ആഗ്ര:
ഉത്തർപ്രദേശ് ബാർ കൗൺസിൽ അധ്യക്ഷ കോടതി പരിസരത്ത് വെടിയേറ്റു മരിച്ചു. ബാർ കൗൺസിൽ അധ്യക്ഷ ധർവേഷ് യാദവാണ് കൊല്ലപ്പെട്ടത്. രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ധർവേഷ് യാദവ് ബാർ കൗൺസിൽ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്.
സഹപ്രവർത്തകനും ദീർഘ കാല സുഹൃത്തുമായ അഭിഭാഷകൻ മനീഷ് ശർമയാണ് വെടിവച്ചത്. ഇയാൾ സ്വയം വെടിയുതിർത്ത് ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തു. ധർവേഷ് യാദവിനെയും മനീഷ് ശർമയെയും ആഗ്രയിലെ പുഷ്പാഞ്ജലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ധർവേഷ് യാദവിനെ രക്ഷിക്കാനായില്ല. മനീഷ് ശർമ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
ആഗ്രയിലെ ജില്ലാ കോടതി പരിസരത്താണ് വെടിവയ്പുണ്ടായത്. ബുധനാഴ്ച ഉച്ചക്ക് 2.30 ന് ബാർ കൗൺസിൽ ചേംബറിൽ അഭിഭാഷകർ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ സംബന്ധിക്കാൻഎത്തിയതായിരുന്നു ധർവേഷ് യാദവ്. പരിപാടി നടന്നുകൊണ്ടിരിക്കെ സദസിലേക്ക് ചാടി വീണ മനീഷ് ശർമ ധർവേഷിനു നേർക്ക് വെടിയുതിർത്തു. മൂന്നു തവണയാണ് വെടിയുതിർത്തത്. പിന്നീട് ഇയാൾ സ്വയം നിറയോഴിച്ച് ജീവനൊടുക്കാനും ശ്രമിച്ചു. ഇരുവരേയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറ്റാ സ്വദേശിനിയായ ധർവേഷ് യുപി ബാർ കൗൺസിൽ അധ്യക്ഷയാകുന്ന ആദ്യവനിതയാണ്. ബാർ കൗൺസിൽ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആഗ്ര കോടതിയിൽ ആദ്യമായാണ് ധർവേഷ് എത്തിയത്.
സംഭവത്തെ തുടര്‍ന്ന് യോഗം ചേര്‍ന്ന ഔദ ബാര്‍ അസോസിയേഷന് ധര്‍വേശിന്റെ മരണത്തെ അപലപിച്ചു. പ്രതിഷേധ സൂചകമായി നാളെ മുതല്‍ ജോലി നിര്‍ത്തി വയ്ക്കുമെന്നും അസോസിയേഷന് അറിയിച്ചു. കൊലപാതകത്തില്‍ പ്രത്യേക അന്വേഷണം വേണമെന്നും ദാർവീഷിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ സഹായം അനുവദിക്കണമെന്നും അസോസിയേഷന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. .