ജയ്‌പൂർ:
19 പാക് പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി രാജസ്ഥാന്‍ സര്‍ക്കാര്‍. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍വരെയുള്ള കണക്കാണിത്. ഇന്ത്യയില്‍ പത്ത് വര്‍ഷത്തിലേറെയായി താമസിക്കുന്നവര്‍ക്കാണ് പൗരത്വം കിട്ടിയത്. തീര്‍ത്ഥാടകരുടെയോ സന്ദര്‍ശക വിസയിലോ വര്‍ഷങ്ങള്‍ക്കുമുമ്പ് പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തി ഇവിടെ കുടിയേറിപ്പാര്‍ത്തവരാണിവര്‍.
എല്ലാവരും പാക് ഹിന്ദുക്കളാണ്. പടിഞ്ഞാറന്‍ രാജസ്ഥാനിലെ ബാര്‍മര്‍, ജയ്‌സാല്‍മീര്‍, ജലൂര്‍, പാലി എന്നിവിടങ്ങളില്‍ പാക്കിസ്ഥാനില്‍ നിന്ന് 20,000 ത്തിലധികം കുടിയേറ്റക്കാര്‍ താമസിക്കുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരാണ്, എല്ലാവരും പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ജനിച്ചുവളര്‍ന്നവരാണ്.
പീഡനവും നിര്‍ബന്ധിത മതപരിവര്‍ത്തനവും കാരണം പാക്കിസ്ഥാൻ ഉപേക്ഷിച്ചെത്തിയവരാണ് ഭൂരിഭാഗവും. ഒരു ദശാബ്ദത്തിലേറെയായി തിരിച്ചറിയല്‍ കാര്‍ഡോ സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ഒന്നുമില്ലാതെയാണ് ഇവര്‍ ഇന്ത്യയില്‍ താമസിക്കുന്നത്. പൗരത്വ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാത്തതിനാല്‍ സര്‍ക്കാരിന്റെ ഒരു ക്ഷേമ പദ്ധതിയുടെയും ഗുണം ഇവര്‍ക്ക് ലഭിക്കില്ല.