Wed. Jan 22nd, 2025
തൃശൂർ:

ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ഘോര ഘോരം പ്രസംഗിക്കുന്ന ഇടതു പക്ഷം കേരളം ഭരിക്കുമ്പോൾ ആവിഷ്കാര സ്വാതന്ത്ര്യം തുടർച്ചയായി ഹനിക്കപ്പെടുന്നു. ബലാൽസംഗ കേസിൽ പെട്ട മുൻ ബിഷപ്പ് ഫ്രാങ്കോയെ പരാമർശിക്കുന്ന കാർട്ടൂണിനു ലഭിച്ച അവാർഡ് പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെ സർക്കാർ തങ്ങൾക്കു അനഭിമതനായി സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പി ജേക്കബ് തോമസിന്റെ ആത്മകഥ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പ്രസാധകരായ കറന്റ് ബുക്ക്‌സിനെ വേട്ടയാടുന്നതായി പരാതി.

‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ആത്മകഥ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ കഴിഞ്ഞ ആഴ്ചയാണ് തൃശൂർ കറന്റ് ബുക്ക്സ് ഓഫീസിൽ ക്രൈംബ്രാഞ്ച് എത്തി പരിശോധന നടത്തിയത്. പ്രൂഫ് റീഡർമാരുടെയും എഡിറ്റര്‍മാരുടെയും മൊഴി എടുത്ത സംഘം കമ്പ്യൂട്ടറുകളും പരിശോധിച്ചു. ജേക്കബ് തോമസുമായി നടത്തിയ എല്ലാ ഇടപാടുകളുടെയും വിവരങ്ങൾ രേഖാ മൂലം നൽകണമെന്നാണ് പോലീസ് പ്രസാധകർക്കു നൽകിയ നിർദേശം. മത സ്പര്‍ധ വളർത്തുന്നതോ കലാപത്തിന് വഴി വയ്ക്കുന്നതോ ആയ ഒന്നും പുസ്തകത്തിൽ ഇല്ല എന്നിരിക്കെ പ്രസാധകർക്കെതിരായ നടപടി ആവിഷ്കാര സ്വാതന്ത്ര്യത്തിനു എതിരാണെന്നാണ് വാദം. ജേക്കബ് തോമസ് സർവീസ് ചട്ടങ്ങൾ ലംഘിച്ചോ എന്ന് സർക്കാർ ആണ് പരിശോധിക്കേണ്ടത് പ്രസാധകർ അല്ലെന്നും കറന്റ് ബുക്ക്സ് പറയുന്നു.

പുസ്തകം പ്രസിദ്ധീകരിച്ചവരെ പോലും വേട്ടയാടുന്ന സര്‍ക്കാര്‍ നിലപാട് ലജ്ജാകരമാണെന്ന് പ്രസിദ്ധ എഴുത്തുകാരി സാറാ ജോസഫ് പ്രതികരിച്ചു. സമീപ കാലത്തെ സംഭവങ്ങളിൽ സർക്കാർ നിലപാട് കലാകാരന്മാർക്ക് എതിരാണ് എന്നത് വ്യക്തമാണെന്നും കാർട്ടൂൺ വിവാദത്തെ സൂചിപ്പിച്ചു സാറ ജോസഫ് പറഞ്ഞു. പിന്നാലെ എഴുത്തുകാരി ഗീതയും രംഗത്തെത്തി.

ആറു എഡിഷനുകൾ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ 50000 ലധികം കോപ്പികൾ ഇതുവരെ വിറ്റു പോയിട്ടുണ്ട്. ആദ്യ എഡിഷന്റെ പ്രകാശനത്തിന് തിരുവനന്തപുരത്തു നടന്ന പുസ്തക പ്രകാശന ചടങ്ങിന് വരാമെന്നു മുഖ്യമന്ത്രി സമ്മതിച്ചെങ്കിലും അവസാന നിമിഷം പിന്മാറുക ആയിരുന്നു.

ക്രൈംബ്രാഞ്ച് നടപടിയില്‍ പ്രതിഷേധിച്ച് എഴുത്തുകാരുടെ സമ്മേളനം സംഘടിപ്പിക്കുമെന്ന് സാറാ ജോസഫ് വ്യക്തമാക്കി. എന്നാൽ പൊതുവെ ഇടതു പക്ഷം ചേർന്ന് നടക്കുന്ന സാഹിത്യകാരന്മാരും, കലാകാരന്മാരും സർക്കാരിന്റെ ഇത്തരം നിലപാടുകൾ വിമർശനം രേഖപ്പെടുത്തി അപ്രീതി സമ്പാദിക്കാൻ തയ്യാറാകുന്നില്ല എന്നതാണ് വസ്തുത. കേരളത്തിലെ അനുദിന സംഭവ വികാസങ്ങളിൽ പോലും രാഷ്ട്രീയം നോക്കി അനുകൂല സാഹചര്യങ്ങളിൽ മാത്രമാണ് സാംസ്‌കാരിക നായകന്മാരുടെ പ്രതികരണം ഉണ്ടാകുന്നുള്ളൂ എന്ന് പരക്കെ വിമർശനം ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *