Mon. Dec 23rd, 2024

കേരള രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത വിപ്ലവ നക്ഷത്രം കെ.ആർ ഗൗരിയമ്മ എന്ന കളത്തിപ്പറമ്പിൽ രാമൻ ഗൗരിയമ്മ ഇന്ന് തന്റെ ജീവിതത്തിൽ ഒരു നൂറ്റാണ്ടു പിന്നിടുകയാണ്. ഗൗരിയമ്മയുടെ ജീവിതത്തെ കേരള രാഷ്ട്രീയ ചരിതത്തിലെ ഒരു അത്ഭുതമായി തന്നെ വിശേഷിപ്പിക്കാം .

സ്ത്രീകൾ അകത്തളങ്ങളിൽ കഴിഞ്ഞു കൂടിയ ഒരു കാലഘട്ടത്തിൽ സാമൂഹ്യ സാഹചര്യങ്ങളിലെ പ്രതിബന്ധങ്ങളോട് പടവെട്ടിയാണ് സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയ നേതാവാകാൻ ഗൗരിയമ്മയ്ക്ക് കഴിഞ്ഞത്.

ചേർത്തല താലൂക്കിലെ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14-നാണു് ഗൗരിയമ്മ ജനിച്ചതു്. തുറവൂര്‍ തിരുമല ദേവസ്വം സ്കൂളിലും ചേര്‍ത്തല ഇംഗ്ലീഷ് സ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസിലും സെന്‍റ് തെരേസാസിലുമായി ബിരുദപഠനം. തുടര്‍ന്ന് തിരുവനന്തപുരം ഗവണ്‍മെന്‍റ് ലോ കോളേജില്‍ നിന്നും നിയമബിരുദം.

സഹോദരന്‍ സുകുമാരന്‍ പകര്‍ന്ന വീര്യമാണ് ഗൗരിയമ്മയെ രാഷ്ട്രീയക്കാരിയാക്കിയത്. മര്‍ദ്ദിതരുടെയും ചൂഷിതരുടെയും യാതനകള്‍ക്കെതിരെ പോരാട്ടത്തിനുറച്ച് സമരഭുവിലിറങ്ങിയ ഗൗരിയമ്മ ചെങ്കൊടിക്കൊപ്പമാണ് രാഷ്ട്രീയ യാത്ര തുടങ്ങിയത്.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയും ജനസേവനരംഗത്തിറങ്ങി. സ്ത്രീകള്‍ക്ക് പ്രവര്‍ത്തനമില്ലാതിരുന്ന കേരള രാഷ്ട്രീയത്തിലിടം നേടിയത്. ട്രേഡ് യൂണിയന്‍ – കര്‍ഷക പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലൂടെയാണ്. ദീര്‍ഘകാലം കേരള കര്‍ഷകസംഘം പ്രസിഡന്‍റായിരുന്നു.

1948ല്‍ തിരുക്കൊച്ചി നിയമസഭയിലേക്കുളള കന്നി മല്‍സരത്തില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് തുടര്‍ച്ചയായ വിജയങ്ങളായിരുന്നു ഗൗരിയമ്മയ്ക്ക് രാഷ്ട്രീയ ജീവിതത്തിലുണ്ടായത്. 1952 ലും 54 ലും തിരു-കൊച്ചി നിയമസഭയില്‍ വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. 1957 ല്‍ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റു മന്ത്രിസഭയില്‍ റവന്യു മന്ത്രിസ്ഥാനം അലങ്കരിച്ചു. വിവാദമായ കാര്‍ഷിക പരിഷ്കരണ നിയമം പാസ്സാക്കിയത് ഈ സമയത്താണ്. ഇതേ വര്‍ഷം തന്നെയായിരുന്നു പ്രമുഖ നേതാവും മന്ത്രിയുമായിരുന്ന ടി. വി. തോമസുമായുള്ള വിവാഹം. എന്നാൽ 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അവർ വിഭിന്ന ചേരികളിലായി.

കേരളസംസ്ഥാനത്തിന്റെ ആവിർഭാവത്തോടെ അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതൽ പതിനൊന്നുവരെ എല്ലാ നിയമസഭകളിലും ഗൗരിയമ്മ അംഗമായിരുന്നിട്ടുണ്ടു്. പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്നു ഗൗരിയമ്മ. ഏറ്റവുമധികം തവണ തിരഞ്ഞെടുക്കപ്പെട്ടയാൾ എന്ന റിക്കോർഡ് ഗൗരിയമ്മയുടെ പേരിലാണ്. കേരളത്തിലെ ആദ്യ വനിതാ മന്ത്രി , ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം(85 വയസ്), ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ വേറെയും പല റിക്കോർഡുകൾ ഗൗരിയമ്മയുടെ പേരിലുണ്ട്.

കേരളത്തിൽ വിവിധകാലങ്ങളിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എ.കെ ആന്റണിയും, ഉമ്മൻ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവർ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. സി.പി.എം അംഗമായിരുന്ന ഗൗരിയമ്മ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപവത്കരിച്ചു. കെ.ആർ. ഗൗരിയമ്മയുടെ ആത്മകഥ 2010-ൽ ആത്മകഥ-കെ.ആർ. ഗൗരിയമ്മ എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു.

ചരിത്രപ്രധാനമായ കേരളകാർഷികപരിഷ്കരണനിയമം (1957), കേരള സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ നിയമം (1958) എന്നിവ നിയമസഭയിൽ അവതരിപ്പിച്ചതും പാസ്സാക്കിയതും നടപ്പിൽ വരുത്തിയതും. കേരളത്തിന്റെ പിൽക്കാല സാമ്പത്തിക-സാമൂഹ്യചരിത്രഗതി നിർണ്ണയിക്കുന്നതിൽ ഈ ബില്ലുകൾ ഗണ്യമായ പങ്കു ബഹിച്ചിട്ടുണ്ടു്. ഗൗരിയമ്മയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിച്ചതും നടപ്പിലാക്കിയതുമായ മറ്റൊരു പ്രധാനനിയമമായിരുന്നു അഴിമതിനിരോധനബിൽ. കേരളത്തിൽ 1960-70-കളിൽ നടപ്പിലാക്കിയ വിപ്ലവകരമായ ഭൂപരിഷ്കരണ നിയമത്തിന്റെ പ്രമുഖശില്പി കൂടിയാണ് ഗൗരിയമ്മ.

റെവന്യൂ വകുപ്പിനു പുറമേ, ഗൗരിയമ്മ വിജിലൻസ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾക്കും നേതൃത്വം കൊടുത്തു് പ്രഗല്ഭയായ ഒരു മന്ത്രിയെന്ന നിലയിൽ അവരുടെ കഴിവു തെളിയിച്ചു.

ഗൗരിയമ്മയുടെ ഭരണ നൈപുണ്യത്തെ കുറിച്ച് രാഷ്ട്രീയ എതിരാളികൾക്ക് പോലും എതിരഭിപ്രായമില്ല . എന്നാൽ ആരുടെയും സമ്മർദ്ദത്തിന് വഴങ്ങാതെ തന്റേതായ വ്യക്തിത്വം കാത്തു സൂക്ഷിക്കാൻ അവർക്കു കഴിഞ്ഞു. ഭർത്താവ് സി,പി.ഐ യിലേക്ക് പോയപ്പോളും തന്റെ ആദർശം കാത്തു സൂക്ഷിച്ചു അവർ മാർകിസ്റ്റ് പാർട്ടിയോടൊപ്പം നിന്നത് ഇതിനു തെളിവാണ്. ഈ ചങ്കൂറ്റം തന്നെയാണ് പിന്നീട് അവർക്കു സി.പി.എമ്മിൽ നിന്നും പുറത്തു പോകാൻ കാരണമാക്കിയതെന്നും ചരിത്രമാണ്.മാർക്സിസ്റ്റ് പാർട്ടിയിൽ നിന്ന് ഗൗരിയമ്മ പുറത്താക്കപ്പെട്ട സമയത്ത്, പ്രസിദ്ധ മലയാളകവി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ ‘ഗൗരി’ എന്ന കവിത ഈ വീക്ഷണം പ്രതിഫലിപ്പിക്കുന്നുണ്ട്.

“കരയാത്ത ഗൗരി, തളരാത്ത ഗൗരി,
കലികൊണ്ടുനിന്നാൽ, അവൾ ഭദ്രകാളി.
ഇതുകേട്ടുകൊണ്ടേ, ചെറുബാല്യമെല്ലാം,
പതിവായി ഞങ്ങൾ ഭയമാറ്റി വന്നു”.

Leave a Reply

Your email address will not be published. Required fields are marked *