Fri. Nov 22nd, 2024
കണ്ണൂർ :

കോടികള്‍ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഓഡിറ്റോറിയത്തിന്റെ പ്രവര്‍ത്തനാനുമതി നഗരസഭ വൈകിപ്പിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു. കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയിലാണ് ആത്മഹത്യ ചെയ്തത്.

സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദൻറെ ഭാര്യ പി കെ ശ്യാമള നഗരസഭാ അധ്യക്ഷയായിട്ടുള്ള കണ്ണൂരിലെ ആന്തൂർ നഗരസഭക്കെതിരായാണ് ആരോപണം ഉയർന്നിട്ടുള്ളത്. 16 കോടിയോളം മുടക്കി നിര്‍മിച്ച ഓഡിറ്റോറിയത്തിന് നിര്‍മാണം പൂര്‍ത്തിയാക്കി കെട്ടിട നമ്പറിന് അപേക്ഷ നല്‍കിയപ്പോള്‍ നഗരസഭ നിരന്തരം അപേക്ഷ മടക്കിയെയെന്നാണ് നിര്‍മാതാക്കളും മറ്റും ആരോപിക്കുന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സാജനെ കൊറ്റാളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നൈജീരിയയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് സമ്പാദിച്ച മുഴുവൻ സമ്പാദ്യവും മുടക്കിയാണ് കണ്ണൂര്‍ ബക്കളത്ത് സാജൻ ‘പാർത്ഥ കണ്‍വെന്‍ഷന്‍ സെന്റര്‍’ നിര്‍മ്മിച്ചത്.

നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെ നിയമലംഘനമുണ്ടെന്ന് പറഞ്ഞ് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സാജൻ നല്‍കിയ പരാതിയില്‍ ഉന്നതല സംഘം നടത്തിയ അന്വേഷണത്തില്‍ നിയമലംഘനമില്ലെന്ന് കണ്ടെത്തിയിരുന്നു. പക്ഷെ വീണ്ടും നഗര സഭ ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ ഉന്നതതല സംഘത്തിന് പരാതി നൽകിയതിന്റെ പ്രതികാരമായി നിസ്സാര കാര്യങ്ങൾ പറഞ്ഞു പ്രവർത്തനാനുമതി നൽകുന്നത് വൈകിപ്പിക്കുകയായിരുന്നു.

ഉദ്യോഗസ്ഥരുടെ നടപടി നഗരസഭ ചെയര്‍പേഴ്‌സന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നും പാര്‍ത്ഥ ബില്‍ഡേഴ്‌സ് മാനേജര്‍ സജീവന്‍ ആരോപിച്ചു.

അതേസമയം സ്വാഭാവിക നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിക്കാനുള്ള സമയമെടുത്തെന്നും അനുമതി വൈകിച്ചില്ലെന്നുമാണ് നഗരസഭയുടെ വിശദീകരണം. സാജന് ഭാര്യയും രണ്ട് മക്കളുമുണ്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *