തൊടുപുഴ:
ജോസ്. കെ മാണിയെ കേരള കോൺഗ്രസ് (എം) ചെയർമാനായി തിരഞ്ഞെടുത്ത നടപടി തൊടുപുഴ മുൻസിഫ് കോടതി സ്റ്റേ ചെയ്തു. ജോസ് കെ. മാണി വിഭാഗത്തോട് എതിർത്ത് നിൽക്കുന്ന രണ്ടു സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ് ചെയർമാൻ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. ഈ ഹർജി പരിഗണിച്ചാണ് തൊടുപുഴ കോടതിയുടെ ഉത്തരവ്.
ചെയർമാൻ എന്ന നാമം പേരിനൊപ്പം ഉപയോഗിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് പദവി ഉപയോഗിച്ച് കത്തയയ്ക്കരുതെന്നും ചെയർമാന്‍റെ ഓഫീസ് ഉപയോഗിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ജോസ് കെ.മാണിയാണ് കേരള കോണ്‍ഗ്രസ്-എമ്മിന്‍റെ ചെയർമാൻ എന്ന് കാണിച്ച് ഒരു വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയിലെ 325 അംഗങ്ങളുടെ പിന്തുണ ജോസിനുണ്ടെന്ന് വ്യക്തമാക്കി മുതിർന്ന അംഗം കെ.ഐ.ആന്‍റണിയാണ് കത്ത് നൽകിയിരിക്കുന്നത്.
ഇന്നലെ കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ചേർന്നാണ് ജോസ് കെ. മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തത്. ചെയർമാൻ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ മറികടന്നാണെന്നും സാധൂകരണമില്ലെന്നും ജോസഫ് പക്ഷം ആരോപിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി വിളിക്കാൻ വർക്കിംഗ് ചെയർമാനെ അധികാരമുള്ളൂ എന്നും പാർട്ടി ഭരണഘടന അനുസരിച്ചല്ല ജോസ് കെ.മാണി വിഭാഗം യോഗം വിളിച്ചതെന്നുമായിരുന്നു ജോസഫ് വിഭാഗത്തിന്റെ വാദം. തുടർന്നാണ് ജോസഫ് വിഭാഗം കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങിയിരിക്കുന്നത്.