വെനസ്വേല:
വെനസ്വേലയില്‍ വീണ്ടും പുതിയ നോട്ടുകള്‍ അച്ചടിക്കാൻ തീരുമാനമെടുത്തു. ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് പുതിയ നോട്ടുകള്‍ ഇറക്കാന്‍ തയ്യാറാവുന്നത്. വിലക്കയറ്റം ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കില്‍ എത്തി നില്ക്കുന്നതിനാല്‍ പണത്തിന്റെ ലഭ്യത ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നതെന്ന് വെനസ്വേലന്‍ സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു. പണമിടപാടുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും വാണിജ്യ ഇടപാടുകള്‍ സുഗമമാക്കുവാനും വേണ്ടി 10,000, 20,000, 50,000 നോട്ടുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
കളളക്കടത്ത് തടയുകയെന്ന ഉദ്ദേശത്തോടെ വെനസ്വേലയില്‍ കഴിഞ്ഞ വര്‍ഷം നോട്ടുകള്‍ നിരോധിച്ചിരുന്നു. ഈ നീക്കം കറന്‍സിയുടെ മൂല്യത്തകര്‍ച്ചയുടെ ആക്കം കൂട്ടി. 2018-ല്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോ മിനിമം വേതനം 30,000 ശതമാനമായി ഉയര്‍ത്തിയിരുന്നു. എന്നിട്ടും ഒരു കിലോ ഇറച്ചി വാങ്ങാന്‍പോലും ആ പണം തികയുമായിരുന്നില്ല. 2018-ല്‍ 500 ബൊളിവര്‍ നോട്ടായിരുന്നു ഏറ്റവും വലുത്. ഇന്ന് അതുകൊണ്ട് ഒരു മിട്ടായിപോലും വാങ്ങാന്‍ കഴിയില്ല. മെയ് മാസത്തിലെ കണക്കുപ്രകാരം പണപ്പെരുപ്പം 8,15,000 ശതമാനമാണ്. മദൂറോയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയതെന്നാണ് ആരോപണങ്ങള്‍.