വിശാഖപട്ടണം:
ആന്ധ്രയിലെ സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തിനുള്ള അരി വിതരണത്തിൽ വൻ തിരിമറി. വിജിലൻസും, സിവിൽ സപ്ലൈസും കൂടി നടത്തിയ സംയുക്ത റെയ്ഡിലാണ് ഇസ്കോൺ (ഇന്റർ നാഷനൽ സൊസൈറ്റി ഫോർ കൃഷ്ണാ കോൺഷ്യസ്നെസ്സ്) എന്ന സന്നദ്ധ സംഘടനയുടെ ഗോഡൗണിൽ നിന്നും കണക്കിൽ പെടാത്ത 19.8 ടൺ അരി പിടിച്ചെടുത്തത്. ഏകദേശം ആറു ലക്ഷത്തോളം രൂപ ഇതിനു വിലമതിക്കും.
ഇസ്കോൺ ഗോഡൗണിൽ നിന്നും സിവിൽ സപ്ലൈസ് ചാക്കിലുള്ള അരി വേറെ ചാക്കുകളിലേക്കു മാറ്റി നിറച്ച് കാക്കിനഡയിലേക്കു മാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു റെയ്‌ഡ്.അവശ്യ വസ്തു സേവന നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ശ്യാം സുന്ദർ പ്രിയ പ്രസാദ് എന്ന ഇസ്കോൺ സന്യാസിയാണ് സർക്കാരിന്റെ അരി തിരിമറി നടത്തി കാക്കിനഡയിലേക്കു മാറ്റാൻ ശ്രമിച്ചതെന്നാണ് വിവരം.
ആന്ധ്രയിലെ സ്കൂളുകളിൽ ഇസ്കോണിന്റെ കീഴിലുള്ള ‘അക്ഷയ പാത്ര’ എന്ന ട്രസ്റ്റ് ഉച്ചഭക്ഷണ വിതരണം ചെയ്യുന്നുണ്ട്. എന്നാൽ തങ്ങളുടെ ഭക്തർ സംഭാവന ചെയ്തിട്ടുള്ള അരിയാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തതാണെന്നാണ് ഇസ്കോൺ അധികാരികൾ വിശദീകരിക്കുന്നത്.
രണ്ടാഴ്ച മുന്നേ കർണ്ണാടകയിലെ സ്കൂളുകളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിൽ നിന്നും സവോളയും, വെളുത്തുള്ളിയും വിശ്വാസത്തിന്റെ പേരിൽ ഇസ്കോൺ ഒഴിവാക്കിയതും വിവാദമായിരുന്നു. തുടർന്ന് രാജ്യമെങ്ങും ആക്ടിവിസ്റ്റുകൾ ഇസ്‌കോണുമായുള്ള ഉച്ചഭക്ഷണ കരാർ അവസാനിപ്പിക്കാൻ കർണ്ണാടക സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.