കേരള ലളിതകലാ അക്കാഡമി പ്രഖ്യാപിച്ച കാർട്ടൂൺ അവാർഡ് മതനിന്ദയുടെ പേരിൽ വിവാദത്തിലായ പോലെ സമാനമായ സംഭവങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടെന്നു മേനി നടിച്ചിരുന്ന അമേരിക്കയിലും അരങ്ങേറുന്നു. അമേരിക്കയിലെ പ്രമുഖ പത്രമായ ന്യൂയോര്‍ക്ക് ടൈംസ് ഏപ്രിലില്‍ പ്രസിദ്ധീകരിച്ച ബെഞ്ചമിന്‍ നെതന്യാഹുവിനെക്കുറിച്ചുള്ള കാര്‍ട്ടൂണ്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയതിന് പിന്നാലെ അന്താരാഷ്ട്ര എഡിഷനില്‍ രാഷ്ട്രീയ കാർട്ടൂണുകളുടെ പ്രസിദ്ധീകരണം തന്നെ നിർത്താൻ തീരുമാനിച്ചിരിക്കുകയാണ്.
ജൂതവിഭാഗത്തിന്റെ പരമ്പരാഗത തലപ്പാവായ ‘കിപ്പ’ ധരിച്ചുപോകുന്ന അന്ധനായ ട്രംപിന് കാവല്‍ നായയായി പോകുന്ന നെതന്യാഹുവായിരുന്നു കാര്‍ട്ടൂണിലുണ്ടായിരുന്നത്. ആ കാർട്ടൂണിലെ രാഷ്ട്രീയത്തിനപ്പുറത്തു കാര്‍ട്ടൂണിലെ സെമറ്റിക് വിരുദ്ധതയാണ് വലിയ രീതിയില്‍ ചർച്ചയായതും പ്രതിഷേധങ്ങൾക്കു ഇടയാക്കിയതും. ഒടുവിൽ ഗത്യന്തരമില്ലാതെ പത്രം ഖേദം പ്രകടിപ്പിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ജൂലൈ ഒന്ന് മുതൽ അന്താരാഷ്ട്ര എഡിഷനിലെ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിതായി എഡിറ്റര്‍ ജെയിംസ് ബെന്നെറ്റ് അറിയിച്ചത്. ചരിത്രത്തിൽ ആദ്യമായി 2018 ൽ രാഷ്ട്രീയ കാർട്ടൂണിനുള്ള പുലിറ്റ്സർ അവാർഡ് ലഭിച്ചത് ന്യൂയോർക്ക് ടൈംസിനു ആയിരുന്നു. സിറിയൻ അഭയാർത്ഥി പ്രശ്നമായിരുന്നു അതിലെ പ്രമേയം.
മാധ്യമങ്ങള്‍ക്ക് നേരെയുണ്ടാകുന്ന രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും സമൂഹമാധ്യമങ്ങളിലെ ആള്‍ക്കൂട്ട വിമര്‍ശനവും ഉത്കണ്ഠ ഉണ്ടാക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസിലെ കാര്‍ട്ടൂണിസ്റ്റ് പാട്രിക് ചപ്പാത്തേ പറഞ്ഞു. ട്രംപിനെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകള്‍ സൃഷ്ടിച്ചതുകൊണ്ട് മാത്രം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ നിരവധി കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ജോലി നഷ്ടമായി. നമ്മളും പേടിക്കേണ്ടിയിരിക്കുന്നു എന്നും ചപ്പാത്തേ കുറിച്ചു.
‘വിശ്വാസം രക്ഷതി’ എന്ന കാര്‍ട്ടൂണിനായിരുന്നു ലളിതകല അക്കാദമിയുടെ ഇത്തവണത്തെ കാർട്ടൂൺ അവാര്‍ഡ്. ബലാൽസംഗ കേസിൽ പ്രതിയായ മുൻ ജലന്തർ ബിഷപ്പ് ഫ്രാങ്കോയെ ഒരു കോഴിയായി ചിത്രീകരിച്ച്, കയ്യിലെ മെത്രാന്റെ അംശ വടിയിൽ സ്ത്രീയുടെ അടിവസ്ത്രം കൊളുത്തിയിട്ട നിലയിൽ ‘ഹാസ്യ കൈരളി’ മാസികയിൽ പ്രസിദ്ധീകരിച്ചതായിരുന്നു പ്രസ്തുത കാർട്ടൂൺ.
എന്നാല്‍ കാര്‍ട്ടൂണ്‍ മതവിശ്വാസത്തെ അവഹേളിക്കുന്നതാണെന്ന പരാതിയുമായി കെ.സി.ബി.സി. രംഗത്തെത്തി. ശബരിമല വിശ്വാസ വിഷയത്തിൽ തൊട്ടു തിരഞ്ഞെടുപ്പിൽ കൈ പൊള്ളി ഇരിക്കുന്ന ഇടതു സർക്കാർ ഈ പരാതി കേട്ട പാതി കേൾക്കാത്ത പാതി അവാർഡ് പുനഃപരിശോധന നടത്താൻ തീരുമാനിക്കുകായായിരുന്നു. “ക്രിസ്ത്യൻ ന്യൂനപക്ഷം തിരഞ്ഞെടുപ്പിൽ ഒപ്പം നിന്നില്ല എന്ന മാർക്സിസ്റ്റു പാർട്ടിയുടെ വിലയിരുത്തലാണോ കാർട്ടൂൺ പുരസ്‌കാര പ്രഖ്യാപനത്തിന്റെ പിന്നിലുള്ള പ്രചോദനം?” എന്ന കെ.സി.ബി.സിയുടെ ചോദ്യത്തിന് മുന്നിൽ സർക്കാരിന് മുട്ടിടിക്കുകയായിരുന്നു.
“പുരസ്‌കാരം ലഭിച്ച കാര്‍ട്ടൂണിസ്റ്റിന്റെ കഴിവിനെ സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷെ, മതപ്രതീകങ്ങളെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ്” എന്ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ. ഇതേ മത നിന്ദയുടെ പേരിൽ ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോഴും, “മീശ” നോവലിനെതിരെ കാമ്പയിൻ നടന്നപ്പോളും ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ട പുരോഗമനക്കാരും, സാംസ്‌കാരിക നായകരും ഇന്ന് നിശബ്ദമാണ്.
സമകാലിക പ്രസക്തമായ സാമൂഹികവിഷയങ്ങളെ ഹാസ്യാത്മകമായി ചിത്രീകരിക്കുകയാണ് കാർട്ടൂണിലൂടെ ചെയ്യുന്നത്. മന്ത്രിമാരും സാമുദായിക നേതാക്കളും കലാകാരന്മാരുമെല്ലാം കാർട്ടൂണിൽ കാലാകാലങ്ങളിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത തരം അസഹിഷ്ണുത മനോഭാവം ഇക്കാലത്ത് സംഘടിത ശക്തികളായ മത സംഘടനകൾ കൈക്കൊള്ളുമ്പോൾ അത് കലാകാരന്റെ സർഗ്ഗപ്രതിഭയ്ക്കു തന്നെ കൂച്ചു വിലങ്ങിടുകയാണ്. പല കലാകാരന്മാരും അനുബന്ധമായി വരുന്ന വയ്യാവേലികൾ പേടിച്ചു ഇത്തരം രചനകളിൽ നിന്നും മാറിക്കൊണ്ടിരിക്കുന്നു.
ഒരു കലാസൃഷ്ടി പ്രസിദ്ധീകരിക്കണമെങ്കിൽ പള്ളീലച്ചന്റെയും, തന്ത്രിയുടെയും, മുക്രിയുടെയും അംഗീകാരം നേടണം എന്നത് സാക്ഷര കേരളത്തിനു അപമാനം തന്നെയാണ്. മത സാമുദായിക സംഘടനകൾ മാത്രമല്ല ഭരണാധികാരികളും ഇത്തരം വിമർശനങ്ങൾ അസഹിഷ്ണുതയോടെ പ്രതികരിക്കുന്ന രീതിയിലേക്ക് മാറി എന്നതാണ് മറ്റൊരു ദുരവസ്ഥ. അത് ട്രംപ് ആയാലും, മോദിയായാലും, ആദിത്യനാഥ് ആയാലും എന്തിനു പിണറായി വിജയനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ടാൽ പോലും അറസ്റ്റിലാകുന്ന അവസ്ഥ നിലവിലുണ്ട്. മുഖ്യമന്ത്രിക്കെതിരെയുള്ള ഒരു ട്വീറ്റ് ഷെയർ ചെയ്തതിനു യു.പിയിൽ ഒരു മാധ്യമപ്രവർത്തകനെ രണ്ടാഴ്ചയാണ് റിമാന്റിൽ വെച്ചത്.
ഇത്തരത്തിൽ പേടിച്ചും പ്രീതിപ്പെടുത്തിയും മാത്രമേ ഒരു ജനാധിപത്യ സർക്കാരിന് പോലും ഭരിക്കാൻ സാധിക്കൂ എന്നുള്ള അവസ്ഥയുള്ളപ്പോൾ ഇനിയുള്ള കാലം ആവിഷ്കാര സ്വാതന്ത്ര്യം ഒരു സ്വപ്നമായി അവശേഷിക്കുമോ? ഇത്തരത്തിൽ സമൂഹത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള കൂച്ചു വിലങ്ങുകൾ അതിജീവിക്കുകയെന്ന ശ്രമകരമായ ഉത്തരവാദിത്വമാണ് ജനാധിപത്യ സംവിധാനങ്ങൾ കൈവരിക്കേണ്ടത്.