കൊച്ചി :
സുപ്രീം കോടതിയിലെ കേസിനെ കുറിച്ചോ സി.ആര്‍.ഇസഡ് നിയമലംഘനത്തെ കുറിച്ചുള്ള ആക്ഷേപങ്ങളോ യഥാസമയം ബില്‍ഡര്‍ അറിയിച്ചിരുന്നില്ലെന്നും, തീരമേഖല പരിപാലന നിയമപ്രകാരമുള്ള മാപ്പിംഗ് പിഴവുകൾക്ക് തങ്ങൾ ബലിയാടാവുകയായിരുന്നുവെന്നും സുപ്രീം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട ഫ്ലാറ്റുകളിൽ ഒന്നായ കൊച്ചി മരടിലെ ആല്‍ഫാ സെറീന്‍ ഫ്ലാറ്റ് ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആൽഫ സെറീൻ അപ്പാർട്ട്മെന്റ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് റഷീദ് ഉസ്മാൻ, സെക്രട്ടറി സെൻ ഈപ്പൻ, വക്താവ് സുരാജ് കൃഷ്ണ എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഫ്ലാറ്റ് ഉടമകളുടെ വാദം :
ബിൽഡർ നൽകിയ അംഗീകാരം പത്രങ്ങളും ബാങ്ക് വായ്പ സംബന്ധിച്ച രേഖകളും പരിശോധിച്ചാണ് ഫ്ളാറ്റ് വാങ്ങിയത്. സ്റ്റാമ്പ് നികുതി, കെട്ടിടനികുതി, ഭൂനികുതി, എന്നിവയെല്ലാം കൃത്യമായി അടച്ചിട്ടുണ്ട്. വൈദ്യുതി, എല്‍ പി ജി ചാര്‍ജുകളും നല്‍കുന്നുണ്ട്. അപ്പോഴൊന്നും യാതൊരു നിയമപ്രശ്‌നങ്ങളും ആരും ചൂണ്ടിക്കാട്ടിയിരുന്നില്ല. ചട്ട പ്രകാരമല്ല ഫ്ലാറ്റുകൾ പണിതുയര്‍ത്തിയതെങ്കില്‍ നിര്‍മ്മാണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ നോട്ടീസ് നല്‍കുകയോ നിര്‍മാണം നിര്‍ത്തി വെയ്പ്പിക്കുകയോ സർക്കാരിന് ചെയ്യാമായിരുന്നു.
ഫ്‌ളാറ്റ് വാങ്ങാനായി അഞ്ചോളം ബാങ്കുകള്‍ വായ്പ്പ നല്‍കിയിട്ടുണ്ട്. ബാങ്കുകളും നിയമലംഘനങ്ങളെ കുറിച്ച് പറഞ്ഞില്ല. ഇപ്പോള്‍ കൃത്യമായി വായ്പ്പ അടയ്ക്കുന്നവര്‍ക്ക് പോലും ബാക്കി തുക ഇത്രയുണ്ടെന്ന് കാട്ടി ബാങ്ക് അറിയിപ്പുകള്‍ നല്‍കുന്നുണ്ട്.
ആല്‍ഫാ സെറീന്‍ വിലാസത്തില്‍ ആധാര്‍, വോട്ടര്‍ കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സ്, പാസ്സ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ് എന്നിവ ഇവിടത്തെ താമസക്കാര്‍ക്കുണ്ട്. കിടപ്പ് രോഗികളും, വിധവകളും പ്രായമായവരുമൊക്കെ ഇവിടെ താമസിക്കുന്നുണ്ട്. ഇവരൊക്കെ ഒരു സുപ്രഭാതത്തിൽ പെരുവഴിയിൽ ആകും.
2014 ലെ തീരദേശ പരിപാലന അതോറിറ്റി സമർപ്പിച്ച പുതിയ പ്ലാൻ പ്രകാരം നിർമ്മാണപ്രവർത്തനങ്ങൾ അനുവദിക്കാവുന്ന മേഖലയിലാണ് ഇതുള്ളത്. ഈ വർഷം ഫെബ്രുവരിയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. മാപ്പിംഗ് സംബന്ധിച്ച് വന്ന വീഴ്ചകളും അലംഭാവവുമാണ് ഇപ്പോഴത്തെ പ്രശ്‌നത്തിലേക്ക് നയിച്ചത്. 2014 മാപ്പിംഗ് തയ്യാറാക്കുന്നതില്‍ കാലതാമസം വന്നതിനെ തുടര്‍ന്ന് കേരള കോസ്റ്റല്‍ സോണ്‍ അതോറിറ്റിയെ ഹൈക്കോടതി ശാസിക്കുക പോലും ഉണ്ടായിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തിലും മാപ്പിംഗ് തയാറാക്കുന്നതിലും വന്ന വീഴ്ചകള്‍ക്ക് തങ്ങളെ ബലിയാടാക്കരുത്.
കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ ബില്‍ഡര്‍ യഥാസമയം അറിയിക്കാതിരുന്നത് മൂലം ഞങ്ങളുടെ ഭാഗം സുപ്രീം കോടതിയില്‍ ഉന്നയിക്കാന്‍ കഴിഞ്ഞില്ല. സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന റിട്ട് ഹര്‍ജിയില്‍ പ്രതീക്ഷയുണ്ടെന്നും ഫ്‌ളാറ്റ് ഉടമകള്‍ പറഞ്ഞു.
മരടിലെ ഫ്ലാറ്റുകൾ ഉടമകൾ തന്നെ പൊളിച്ചുമാറ്റണം എന്നായിരുന്നു നേരത്തെ സുപ്രീംകോടതി ഉത്തവ് പുറപ്പെടുവിച്ചത്. ഫ്ലാറ്റുകൾ പൊളിക്കാൻ ഉടമകൾക്ക് കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു. തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമാണം നടത്തിയെന്ന് കാട്ടി തീരദേശ പരിപാലന അതോറിറ്റി നൽകി ഹർജിയിലാണ് നടപടി. ഒരു മാസത്തിനകം ഫ്ലാറ്റുകൾ പൊളിച്ചു നീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഇതിനെതിരെയാണ് ഫ്ലാറ്റിലെ താമസക്കാർ റിട്ട് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
തുടർന്ന് മരടിൽ ചട്ടം ലംഘിച്ചു നിർമിച്ച ഫ്ലാറ്റുകൾ ആറാഴ്ചത്തേക്ക് പൊളിക്കേണ്ടെന്ന് സുപ്രീംകോടതിയുടെ ഉത്തരവിട്ടിട്ടുണ്ട്. തൽകാലം നിലവിലെ സ്ഥിതി തുടരട്ടെയെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
അനധികൃത നിര്‍മ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് നേരിടാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. അനധികൃത നിർമ്മാണങ്ങളും പ്രളയത്തിന് കാരണമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹോളി ഫെയ്ത്ത്, കായലോരം, ആൽഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ൻ ഹൗസിംഗ് എന്നീ അപ്പാർട്മെന്‍റുകളാണ് പൊളിച്ചു നീക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്.
താമസക്കാര്‍ നല്‍കിയ റിട്ട് ഹര്‍ജി, അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ജൂലൈ ആദ്യയാഴ്ച ഈ ഹർജി വീണ്ടും പരിഗണിക്കും. തങ്ങളുടെ വാദം കേൾക്കാതെയാണ് ഫ്ലാറ്റുകൾ പൊളിക്കാൻ കോടതി ഉത്തരവിട്ടതെന്നാണ് താമസക്കാരുടെ വാദം.