ബംഗളൂരു:
കര്‍ണ്ണാടകയില്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുൻപു തന്നെ ഇടക്കാല തിരഞ്ഞെടുപ്പു വേണ്ടിവരുമെന്ന ജനതാദള്‍ നേതാവ് എച്ച്.ഡി ദേവഗൗഡയുടെ പ്രസ്താവന തള്ളി കോണ്‍ഗ്രസ്.
സഖ്യസര്‍ക്കാരിന് മേല്‍ ഒരു ഭീഷണിയുമില്ലെന്നും സര്‍ക്കാര്‍ കാലാവധി തികയ്ക്കുമെന്നും ഇടക്കാല തിരഞ്ഞെടുപ്പിന്റെ ആവശ്യം ഇല്ലെന്നുമായിരുന്നു കര്‍ണ്ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവു പറഞ്ഞത്. “അത് അദ്ദേഹത്തിന്റെ (ദേവഗൗഡ)മാത്രം അഭിപ്രായമാണ്. ഇത്തരം പ്രസ്താവനകള്‍ അദ്ദേഹം നിരന്തരം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിലൊന്നും സത്യമില്ല. അദ്ദേഹത്തിന്റെ പ്രസ്താവനയെ കുറിച്ച് അദ്ദേഹം തന്നെ വിശദീകരിക്കട്ടെ,”എന്നായിരുന്നു ദിനേഷ് ഗുണ്ടു റാവു പറഞ്ഞത്.
ദേവഗൗഡ പറഞ്ഞതിനെ തള്ളി മുഖ്യമന്ത്രിയും മകനുമായ എച്ച്.ഡി കുമാരസ്വാമിയും രംഗത്തെത്തി. ‘ഇടക്കാല തിരഞ്ഞെടുപ്പിനെ കുറിച്ചല്ല അദ്ദേഹം പറഞ്ഞതെന്നും പ്രാദേശിക തിരഞ്ഞെടുപ്പിനെ കുറിച്ചാണ് പറഞ്ഞതെന്നുമായിരുന്നു കുമാരസ്വാമിയുടെ വാദം. അടുത്ത നാലു വര്‍ഷവും കര്‍ണ്ണാടക കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം തന്നെ ഭരിക്കുമെന്നും കുമാരസ്വാമി പറഞ്ഞു.