Mon. Dec 23rd, 2024
ന്യൂഡൽഹി:

 

മെയ് 26 ന് എവറസ്റ്റ് കൊടുമുടി കീഴടക്കി എന്ന് അവകാശപ്പെട്ട പർവ്വതാരോഹകരായ മൂന്ന് ഇന്ത്യക്കാരെക്കുറിച്ചുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അവർക്കെതിരായി ഒരു അന്വേഷണം നടത്താൻ നേപ്പാൾ സർക്കാർ തീരുമാനിച്ചു.

സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിയ ഹരിയാനക്കാരായ വികാസ് റാണ, ശോഭ ബൻ‌വാല, അങ്കുശ് കസാന, എന്നിവരോട്, അവർ കൊടുമുടിയുടെ മുകളിൽ എത്തിയതിന്റെ സാക്ഷ്യപത്രങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊടുമുടിയുടെ 1300 മീറ്റർ താഴെയുള്ള ക്യാമ്പ് – 3 പോലും അവർ കടന്നുപോയിട്ടില്ല എന്ന് കാഠ്‌മണ്ഡുവിലെ ഒരു ദിനപത്രമായ ദി ഹിമാലയൻ ടൈംസ്, പ്രസ്താവിച്ചതിനു പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവായത്.

കൊടുമുടിയുടെ മുകളിൽ നിന്നുള്ള, ആ മൂന്നുപേരുടേയും ഒരു ഫോട്ടോ പോലും ഇല്ലാത്തതും, എവറസ്റ്റ് കീഴടക്കാൻ എത്തുന്നവരെ അനുഗമിക്കാൻ തയ്യാറായി നിൽക്കുന്ന ഷേർപകളെക്കുറിച്ച് അവർക്കൊന്നും പറയാനില്ലാത്തതും, നേപ്പാൾ ടൂറിസം വകുപ്പ് മൂന്നുപേർക്കും ഒരു സർട്ടിഫിക്കറ്റുപോലും നൽകിയിട്ടില്ലാത്തതുമാണ് ദിനപത്രം അങ്ങനെയൊരു നിഗമനത്തിൽ എത്താൻ കാരണമായത്.

ഷേർപകളുടെ പേരു ചോദിച്ചപ്പോൾ അവർക്ക് ഓർത്തെടുക്കാൻ പോലും കഴിഞ്ഞില്ലെന്ന് പത്രവാർത്തയിൽ പറയുന്നു. അവരും നാല് ഷേർപകളും മാത്രമാണ് മെയ് 26 ന് ഹിമാലയത്തിൽ കയറിയത് എന്ന് മൂന്നു പേരും അവകാശപ്പെട്ടെന്നും പത്രം പറയുന്നു.

കൊടുമുടിയുടെ മുകളിൽ എത്തി എന്ന അവരുടെ വാദം സ്ഥാപിക്കാനായി, ഫോട്ടോകളോ, വീഡിയോകളോ, മറ്റെന്തെങ്കിലും തെളിവുകളോ ഹാജരാക്കാൻ, മൂന്നു പേരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നേപ്പാൾ ടൂറിസം വകുപ്പിന്റെ ഡയറക്ടർ മീര ആചാര്യ പ്രിന്റിനോടു പറഞ്ഞു.

മൂന്നു പേരേയും എത്തിച്ക ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, അവരെ കൊടുമുടിയുടെ മുകളിലേക്ക് അനുഗമിച്ച ഷേർപകളോട് സത്യം തുറന്നു പറയാൻ അവശ്യപ്പെട്ടിട്ടുണ്ടെന്നും, ഞങ്ങളുടെ തീരുമാനം അടുത്ത ദിവസങ്ങളിൽത്തന്നെ അറിയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

കൊടുമുടി കീഴടക്കി എന്ന് വ്യാജവാദം ഉന്നയിച്ച് ഇന്ത്യക്കാർ എന്നൊരു തലക്കെട്ടോടുകൂടെ അമേരിക്കക്കാരനായ പർവ്വതാരോഹകൻ അലൻ ആർനറ്റിന്റെ ബ്ലോഗിൽ കുറിപ്പ് കണ്ടതിനെത്തുടർന്നാണ് ഈ സംഭവം ജനശ്രദ്ധയിൽപ്പെട്ടത്.

രണ്ടു വർഷം മുമ്പ് തങ്ങളാണ് എവറസ്റ്റ് കീഴടക്കിയ ആദ്യദമ്പതികൾ എന്ന് അവകാശപ്പെട്ടവരുടെ വാദവും വ്യാജമാണെന്നു തെളിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *