പാലക്കാട്:
പി.കെ. ശശിക്കെതിരെ ലൈംഗിക ആരോപണത്തിനു പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ. വനിതാ നേതാവിന്റെ രാജി തല്‍ക്കാലം സ്വീകരിക്കേണ്ടെന്ന നിലപാടില്‍ ജില്ലാ നേതൃത്വം. യുവതി നല്‍കിയ കത്തിലെ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്തതിനു ശേഷം മതി തുടര്‍ നടപടി എന്നാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.
പി.കെ. ശശിക്കെതിരെ പരാതി നല്‍കിയതിനു പിന്തുണച്ച ജില്ലാ സെക്രട്ടറിയേറ്റംഗത്തെ തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ചതാണ് ജില്ലാ കമ്മറ്റിയംഗമായ വനിതാ നേതാവ് നേതൃസ്ഥാനം ഒഴിയുന്നതായി അറിയിച്ച് കത്ത് നല്‍കിയത്. നിലവിലെ രീതികളുമായി പൊരുത്തപ്പെട്ട് പോകാന്‍ പറ്റില്ല എന്നും ഇവര്‍ നിലപാടെടുത്തിരുന്നു. സംഭവം വിവാദമായതോടെ യുവതിയുടെ രാജി ഇപ്പോള്‍ സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം. കത്തില്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ജില്ലാ കമ്മറ്റി തീരുമാനിച്ചിട്ടുള്ളത്.
മുതിര്‍ന്ന നേതാക്കള്‍ അനുനയ നീക്കങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ അടുത്ത ആഴ്ച ചേരുന്ന ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മറ്റിക്ക് ശേഷമേ ഇക്കാര്യം ജില്ലാ കമ്മറ്റി ചര്‍ച്ച ചെയ്യൂ. പ്രശ്നത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലും അംഗീകാരവും ജില്ലാ നേതൃത്വത്തിനു വേണം. പ്രധാന അജണ്ടയായി ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യാനും നിലവില്‍ ജില്ലാ നേതൃത്വത്തിന് താല്പര്യമില്ല.
പി.കെ. ശശിക്കെതിരെ പരാതി ഉന്നയിച്ച പെണ്‍കുട്ടിയെ പിന്തുണച്ച ഡി.വൈ.എഫ്.ഐ നേതാവ് എം. ജിനേഷിനെ തരംതാഴ്ത്തി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാ കമ്മറ്റിയിലേക്കാണ് ജിനേഷിനെ തരംതാഴ്ത്തിയത്. എന്നാല്‍ സംഘടനയുടെ ജില്ലാ വൈസ് പ്രസിഡന്റായി പ്രമോഷന്‍ കൊടുത്തത് പി.കെ. ശശി എം.എല്‍.എയ്ക്ക് വേണ്ടി വേണ്ടി വന്നാല്‍ തകര്‍ത്ത് കളയും എന്ന പ്രസംഗത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധനായ വ്യക്തിയായ കെ.സി റിയാസ്സുദ്ദീനെയാണ്.