കോഴിക്കോട് :
നാളെ മുതൽ നാല് ദിവസം കോഴിക്കോട് ലളിതകലാ അക്കാദമി ഹാൾ ഹൃദ്യമായൊരു പ്രദർശനത്തിന് സഖ്യം വഹിക്കുകയാണ്. കണ്ണൻ എന്ന് വീട്ടുകാർ വിളിക്കുന്ന ബിമലിന്റെ പേപ്പർ കൊളാഷുകളുടെ പ്രദർശനം അവിടെ അരങ്ങേറുകയാണ്. ഇതിൽ എന്താണിത്ര പ്രത്യേകത എന്നല്ലേ?
പ്രത്യേകതയുള്ള കുട്ടിയായാണ് ബിമലിന്റെ ജനനം. ഡൗൺസ് സിൻഡ്രോം എന്ന ക്രോമസോം പ്രത്യേകതയാണവന്റെത്. ശാരീരികമായ ചില പരിമിതികളോടൊപ്പം ബൗദ്ധികമായ വളർച്ചാ വ്യതിയാനങ്ങളുമുള്ള കുട്ടികളായതു കൊണ്ടു തന്നെ മത്സരാധിഷ്ഠിതമായ പൊതു സമൂഹത്തിൽ സാധാരണ ഗതിയിൽ പിന്തള്ളപ്പെട്ടു പോകാവുന്നവരാണിത്തരം കുട്ടികൾ.
എന്നാൽ എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് ബിമൽ കലാരംഗത്ത് സ്വന്തമായി ഒരു ഇടം കണ്ടെത്തിയിരിക്കുന്നു.നാളെ മുതൽ നാല് ദിവസം കോഴിക്കോട് ലളിതകലാ അക്കാദമി ഹാളിൽ കണ്ണന്റെ കൊളാഷുകളുടെ പ്രദർശനമാണ്. നാൽപ്പതിലധികം കൊളാഷുകളാണ് പ്രദർശനത്തിലുള്ളത്.
“പേപ്പർ ബിറ്റ്സ് “എന്ന് കണ്ണൻ തന്നെ നാമകരണം ചെയ്തിരിക്കുന്ന ഈ സോളോ എക്സിബിഷൻ 20 ന് 5 മണിക്ക് പ്രശസ്ത ഗായകൻ വിധു പ്രതാപ് ആണ് പ്രകാശിപ്പിക്കുന്നത്.
പ്രദർശനത്തിനുള്ള കൊളാഷുകൾ ഒന്നിനൊന്നു മികച്ചതാണ്. പഴയ മാഗസിനിൽ നിന്ന് കീറിയെടുത്ത വളരെ ചെറിയ പേപ്പർ കഷണങ്ങൾ അതിസൂക്ഷ്മമായി ചേർത്തുവച്ച് പുതിയൊരാശയമായി രൂപപ്പെടുത്തിയെടുക്കുന്നു. ഒരു പെയിന്റിംഗിനേക്കാൾ ഏറെ ക്ഷമയും ശ്രദ്ധയും വേണ്ട ഒന്നാണിത്. അത്രയേറെ അർപ്പണ മനോഭാവമില്ലാതെ ഒരാൾക്കും ഇത് ചെയ്തെടുക്കാൻ സാധിക്കില്ലെന്ന് കണ്ണന്റെ പ്രയത്നം നമ്മെ ബോധ്യപ്പെടുത്തും.കഴിഞ്ഞ മാസം കോയമ്പത്തൂരിൽ നടന്ന ഒരു പ്രദർശനത്തിൽ കണ്ണന്റെ ഒരു പെയിന്റിംഗ് 8000 രൂപക്ക് ഒരാൾ സ്വന്തമാക്കിയെന്നത് ഒരംഗീകാരം തന്നെയാണ്.
കണ്ണന്റെ കലാ രചനകൾക്ക് പിന്നിൽ ഉമ്മ ജാസി കാസിമിന്റെയും, പിതാവ് ഷംസുദ്ധീന്റെയും ഉറച്ച പിന്തുണയും പരിശ്രമങ്ങളും കൂട്ടായുണ്ട്.