#ദിനസരികള്‍ 787
വരകളേയും വാക്കുകളേയും ഭയക്കുമ്പോള്‍ എന്ന ലേഖനത്തില്‍ ഡോ. ജെ പ്രഭാഷ് എഴുതുന്നു. “ഭരണാധികാരികള്‍ വാക്കുകളേയും വരകളേയും ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയും അവയെ ബഹുമാനിക്കുകയും ചെയ്യേണ്ടവരാണ്, പ്രത്യേകിച്ച് ജനാധിപത്യത്തില്‍. കാരണം അവ പൌരസ്വാതന്ത്ര്യത്തിന്റെ നിദാനമാണ്. എന്നാല്‍ വാക്കുകളെ/വരകളെ ബഹുമാനിക്കേണ്ടവര്‍ അതിനെ അസഹിഷ്ണുതയോടെ വീക്ഷിച്ചാല്‍ എന്താവും ഫലം ?” മുഴക്കങ്ങള്‍ ഏറെയുള്ള ഈ ചോദ്യത്തില്‍ ജനാധിപത്യത്തില്‍ ആവിഷ്കാരങ്ങളോട് നാം സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണം എന്നാണ് പ്രഭാഷ് ചൂണ്ടിക്കാണിക്കുന്നത്. വിയോജിക്കുവാനും എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ വിസ്മയകരമായ ചൈതന്യമായി നിലകൊള്ളുന്നത്. അതിന് കോട്ടം വരുന്ന രീതിയിലുള്ള ഏതൊരു നീക്കവും എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്.
കേരള ലളിത കലാ അക്കാദമി സമ്മാനത്തിനായി തിരഞ്ഞെടുത്ത കാര്‍ട്ടൂണിനെച്ചൊല്ലി വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിര്‍വരമ്പുകളെ നാം വീണ്ടും ചര്‍ച്ചക്കെടുക്കേണ്ടി വരുന്നു. പ്രസ്തുത കാര്‍ട്ടൂണ്‍ ഒരു മതവിഭാഗത്തിന്റെ വികാരങ്ങളെ മുറിപ്പെടുത്തുന്നതാണെന്നും അതുകൊണ്ടുതന്നെ അതിന് അവാര്‍ഡു നല്കിയത് ശരിയായില്ല എന്നുമുള്ള വിമര്‍ശനങ്ങളെ മുന്‍നിറുത്തി അക്കാദമിയോട് തീരുമാനം പുനപരിശോധിക്കാന്‍ സാംസ്കാരിക വകുപ്പുമന്ത്രി എ. കെ. ബാലന്‍ നിര്‍ദ്ദേശിച്ചു. സത്യം പറഞ്ഞാല്‍ മന്ത്രിയുടെ ഈ ഇടപെടലോടുകൂടിയാണ് കാര്‍ട്ടൂണ്‍ വിഷയം പൊതുജനങ്ങളുടെ വ്യാപകമായ ശ്രദ്ധയിലേക്ക് വരുന്നത്.
വിശ്വാസികളുടെ മതപരമായ വികാരങ്ങളെ മുറിപ്പെടുത്തുന്നതുകൊണ്ട് കാര്‍ട്ടൂണ്‍ പുരസ്കാരങ്ങള്‍ പുനപരിശോധിക്കാന്‍ നിര്‍ദ്ദേശം നല്കി എന്നാണ് മന്ത്രിതന്നെ വ്യക്തമാക്കിയിരിക്കുന്നത്. അക്കാദമികളുടെ ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെങ്കിലും ഇത്തരമൊരു വിവാദമുണ്ടായ പശ്ചാത്തലത്തിലാണ് ഈ നിര്‍ദ്ദേശം നല്കപ്പെട്ടത് എന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
ഒരു തരത്തിലും ന്യായീകരിക്കപ്പെടേണ്ട ഒരു നിലപാടല്ല ഇത്. എന്നുമാത്രവുമല്ല സര്‍ക്കാര്‍ ഇത്തരം ജനാധിപത്യ അവകാശങ്ങളില്‍ കൈകടത്തുന്നത് തെറ്റായ കീഴ് വഴക്കങ്ങള്‍ സൃഷ്ടിക്കുന്നതുകൂടിയാണെന്ന് പറയാതെ വയ്യ. ഇടതുപക്ഷം ഭരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ പ്രത്യേകിച്ചും.
ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിഷപ്പ് ജോസഫ് കുണ്ടുകുളത്തിന്റെ നേതൃത്തില്‍ കേരളത്തിലാകെ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നുവല്ലോ? അന്ന് കൃസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ പ്രീതി നേടുന്നതിനു വേണ്ടി സമസ്ത വലതുപക്ഷവും നിരോധനത്തെ അനുകൂലിച്ചപ്പോഴും നിയമസഭക്കകത്തും പുറത്തും നാടകത്തെ ന്യായീകരിക്കുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്തത് ഇടതുപക്ഷമാണെന്ന് നാം മറക്കരുത്. ആവിഷ്കാരങ്ങളുടെ പേരില്‍ എം.എഫ്. ഹുസൈനെ സംഘപരിവാരം ഒറ്റക്കെട്ടായി ആക്രമിച്ചപ്പോള്‍ നാം, ഇടതുപക്ഷം, പ്രതിരോധം തീര്‍ത്തതും വിസ്മരിക്കരുത്.
അങ്ങനെ എത്രയെത്ര സംഭവങ്ങള്‍? നിര്‍മാല്യം എന്ന സിനിമ ഓര്‍മയില്ലേ? എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ആ ചിത്രത്തില്‍ പി. ജെ. ആന്റണി അവതരിപ്പിച്ച വെളിച്ചപ്പാട് അവസാനം ഭഗവതിയുടെ പ്രതിഷ്ഠയിലേക്ക് ആഞ്ഞുതുപ്പുന്ന ഒരു രംഗമുണ്ട്. ഇന്നായിരുന്നുവെങ്കില്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തല്‍ എന്ന ഗണത്തില്‍ പെടുത്തി നാം അതിനെ നിരോധിക്കുമായിരുന്നോ? ഇന്ന് നാം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതിനെക്കാള്‍ എത്രയോ രൂക്ഷമായിരുന്നു ആ രംഗങ്ങള്‍?
ടി. എം. കൃഷ്ണയുടെ കച്ചേരിക്കെതിരെ സംഘപരിവാരം രംഗത്തു വന്നപ്പോള്‍ അദ്ദേഹത്തെ സംരക്ഷിച്ചുകൊണ്ട് ദല്‍ഹി ഗവണ്‍മെന്റ് സംഗീത പരിപാടി നടത്തിയതുകൂടി ഓര്‍മിക്കുക. അന്ന് കലാകാരന്മാരുടേയും കലയുടേയും അന്തസ്സ് സംരക്ഷിക്കുക എന്ന ദൌത്യമാണ് തങ്ങള്‍ ഏറ്റെടുക്കുന്നതെന്നാണ് എ.എ.പിയുടെ സാംസ്കാരിക വകുപ്പു മന്ത്രി മനീഷ് സിസോദിയ പ്രസ്താവിച്ചത്. അത്രയെങ്കിലും ആത്മാര്‍ത്ഥത ഇവിടെ ഇടതുപക്ഷം കാണിക്കേണ്ടതല്ലേ?
മറ്റൊരു അധിക്ഷേപാര്‍ഹമായ നിലപാടുകൂടി കാര്‍ട്ടൂണിനെച്ചൊല്ലി ഇവിടെ നടക്കുന്നുവെന്നത് കാണാതിരുന്നുകൂട. അത് കാര്‍ട്ടൂണ്‍ മികവു പുലര്‍ത്തുന്നില്ല എന്ന വാദമാണ്. എന്നാല്‍ അത്തരത്തിലൊരു ആക്ഷേപമുന്നയിച്ചുകൊണ്ടല്ല ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതെന്ന് എ.കെ. ബാലന്‍ വ്യക്തമാക്കിയിട്ടുണ്ട്. ടി. എം. കൃഷ്ണയുടെ പാട്ട് ഇഷ്ടമില്ലാത്തവരുണ്ട്. അതുകൊണ്ട് അദ്ദേഹം പാടരുത് എന്ന് ആരെങ്കിലും പറഞ്ഞാല്‍ നാം വകവെച്ചു കൊടുക്കാമോ?
നമുക്കിഷ്ടമില്ല എന്നതുകൊണ്ട് അതു ചെയ്യരുത് എന്ന് നിരോധിക്കുന്നതിനെ ജനാധിപത്യമെന്നല്ല ഫാസിസമെന്നാണ് പറയുക. ഇടതുപക്ഷത്തെ സാംസ്കാരിക പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകേണ്ടതുണ്ട് എന്ന് കാര്‍ട്ടൂണിന്റെ മികവിനെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ കാണുമ്പോള്‍ തോന്നിപ്പോകുന്നു. എന്നുമാത്രവുമല്ല അത്തരത്തിലുള്ള സമീപനം പ്രഗല്ഭരാണെന്ന് വിലയിരുത്തി നാം നിശ്ചയിച്ച ജൂറിമാരെക്കൂടി അധിക്ഷേപിക്കുന്നതു കൂടിയാണ്. പ്രധാനമായും മതപരമായ മുറിപ്പെടുത്തലുകളാണ് പുനഃപരിശോധനാ നിര്‍ദ്ദേശത്തിന് കാരണമായിരിക്കുന്നതെന്നാണ് മന്ത്രി തന്നെ പറഞ്ഞിരിക്കുന്ന സന്ദര്‍ഭത്തില്‍ പ്രത്യേകിച്ചും.
മതസമൂഹങ്ങള്‍ക്കിടയിലുള്ള ധ്രുവീകരണങ്ങളെ ശക്തിപ്പെടുത്തുമെന്നതാണ് മറ്റൊരു ദയനീയമായ വസ്തുത. സംഘപരിവാരത്തിന് മുദ്രാവാക്യമുണ്ടാക്കിക്കൊടുക്കാനുള്ള അര്‍ത്ഥശൂന്യവും അപലപനീയവുമായ ഒന്നാണ് പുനപരിശോധനാ നിര്‍ദ്ദേശമെന്നതു കൂടി നാം കാണാതിരുന്നുകൂട. ഇപ്പോള്‍ത്തന്നെ മാധ്യമങ്ങള്‍ വഴിയേ അത്തരത്തിലുള്ള പ്രചാരണങ്ങള്‍ അക്കൂട്ടര്‍ നടത്തിക്കൊണ്ടിരിക്കുന്നു.
ഇടതുപക്ഷം ഇടതുപക്ഷമാകേണ്ട സന്ദര്‍ഭമാണിത്. മതസ്ഥാപനങ്ങളെ തൃപ്തിപ്പെടുത്തിക്കൊണ്ട് മുന്നോട്ടു പോകാനുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടരുത്. കൃത്യവും വ്യക്തവുമായ മതനിരപേക്ഷ നിലപാടുകളാണ് സ്വീകരിക്കേണ്ടത്. ഇന്ന് മതത്തിന് ഒരു കാര്‍ട്ടൂണില്‍ ഇടപെടാനുള്ള സ്വാതന്ത്യം നാം അനുവദിച്ചാല്‍ അതേ സ്വാതന്ത്ര്യം ഉപയോഗിച്ച് നാളെ മതം ഭരണഘടനയിലും ഇടപെട്ടുതുടങ്ങുമ്പോള്‍ നമുക്ക് മിണ്ടാതിരിക്കേണ്ടി വരും. അതുകൊണ്ട് അക്കാദമി നിശ്ചയിച്ച തീരുമാനവുമായി മുന്നോട്ടു പോകാന്‍ നാം അവരെ അനുവദിക്കേണ്ടതുണ്ട്.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.