ വിള്ളൽ കണ്ടെത്തിയത്. ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് പാലത്തിലെ വിള്ളൽ ആദ്യം ശ്രദ്ധിച്ചത്. മഴവെള്ളം പാലത്തിന്റെ മുകളിലേക്ക് സ്പ്രേ രൂപത്തിൽ ഉയരുന്നതു കണ്ടതോടെയാണ് വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്. ഉപരിതലത്തിൽനിന്ന് പാലത്തിലെ വിള്ളലിലൂടെ താഴേക്കിറങ്ങിയ വെള്ളം ഭാരവാഹനങ്ങൾ പോകുമ്പോൾ മുകളിലേക്ക് ഉയരുകയായിരുന്നു.
വിവരമറിഞ്ഞ് നാട്ടുകാരും, എം.എൽ.എ. എം. സ്വരാജ്, മരട് നഗരസഭാ ചെയർപേഴ്സൺ ടി.എച്ച്. നദീറ എന്നിവരും സ്ഥലത്തെത്തി. പരിശോധനയ്ക്കായി പി.ഡബ്ല്യു.ഡി. അധികൃതരും എത്തി. വിവരം പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെ ഫോണിൽ അറിയിച്ചതായും പരിശോധന നടത്താൻ, മന്ത്രി പി.ഡബ്ല്യു.ഡി. അധികൃതരോടാവശ്യപ്പെട്ടതായും എം. സ്വരാജ് എം.എൽ.എ. പറഞ്ഞു.
പ്രാഥമിക പരിശോധനയിൽ ആശങ്കപ്പെടാനില്ലെന്ന് സ്ഥലത്ത് പരിശോധന നടത്തിയ പി.ഡബ്ല്യു.ഡി. അധികൃതർ വ്യക്തമാക്കി. പുതിയ സംവിധാനമനുസരിച്ച് പാലത്തിൽ ടാറിങ് നടത്താറില്ല. വെയിലേറ്റ് ടാർ കട്ടപിടിച്ച് ഉരുണ്ടുകൂടി അപകടമുണ്ടാകുന്നതിനാലാണ് ഇത് ഒഴിവാക്കിയത്.
പകരം പാലങ്ങളുടെ സ്പാനിന്റെ മുകളിൽ മൂന്നിഞ്ച് കനത്തിൽ കോൺക്രീറ്റ് മിശ്രിതം ഉറപ്പിക്കുകയാണ് ചെയ്യാറുള്ളത്. ഉപരിതല പാളിയിൽ ഇത്തരം വിള്ളൽ സ്വാഭാവികമാണെന്നും, ഇതിൽ ആശങ്കപ്പെടാനില്ലെന്നും പി.ഡബ്ല്യു.ഡി. എക്സിക്യുട്ടീവ് എൻജിനീയർ പി. ഇന്ദു പറഞ്ഞു.
29 കോടി രൂപ മുടക്കി പി.ഡബ്ല്യു.ഡിയാണ് പാലം നിർമിച്ചത്. ഒരു കോടി മുടക്കി അപ്രോച്ച് റോഡും നിർമിച്ചു. ആറു മാസം മുമ്പാണ് പാലം യാത്രയ്ക്കായി തുറന്നുകൊടുത്തത്. ഔദ്യോഗിക ഉദ്ഘാടനം നടത്തിയിട്ടില്ല. നിർമ്മാണ ഘട്ടത്തിൽ തന്നെ പാലത്തിന്റെ ഒരു സ്പാൻ തകർന്നുവീണത് വിവാദമായിരുന്നു. പാലം നിർമ്മാണത്തിൽ അഴിമതി നടന്നതായി കാണിച്ച് സംവിധായകൻ മേജർ രവി കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ഈ കേസ് നടക്കുന്നുമുണ്ട്.