മാവേലിക്കര:
വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരനെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയും പൊലീസ് ഉദ്യോഗസ്ഥനുമായ അജാസ് മരിച്ചു. സൗമ്യയെ തീകൊളുത്തി കൊല്ലുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസ് ഇതേ തുടര്‍ന്നുണ്ടായ അണുബാധയും ന്യൂമോണിയയും കാരണമാണ് മരിച്ചത്. വയറിനേറ്റ ഗുരുതരമായ പൊള്ളലില്‍ നിന്നുണ്ടായ അണുബാധ അജാസിന്‍റെ വൃക്കകളെ ബാധിച്ചിരുന്നു. ഇതോടെ ഇയാളെ ഡയാലിസിസിന് വിധേയനാക്കി. ഡയാലിസിസ് തുടരുന്നതിനിടെ ന്യൂമോണിയയും ബാധിച്ചു.
ബുധനാഴ്ച രാവിലെ അജാസിനെ പരിശോധിച്ച ഡോക്ടർമാർ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ അവസ്ഥയിൽ അധികം മുന്നോട്ട് പോകില്ലെന്നും അവർ സൂചിപ്പിച്ചിരുന്നു. ബുധനാഴ്ച ഉച്ചയോടെ തന്നെ അജാസിന്റെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചു. വൈകുന്നേരം അഞ്ചരയോടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു
സൗമ്യയോട് തനിക്ക് കടുത്ത പ്രണയമായിരുന്നുവെന്നും വിവാഹം ചെയ്യണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും ആശുപത്രിയില്‍ വച്ച് മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ അജാസ് വെളിപ്പെടുത്തിയിരുന്നു. തന്‍റെ വിവാഹാഭ്യര്‍ത്ഥന നിരന്തരം അവഗണിച്ചതിനെ തുടര്‍ന്നാണ് സൗമ്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും മൊഴിയിൽ അജാസ് പറഞ്ഞിരുന്നു.കഴിഞ്ഞ ദിവസം വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തി മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയെങ്കിലും അജാസിന്റ ആരോഗ്യനില മോശമായതിനാൽ മൊഴി പൂർണ്ണമായി രേഖപെടുത്താൻ സാധിച്ചിരുന്നില്ല.
സൗമ്യയും അജാസും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന മൊഴി സൗമ്യയുടെ അമ്മ നേരത്തെ പൊലീസിന് നല്‍കിയിരുന്നു. അജാസും സൗമ്യയും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു. സൗമ്യ ഒന്നര ലക്ഷം രൂപ അജാസിൽ നിന്ന് കടംവാങ്ങി. ഒടുവിൽ അജാസ് വിവാഹ അഭ്യർത്ഥന തുടങ്ങിയതോടെ ഇരുവരും തമ്മിൽ തർക്കമായി. പണം തിരികെ നൽകാമെന്ന് പറഞ്ഞിട്ടും അജാസ് അത് വാങ്ങാൻ കൂട്ടാക്കിയില്ല.സൗമ്യയും അജാസും തമ്മിലുള്ള ഫോൺ വിളികൾ പരിശോധിച്ച അന്വേഷണസംഘവും കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ശരിവച്ചിരുന്നു. അജാസിൽ നിന്നും ഒരു ആക്രമണം സൗമ്യ പ്രതീക്ഷിച്ചിരുന്നു എന്ന നിഗമനത്തിലാണ് ഇപ്പോൾ പൊലീസ്.
പോസ്റ്റമോർട്ട നടപടികൾ പൂർത്തിയാക്കി സൗമ്യയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിരുന്നു. വിദേശത്തുള്ള ഭർത്താവ് തിരികെ എത്തിയ ശേഷം സംസ്‌കാര ചടങ്ങുകൾ നടത്തും.